News
സനാതന ധര്‍മ വിവാദം; ഉദയനിധി സ്റ്റാലിനെതിരെയുള്ള കേസില്‍ സുപ്രീംകോടതി നോട്ടീസ്
സനാതന ധര്‍മ വിവാദം; ഉദയനിധി സ്റ്റാലിനെതിരെയുള്ള കേസില്‍ സുപ്രീംകോടതി നോട്ടീസ്
സനാതന ധര്‍മം പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന പ്രസ്താവന നടത്തിയ ഡി.എം.കെ. നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് നോട്ടീസയച്ചത്.
ചെന്നൈയിലെ അഭിഭാഷകന്‍ ബി. ജഗനാഥ് ആണ് ഉദയനിധി സ്റ്റാലിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഒരു വിശ്വാസത്തിനെതിരെയാണ് മന്ത്രി സംസാരിക്കുന്നതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു സുപ്രീംകോടതിയില്‍ ആരോപിച്ചു. ഇത്തരം പ്രസ്താവനകള്‍ ഭാവിയില്‍ നടത്തുന്നതില്‍നിന്ന് സ്റ്റാലിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സനാതന ധര്‍മം തുടച്ചുനീക്കുന്നതിനായുള്ള പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ചേരുന്ന കോണ്‍ഫറന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ നോട്ടീസയച്ചെങ്കിലും വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.