News
48ാമത് ടൊറോന്റോ ചലച്ചിത്ര മേള; ആനന്ദ് പട്‌വര്‍ദ്ധന്റെ ‘വസുധൈവകുടുംബകം’ പ്രദര്‍ശിപ്പിച്ചു
48ാമത് ടൊറോന്റോ ചലച്ചിത്ര മേള; ആനന്ദ് പട്‌വര്‍ദ്ധന്റെ ‘വസുധൈവകുടുംബകം’ പ്രദര്‍ശിപ്പിച്ചു
ആനന്ദ് പട്‌വര്‍ദ്ധന്റെ ‘വസുധൈവകുടുംബക’ത്തിന്റെ ആഗോളപ്രദര്‍ശനോദ്ഘാടനം 48ാമത് ടൊറോന്റോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. നാല്പത്തെട്ടാമത് ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയില്‍ ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ആറുചിത്രങ്ങളില്‍നിന്നുള്ള ഏക വാര്‍ത്താചിത്രമാണിത്.
ഭരണതലത്തില്‍ നടക്കുന്ന അഴിമതികളേയും സ്വജനപക്ഷപാതത്തേയും ദളിത് വിരുദ്ധതയേയും ചോദ്യം ചെയ്തവയായിരുന്നു ആനന്ദ് പട്‌വര്‍ദ്ധന്റെ മുന്‍കാലചിത്രങ്ങളെല്ലാം. അതിനാല്‍ത്തന്നെ പല ചിത്രങ്ങള്‍ക്കും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു.
പിന്നീട് പല ചിത്രങ്ങള്‍ക്കും കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് മോചനം ലഭിച്ചിരുന്നെങ്കിലും മാധ്യമപിന്തുണ കൃത്യമായി ലഭിക്കാതിരുന്നതിനാല്‍ ജനങ്ങളിലേക്കെത്തിക്കാനും കഴിഞ്ഞില്ല.
പുതിയ ചിത്രമായ ‘വസുധൈവകുടുംബകം’ സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യയുടെ ചരിത്രവും അതുമായി അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള ബന്ധങ്ങളുമാണ് പറഞ്ഞുവയ്ക്കുന്നത്. പ്രദര്‍ശനത്തിനുശേഷം നടന്ന അഭിമുഖത്തില്‍ ജനാധിപത്യഭാരതത്തില്‍ വാര്‍ത്താചിത്രങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായി അദ്ദേഹം സംസാരിക്കുകയുണ്ടായി.