Connect with us

യാഷ് ചോപ്രയുടെ ഭാര്യയും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു

Malayalam

യാഷ് ചോപ്രയുടെ ഭാര്യയും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു

യാഷ് ചോപ്രയുടെ ഭാര്യയും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു

ഗായികയും പ്രശസ്ത നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു. 85 വയസായിരുന്നു. മുംബൈ ലീലാവതി ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പമേല. പിന്നിണി ഗായിക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ് എന്നീ മേഖലകളില്‍ പമേല സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ചലച്ചിത്രരംഗത്തെ ഒട്ടവധിപേരാണ് പമേല ചോപ്രയ്ക്ക് ആദരാഞ്ജലി നേര്‍ന്നത്. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്ന മൊഹീന്ദര്‍ സിംഗിന്റെ മകളായി 1938 ലാണ് പമേല ചോപ്ര (പമേല സിംഗ്) ജനിച്ചത്. പിതാവിന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലായാണ് പമേല വളര്‍ന്നത്.

ചെറുപ്പം മുതല്‍ ഭരതനാട്യം അഭ്യസിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അവര്‍ പൊതുവേദിയില്‍ നൃത്തം അവതരിപ്പിച്ചില്ല. 1970 ലായിരുന്നു യാഷ് ചോപ്രയുമായുള്ള വിവാഹം. വീട്ടുകാര്‍ മുന്‍കൈ എടുത്ത് നടത്തിയ വിവാഹമായിരുന്നു. അതേ വര്‍ഷം തന്നെയാണ് യാഷ് ചോപ്ര യാഷ് രാജ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയ്ക്ക് തുടക്കമിടുന്നത്.

വിവാഹത്തിന് ശേഷമാണ് പമേല ചോപ്ര കലാ രംഗത്ത് സജീവമാകുന്നത്. 1976 ല്‍ യാഷ് ചോപ്ര സംവിധാനം ചെയ്ത് അമിതാഭ് ബച്ചന്‍, ശശികപൂര്‍ എന്നിവര്‍ അഭിനയിച്ച കഭീ കഭീ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പമേലയാണ്. കൂടാതെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

ദൂസ്‌ര ആദ്മി, തൃശൂല്‍, സില്‍സിലാ, ബാസാര്‍, ഡര്‍, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേഗേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനം ആലപിച്ചിട്ടുണ്ട്. സില്‍സില, സവാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ചമയം ഒരുക്കിയിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ ഐന എന്ന ചിത്രം അവര്‍ സ്വതന്ത്രമായി നിര്‍മ്മിച്ചതാണ്. കൂടാതെ ദില്‍ തോ പാഗല്‍ ഹേ, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേഗേ, വീര്‍സാര തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവുകൂടിയായിരുന്നു.

യാഷ് രാജ് ഫിലിംസിന്റെ വളര്‍ച്ചയില്‍ പമേല നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. 2012 ലായിരുന്നു യാഷ് ചോപ്രയുടെ വിയോഗം. കുറച്ചുനാളുകള്‍ക്ക് മുന്‍പ് യാഷ് ചോപ്രയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിക്കുവേണ്ടി പമേല ക്യാമറയ്ക്ക് മുന്നിലെത്തി അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരുന്നു. നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഉദയ് ചോപ്ര എന്നിവരാണ് മക്കള്‍. നടി റാണി മുഖര്‍ജി മരുമകളാണ്.

More in Malayalam

Trending