News
നടിയെ ആക്രമിച്ച കേസ്; ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍
നടിയെ ആക്രമിച്ച കേസ്; ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍
നടിയെ ആക്രമിച്ച കേസില്‍ ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചു. വിചാരണക്കോടതിയില്‍ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തത് അലക്ഷ്യമായാണ്. 2021 ജൂലായ് 19ന് മെമ്മറി കാര്‍ഡ് ശിരസ്തദാര്‍ താജുദ്ദീനെ ഏല്‍പ്പിച്ചത് ഹണി എം വര്‍ഗീസ് ആണ്. ഇത് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്. മെമ്മറി കാര്‍ഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
2019 നവംബര്‍ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കുമ്പോള്‍ മൊബൈല്‍ ഫോണോ ദൃശ്യം പകര്‍ത്താന്‍ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എഫ്എസ്എല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാര്‍ഡ് പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേസില്‍ പ്രതിയായ ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങള്‍ കാണിച്ചത്.
എല്ലാം വ്യക്തമായി അറിയുന്ന ഹണി എം വര്‍ഗീസാണ് മെമ്മറി കാര്‍ഡ് ശിരസ്തദാര്‍ താജുദ്ദീനെ ഏല്‍പ്പിച്ചത്. താജുദ്ദീന്‍ സ്വന്തം മൊബൈലില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ച മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി. അതേസമയം, വിചാരണക്കോടതിയില്‍ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തതില്‍ ദുരൂഹതയെന്ന് അതിജീവിത ആരോപിക്കുന്നു.
2021 ജൂലൈ 19ന് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്. വിചാരണ കോടതിയിയിലെ ശിരസ്തദാര്‍ താജുദ്ദീന്റേതാണ് ഈ വിവോ ഫോണെന്ന് കണ്ടെത്തിയതാകട്ടെ ജഡ്ജ് ഹണി എം വര്‍ഗീസ്. വിചാരണ കോടതിയില്‍ ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയാണ് മെമ്മറി കാര്‍ഡ് ഫോണില്‍ ഉപയോഗിച്ചത്.
ഈ മൊബൈല്‍ ഫോണ്‍ 2022 ഫെബ്രുവരിയില്‍ തൃശ്ശൂര്‍എറണാകുളം ട്രെയിന്‍ യാത്രയ്ക്കിടയില്‍ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി. ഈ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് അതിജീവിതയുടെ ആക്ഷേപം. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ പരിശോധിച്ചെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബ് കണ്ടെത്തിയിരുന്നത്. 2022 ജൂലായ് 11നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതാകട്ടെ ആഗസ്റ്റിലും. വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചെന്ന വാര്‍ത്ത അറിഞ്ഞ് താന്‍ ഫോണ്‍ പരിശോധിച്ചെന്നാണ് താജുദ്ദീന്റെ മൊഴി.
2022 ഫെബ്രുവരിയില്‍ നഷ്ടമായ ഫോണ്‍ ആഗസ്റ്റില്‍ എങ്ങനെ പരിശോധിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്. മാത്രവുമല്ല ഫോണ്‍ നഷ്ടമായിട്ടും പൊലീസില്‍ പരാതി നല്‍കാതിരുന്നത് സംശയാസ്പ്ദമാണെന്നും ആക്ഷേപമുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തണമെങ്കില്‍ ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നിരീക്ഷണത്തില്‍ പൊലീസ് അന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എട്ടാം പ്രതി ദിലീപ് അപ്പീല്‍ നല്‍കിയിരുന്നു. ഇത് ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്നും അത് നിയമവിരുദ്ധമാണെന്നും എട്ടാം പ്രതി ദിലീപ് കോടതിയെ അറിയിച്ചു.
തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. പ്രധാന ഹര്‍ജിക്കൊപ്പമുള്ള അനുബന്ധ ഉത്തരവാണ് സിംഗിള്‍ ബെഞ്ചിന്റേത് എന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുപടി. കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു.
വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ രേഖയല്ലെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം. അന്വേണ റിപ്പോര്‍ട്ട് പോലെ തന്നെ റിപ്പോര്‍ട്ടിനാധാരമായ മൊഴികളും ലഭിക്കേണ്ടതും നിയമപരമായ അവകാശമാണെന്നാണ് അതിജീവിതയുടെ നിലപാട്. മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതിനെ എതിര്‍ക്കാന്‍ എട്ടാം പ്രതി ദിലീപിന് അവകാശമില്ല. മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലെ നടപടിക്രമങ്ങളില്‍ എട്ടാംപ്രതി കക്ഷിയല്ല.