Connect with us

ആ സാധനം കഴിച്ച് തുടങ്ങിയതോടെ ഛർദിൽ തുടങ്ങി… ചോരയാണ് ഛർദിക്കുന്നത്; അകത്തു കിടന്നതും പോയി പിന്നെ കുടൽ കൂടി പുറത്തു വരുന്ന തരത്തിൽ ചോര ഛർദിക്കുകയാണ്; തുറന്ന് പറഞ്ഞ് സലിം കുമാർ

Actor

ആ സാധനം കഴിച്ച് തുടങ്ങിയതോടെ ഛർദിൽ തുടങ്ങി… ചോരയാണ് ഛർദിക്കുന്നത്; അകത്തു കിടന്നതും പോയി പിന്നെ കുടൽ കൂടി പുറത്തു വരുന്ന തരത്തിൽ ചോര ഛർദിക്കുകയാണ്; തുറന്ന് പറഞ്ഞ് സലിം കുമാർ

ആ സാധനം കഴിച്ച് തുടങ്ങിയതോടെ ഛർദിൽ തുടങ്ങി… ചോരയാണ് ഛർദിക്കുന്നത്; അകത്തു കിടന്നതും പോയി പിന്നെ കുടൽ കൂടി പുറത്തു വരുന്ന തരത്തിൽ ചോര ഛർദിക്കുകയാണ്; തുറന്ന് പറഞ്ഞ് സലിം കുമാർ

ചിരിപ്പിച്ചും ഇടയ്ക്ക് കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സലീം കുമാര്‍. ചിരി മാത്രമല്ല, വ്യക്തമായ നിലപാടും കാഴ്ചപ്പാടുകളുമൊക്കെ സലീം കുമാറിനുണ്ട്. അതെല്ലാം യാതൊരു മറയുമില്ലാതെ തുറന്നു പറയുകയും ചെയ്യും സലീം കുമാര്‍. ജീവിതത്തെക്കുറിച്ചുള്ള സലീം കുമാറിന്റെ കാഴ്ചപ്പാടുകള്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ കരൾ രോഗം പിടിപെട്ട് അത്യാസന്ന നിലയിലായ തന്നെ ചില വൈദ്യന്മാർ പറ്റിച്ച അനുഭവം തുറന്നു പറഞ്ഞ് നടൻ സലിം കുമാർ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് അടുത്ത ചികിത്സാമാർഗം എന്നറിഞ്ഞ തന്നെ വൈദ്യന്മാരുടെ അടുത്ത് ഒരു സുഹൃത്താണ് കൊണ്ടുപോയതെന്ന് സലിം കുമാർ പറയുന്നു. വൈദ്യന്മാരുടെ മരുന്ന് കഴിച്ച് രക്തം ഛർദിച്ച് അവശനിലയിൽ ആയപ്പോഴാണ് ഇനി ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളൂ എന്ന് അവർ പറഞ്ഞത്. ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സയും കരൾ മാറ്റിവയ്ക്കലിനും വിധേയനായതുകൊണ്ടാണ് താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നും ഇനി ഒരു രോഗിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും സലിം കുമാർ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചതിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃതസ്പര്‍ശം പരിപാടിയിലായിരുന്നു സ്വജീവിതത്തിലുണ്ടായ അനുഭവം അദ്ദേഹം പങ്കിട്ടത്.

കരൾ മാറ്റിവയ്ക്കുന്നതിനു മുൻപും അതിനുശേഷം നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. പക്ഷേ പലരും ഇവിടെ എത്തിച്ചേർന്നത് അവസാന നിമിഷങ്ങളിലാണ്. ബാല ആയാലും നമ്മൾ ആരായാലും മരണം തൊട്ടുമുന്നിൽ കാണുന്ന സമയത്താണ് ഭൂരിഭാഗം പേരും ആശുപത്രിയിൽ എത്തിച്ചേരുന്നത്. അതുവരെ ഇവർ എവിടെ പോയിരുന്നു എന്നൊരു ചോദ്യത്തിലേക്ക് ആണ് എന്റെ ഈ പ്രസംഗം ടോർച്ച് തെളിച്ചു കാണിക്കുന്നത്. മഞ്ഞപ്പിത്തം സർവസസാധാരണമായി ആളുകൾക്ക് വരുന്ന അസുഖമാണ്. മഞ്ഞപ്പിത്തം ആണെന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ മറ്റുള്ളവർ പറയും ഇന്ന സ്ഥലത്ത് ഒരു വൈദ്യൻ ഉണ്ട് അയാൾ ഒരു പൊടി മരുന്ന് തരും അത് കഴിച്ചാൽ മഞ്ഞപ്പിത്തം മാറും. അല്ലാതെ മഞ്ഞപ്പിത്തം വന്ന് ആരും ആശുപത്രിയിൽ പോകുന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാ മഞ്ഞപ്പിത്തവും വൈദ്യര്‍ കൊടുത്ത മരുന്നു കഴിച്ചാൽ മാറില്ല. വൈദ്യര്‍ മരുന്ന് കൊടുത്താൽ മാറുന്ന മഞ്ഞപ്പിത്തം മരുന്ന് ഒന്നും കഴിച്ചില്ലെങ്കിലും മാറും. അത് ഈ പാവപ്പെട്ട ജനങ്ങൾ മനസ്സിലാക്കുന്നില്ല. മഞ്ഞപ്പിത്തം പലവിധമുണ്ടെന്നും അത് വൈദ്യരുടെ കഴിവിന്റെ അപ്പുറമാണെന്നും ആളുകൾ മനസ്സിലാക്കുന്നില്ല. അവസാനം കരളൊക്കെ തകർന്നു കഴിയുമ്പോൾ വൈദ്യർ മെല്ലെ ഒഴിയും. സ്വന്തം അനുഭവത്തിലെ കഥയാണ് ഞാൻ പറയാൻ പോകുന്നത് അത് എനിക്ക് മാത്രമേ പറയാൻ പറ്റൂ. ഇനി ഞാൻ എവിടെയൊക്കെ പ്രസംഗിക്കാൻ പോകുന്നു അവിടെയൊക്കെ ഇത് പറഞ്ഞിട്ടെ പോരൂ. എന്നെ തല്ലിയോടിച്ചാലും ശരി ഇത് പറയണം. കാരണം ഞാൻ അനുഭവിച്ചത് ഇനി ഒരുത്തനും അനുഭവിക്കരുത്.
എനിക്ക് കരളിന് അസുഖമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഗൂഗിളിൽ നോക്കി, അപ്പോൾ കരൾ മാറ്റിവയ്ക്കൽ മാത്രമേ ഒരു പ്രതിവിധി ഉള്ളൂ എന്ന് അറിഞ്ഞു. അത് ഞാൻ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. ഇതല്ലാതെ വേറെ എന്ത് ചെയ്യാൻ വേറെ എന്തെങ്കിലും മരുന്ന് ഉണ്ടാകുമല്ലോ. എറണാകുളത്തുള്ള എന്റെ സുഹൃത്തായ ഡിവൈഎസ്പി എന്നോട് പറഞ്ഞു സലീമേ ഒറ്റപ്പാലത്ത് ഒരു വൈദ്യൻ ഉണ്ട്, അദ്ദേഹം കാൻസർ വരെ മാറ്റുന്ന വൈദ്യനാണ് നമുക്ക് അദ്ദേഹത്തെ പോയി കാണാം.

എന്റെ സുഹൃത്ത് എന്റെ നന്മയെ കരുതി പറഞ്ഞത് തന്നെയാണ്. ഞാനും ആ വൈദ്യനെ പറ്റി കേട്ടിട്ടുണ്ട്. എന്റെ കൂടെ പഠിച്ച ഒരു പെൺകുട്ടിയെ കാൻസർ ചികിത്സയ്ക്ക് അവിടെ വന്നപ്പോൾ ഞാനാണ് ഒറ്റപ്പാലത്ത് ഗസ്റ്റ്ഹൗസിൽ റൂം എടുത്തു കൊടുത്തത്. അങ്ങനെ ഞാനും ഇദ്ദേഹവും കൂടി അവിടെ ചെന്നു. അദ്ദേഹം പറഞ്ഞു 51 ദിവസത്തിനുള്ളിൽ ലിവർ സിറോസിസ് മാറ്റി തരും. വൈദ്യർ എന്നോട് പറഞ്ഞു നിലംപരണ്ട എന്നൊരു മരുന്നുണ്ട്. അത് അൻപത്തിയൊന്നു ദിവസം കഞ്ഞിയിലിട്ട് കുടിക്കൂ എന്ന് പറഞ്ഞു. ഞാൻ 51 അല്ല 501 ദിവസം കഴിച്ചിട്ടും ഈ സാധനം മാറുന്നില്ല. ഞാൻ ഒരു ദിവസം വൈദ്യരെ വിളിച്ചു. വിളിച്ചപ്പോൾ വൈദ്യർ പറഞ്ഞു ‘‘സലീമേ എനിക്ക് കാൻസർ ആണ്, ഫോർത്ത് സ്റ്റേജ് ആണ്, ഞാൻ വെല്ലൂർ കാൻസർ ഹോസ്‌പിറ്റലിൽ നിൽക്കുകയാണ്’’. വൈദ്യർ സത്യസന്ധനാണ് കേട്ടോ. അതൊരു കഥ.

ഇത് കഴിഞ്ഞപ്പോൾ ഇതേ പൊലീസുകാരൻ എന്നെ വിളിച്ചിട്ട് പറഞ്ഞു സലീമേ ചേർത്തല ഒരു വൈദ്യൻ ഉണ്ട്. എനിക്ക് ജീവിക്കാൻ മോഹവുമുണ്ട്. പക്ഷേ ഓപ്പറേഷൻ ചെയ്യാൻ പേടി ആണ്. അതുകൊണ്ട് ഞങ്ങൾ ചേർത്തല ചെന്നു. തട്ടിപ്പാണെന്നു അന്നേ മനസ്സിലായി. ആ വൈദ്യരുടെ പേരാണ് മോഹനൻ വൈദ്യർ. എല്ലാ ഡോക്ടർമാരെയും വെല്ലുവിളിക്കുന്ന വൈദ്യരാണ്. പുള്ളി എന്നോട് പറഞ്ഞു ഇംഗ്ലിഷിൽ ഇതിനു മരുന്നില്ല. അയാൾ കുറെ മരുന്ന് കുറിച്ച് തന്നു. തൊട്ടപ്പുറത്ത് ഇയാൾ ജൈവ വളം കൊണ്ട് ഉൽപാദിപ്പിച്ച നെല്ല്, ചേന, കാച്ചിൽ ഒക്കെ ഇരിപ്പുണ്ട് ഇതും വാങ്ങണം നമ്മൾ. ഭയങ്കര വിലയാണ്. ഇതേ കഴിക്കാൻ പാടുള്ളൂ. ഞാൻ പറഞ്ഞു എനിക്ക് അവിടെ നെല്ലുണ്ട്. അപ്പോൾ പുള്ളി പറഞ്ഞു ഇത് വാങ്ങിക്ക് അത് അവിടെ ഇരിക്കട്ടെ. ഇതല്ലാതെ വേറൊന്നും കഴിക്കരുത് എന്ന് പറഞ്ഞിട്ട് ഒരു പശു കഴിക്കുന്ന പുല്ല് പറിച്ചു തന്നു. ബാക്കി ഉള്ളത് ഭാര്യ വീട്ടിൽ നിന്ന് പറിക്കണം. ഞാൻ ഈ സാധനം കഴിച്ചു തുടങ്ങി. എനിക്ക് ഛർദിൽ തുടങ്ങി. ചോര ആണ് ഛർദിക്കുന്നത്.

എന്റെ മകൻ വൈദ്യരെ വിളിച്ചു ചോദിച്ചു എന്താണ് ഇങ്ങനെ. വൈദ്യർ പറയുകയാണ് അകത്ത് കുറച്ച് ബ്ലഡ് കിടപ്പുണ്ട് അത് പുറത്തുകളയാൻ ഞാൻ ഒരു മരുന്ന് കൊടുത്തിട്ടുണ്ട് അത് ഛർദിച്ച് പോകട്ടെ എന്ന്. അകത്തു കിടന്നതും പോയി പിന്നെ കുടൽ കൂടി പുറത്തു വരുന്ന തരത്തിൽ ചോര ഛർദിക്കുകയാണ്. ഞാൻ മകനോട് പറഞ്ഞു ഒന്നുകൂടി വിളിച്ച് ചോദിക്ക്. അവൻ വിളിച്ചിട്ട് പറഞ്ഞു അച്ഛാ അയാൾ ഫോൺ എടുക്കുന്നില്ല. അതെങ്ങനെ ശരിയാവും ഞാൻ അയാളെ വിശ്വസിച്ചാണ് മരുന്നു കഴിക്കുന്നത്. പിന്നീട് ഞാൻ വിളിച്ചു അപ്പോഴും എടുത്തില്ല അങ്ങനെ കുറെ പ്രാവശ്യം വിളിച്ചപ്പോൾ അയാൾ എടുത്തു എന്നിട്ട് പറഞ്ഞു, ‘‘വേഗം ആശുപത്രിയിൽ കൊണ്ടുപോയി കൊള്ളൂ’’ എന്ന്. ഡോക്ടർമാരെ വെല്ലുവിളിച്ച് നടക്കുന്ന വൈദ്യരാണ്. ഞാനെന്റെ സുഹൃത്ത് ഡിവൈഎസ്പിയെ വിളിച്ചുപറഞ്ഞു ഈ വൈദ്യൻ കള്ളനാണ്. അപ്പോൾ പുള്ളി പറഞ്ഞു മലയാറ്റൂർ ഒരു വൈദ്യൻ ഉണ്ട് അവിടെ പോകാം. അങ്ങനെ ഞാനും ഭാര്യയും അദ്ദേഹവും കൂടി മലയാറ്റൂർ വൈദ്യരെ കാണാൻ പോയി. അയാൾ പറഞ്ഞത് 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെ ആക്കുക വേറെ എന്തോ സാധനവും കൂടി അതിൽ ഇടും. രാവിലെ മുതൽ എന്റെ ഭാര്യ 500 തേങ്ങയുടെ വെള്ളമെടുത്ത് രാത്രി വരെ ഇരുന്ന് ഇത് വറ്റിച്ച് വറ്റിച്ച് തളർന്നു. ഒടുവിൽ ലേഹ്യം റെഡിയായപ്പോൾ ഭാര്യയ്ക്ക് സന്തോഷമായി, ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്ന് ഉണ്ടാക്കാൻ പറ്റിയല്ലോ. ഇത് ഞാൻ കഴിച്ചതും ഛർദി കൂടി എന്റെ ശരീരം ഇതൊന്നും താങ്ങുന്നില്ല. ഭാര്യ വൈദ്യരെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു ശരീരം റിജക്ട് ചെയ്യുകയാണ് നിങ്ങൾ ഒരു കാര്യം ചെയ്യൂ, ഈ മരുന്ന് കളയണ്ട ദേഹം പൊള്ളുമ്പോൾ പുരട്ടാം വച്ചേക്കു. ശരീരം പൊള്ളുമ്പോൾ ലിവർ സിറോസിസിന്റെ മരുന്ന് പുരട്ടാം എന്ന് പറയുകയാണ് വൈദ്യര്. ഭാര്യ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് അടുപ്പിൽ നിന്ന് എന്തെങ്കിലും പൊള്ളൽ ഉണ്ടായാൽ ഉടനെ ലിവർ സിറോസിസിന്റെ മരുന്നെടുത്ത് അതിൽ പുരട്ടും. ഇതുപോലെ എത്രയോ വൈദ്യന്മാർ ഉണ്ട്.

ഇപ്പോൾ വയനാട്ടിൽ ഒരു വൈദ്യർ എന്നെ ചികിത്സിച്ചു എന്ന പേരും പറഞ്ഞു ചികിത്സിക്കുന്നുണ്ട് ഞാനാണ് സലിംകുമാറിന്റെ അസുഖം മാറ്റിയത് എന്ന് പറഞ്ഞിട്ട്. എന്റെ പൊടി മരുന്ന് കൊടുത്തിട്ടാണ് സലിംകുമാർ രക്ഷപ്പെട്ടത് എന്നാണ് അയാൾ പറയുന്നത്. ഞാൻ അയാളെ കണ്ടിട്ട് പോലും ഇല്ല. ഞാൻ എവിടെയൊക്കെ ചെന്നിട്ടുണ്ടോ ആ വൈദ്യന്മാരെല്ലാം എന്റെ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിൽ ഇട്ടിട്ടുണ്ട്.

പിന്നീട് വൈദ്യരെ കാണാൻ പോയപ്പോൾ വൈദ്യർ ചോദിച്ചു, ‘‘വെയിറ്റ് ഇപ്പോൾ എങ്ങനെയുണ്ട്’’ ഞാൻ എന്റെ വീട്ടിലെ നോക്കിയപ്പോൾ 5 കിലോ കൂടിയിട്ടുണ്ട് അപ്പോൾ വൈദ്യര്‍ പറയുകയാണ് കണ്ടോ മരുന്നു ഫലിക്കുന്നുണ്ട്. അതൊന്ന് എഴുതി കൊടുക്കാൻ പറഞ്ഞു പുള്ളി ഞാൻ എഴുതിക്കൊടുത്തു. ഈ മരുന്ന് കഴിച്ചിട്ട് എനിക്ക് അസുഖം കുറവുണ്ട് എന്ന്. അത് അവർ എന്റെ സർട്ടിഫിക്കറ്റ് ആയി അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പക്ഷേ ഞാൻ ആശുപത്രിയിൽ വന്നു നോക്കിയപ്പോൾ വെയ്റ്റ് തെറ്റാണ്. വീണ്ടും വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് ആ മെഷീൻ കേടാണ്. കേടായ മെഷീനിൽ എടുത്ത വെയിറ്റ് ആണ് വൈദ്യർ സർട്ടിഫിക്കറ്റ് ആയി തൂക്കിയിരിക്കുന്നത്. ഇത്തരത്തിൽ മനുഷ്യനെ പറ്റിക്കുന്ന കുറെ ആളുകൾ നമുക്കിടയിൽ ഉണ്ട്. നല്ല പൈസയാണ് ഇവർ വാങ്ങുന്നത്. ജീവിക്കാൻ വേണ്ടിയിട്ട് പാവപ്പെട്ട രോഗികൾ എവിടുന്നെങ്കിലും ഒക്കെ കാശ് കടം വാങ്ങിയാണ് കൊണ്ട് കൊടുക്കുന്നത്. ഞാൻ ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ പാസായ ആളുകളെ കുറിച്ച് അല്ല പറയുന്നത് പാരമ്പര്യ വൈദ്യന്മാർ എന്ന് പറഞ്ഞ് നടക്കുന്ന ആളുകളെ കുറിച്ചാണ്.

കിഡ്നി എന്ന് പറഞ്ഞാൽ വൃഷണം ആണെന്ന് വിചാരിക്കുന്ന വൈദ്യന്മാർ ഉണ്ട്. എന്നോട് ഒരു വൈദ്യൻ പറഞ്ഞു ഒരാൾ അയാളുടെ രണ്ട് കിഡ്നിയും ഞെരിച്ചിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ ഞാൻ ചോദിച്ചു കിഡ്നി ഞെരിക്കാൻ പറ്റുമോ. വൃഷണത്തിനെയാണ് പുള്ളി കിഡ്നി എന്ന് പറയുന്നത്. ഇവന്റെ അടുത്ത് പോയിട്ടാണ് ലിവർ സിറോസിസിനുള്ള മരുന്ന് വാങ്ങുന്നത്. ഇവരൊക്കെ അന്തം വിട്ട പ്രതികളാണ് ഇവരൊക്കെ എന്തിനും ചികിത്സിക്കും. ക്രൂരമാണ് ഇവരൊക്കെ ചെയ്യുന്നത്. ഇംഗ്ലിഷ് മരുന്ന് എന്ന വ്യാജേന മരുന്നു കൊടുക്കുന്നവരുണ്ട്. സിദ്ദിഖ് ഇക്ക കഴിച്ച മരുന്ന്. അതിലൊന്ന് ഞാനും കഴിച്ചിട്ടുണ്ട്. ഇംഗ്ലിഷ് മരുന്നിനെ പേടിയായിരുന്നു അതുകൊണ്ട് എവിടെയൊക്കെ തട്ടിപ്പുണ്ട് അവിടെയൊക്കെ ഞാൻ ചെന്ന് ചാടിയിട്ടുണ്ട്. പലരും കൊടുക്കുന്നത് ഫുഡ് സപ്ലിമെന്റ് ആണ് പത്ത് 30,000 രൂപയാണ് ഒരു മാസത്തെ മരുന്നിന്റെ വില. ഇവർ ഒരിക്കലും ചീട്ട് എഴുതി മരുന്നു തരില്ല കവറൊക്കെ പൊട്ടിച്ച് മരുന്ന് മാത്രമാണ് തരുന്നത്.

ആ മരുന്ന് എന്താണെന്ന് ലോകത്ത് അവർക്ക് മാത്രമേ അറിയൂ അങ്ങനെ ഒരു ചികിത്സ സമ്പ്രദായം ഉണ്ട്. അതൊക്കെ ഞാൻ വേണ്ടപ്പെട്ടവരോടൊക്കെ പറഞ്ഞിട്ടുണ്ട്. ഈ കള്ളന്മാരൊക്കെ തടിച്ചു കൊഴുക്കുക തന്നെയാണ്. ഉമ്മൻചാണ്ടി എന്ന മനുഷ്യനോട് എനിക്ക് നന്ദി പറയാനുണ്ട്. അദ്ദേഹം കാരുണ്യ ലോട്ടറി എന്ന് സംഭവം ഉണ്ടാക്കി കരൾ മാറ്റിവെച്ചവർക്കും കിഡ്നി മാറ്റി വെച്ചവർക്കും ഒക്കെ സഹായം കൊടുത്തു. അത് ഒരു വലിയ അനുഗ്രഹമായിരുന്നു. അത് ഇന്ന് ഇല്ല അത് വീണ്ടും നടപ്പിൽ വന്നാൽ ഈ പാവപ്പെട്ടവർക്ക് ഒരു ഉപകാരമായി മാറുമായിരുന്നു. ഉമ്മൻചാണ്ടിയെ പോലെയുള്ള ആളുകൾ മരിച്ചപ്പോൾ ഇത്രയും ആളുകൾ ഒഴുകിവരാനുള്ള കാരണം ഇതൊക്കെ തന്നെയാണ്. അദ്ദേഹത്തെ ഈ സമയത്ത് ഓർക്കണം. ഇനിയുള്ള സർക്കാർ ഇതൊക്കെ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള പരിശ്രമം ഇങ്ങനെയുള്ള കൂട്ടായ്മകൾ ചെയ്യണം അത് പാവപ്പെട്ട രോഗികൾക്ക് സഹായം ആകും’’.–സലിം കുമാർ പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending