Connect with us

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Malayalam

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇന്ന് കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ വാദം കേൾക്കും. ദിലീപിൻ്റെ അഭിഭാഷകൻ്റെ സൗകര്യം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്, ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല, ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമായിരുന്നു സർക്കാരിൻ്റെ വാദം. പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. വിധി റദ്ദാക്കണമെന്നും ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ തെളിവായ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലാണ് തിരിമറി നടന്നതായി സംശയിക്കുന്നത്. അതിജീവിതയുടെ പരാതിയിലാണ് ഹൈക്കോടതി വിധി. ഹൈക്കോടതി ഉത്തരവ് വളരെ അധികം പ്രതീക്ഷ നല്‍കുന്നതാണ്. 2017 ഫെബ്രുവരി 18 നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാൽ 2018 ഡിസംബർ 13 ന് ഈ ദൃശ്യം വീണ്ടും കണ്ടതായായാണ് ഫോറൻസിക് സംഘം മനസ്സിലാക്കിയിട്ടുള്ളത്. മെമ്മറി കാർഡിലെ ഒരു നിശ്ചിത സമയത്തെ വിവിധതരം ഫയലുകളുടെ ആകെ കണക്കാണ് ഹാഷ് വാല്യു. കോടതി ആവശ്യത്തിന് ഈ ഫയൽ ഓപ്പൺ ആക്കിയാൽ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫെബ്രുവരിയിലാണ്. ഇതാണ് ഒരു വ‌ർഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്. കോടതി ആവശ്യത്തിനല്ലാതെ തൊണ്ടി മുതലിന്‍റെ ഹാഷ് വാല്യു മാറിയതിൽ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ദൃശ്യം മറ്റാർക്കെങ്കിലും ചോർത്തിയതാണോ എന്ന് വ്യക്തമാകാൻ ചോദ്യം ചെയ്യൽ അനിവാര്യമാണ്.

ഇത് ആര്‍ക്ക് വേണ്ടിയാണ്? ആരാണ് രാത്രികാലങ്ങളിലൊക്കെ ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. ആരുടെ ഫോണാണ് ഈ വിവോ ഫോണാണിത്? കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാര്‍ഡ് പുറത്തെടുത്ത് മൂന്നിടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലുളള ശക്തി ആരാണ്. ഇതൊക്കെ ചോദ്യങ്ങളാണ്. ഇതിനൊക്കെ മറുപടി വേണം .

ആവശ്യമെങ്കില്‍ അന്വേഷണ ഏജന്‍സികളുടെ സഹായം തേടാം എന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.. പരാതി ഉണ്ടെങ്കില്‍ അതിജീവിതക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ആണ് കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്നായിരുന്നു അതിജീവിതയുടെ ആവശ്യം. അതിജീവിതയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാം എന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കും എന്നും അതിജീവിത കോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം എന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലാണ് മെമ്മറി കാര്‍ഡ് എന്നതിനാല്‍ തന്നെ വിഷയം കൂടുതല്‍ ഗൗരവതരമാണ് എന്നാണ് അതിജീവിത പറഞ്ഞിരുന്നത്. മെമ്മറി കാര്‍ഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്ള ഫോണില്‍ ഇട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായും അതിജീവിത പറയുന്നു. മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി.കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയില്‍ ആണ്. ഇത് കോടതിയില്‍ വെച്ച് ആരോ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. അതേസമയം അതിജീവിതയുടെ ഹര്‍ജിക്കെതിരെ ദിലീപ് രംഗത്തെത്തിയിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്റെ വാദം.

More in Malayalam

Trending

Recent

To Top