Malayalam
കെ ജി ജോര്‍ജിനുള്ള ട്രിബ്യൂട്ട് ആണ് ‘മലൈകോട്ടൈ വാലിബന്‍’; ടിനു പാപ്പച്ചന്‍
കെ ജി ജോര്‍ജിനുള്ള ട്രിബ്യൂട്ട് ആണ് ‘മലൈകോട്ടൈ വാലിബന്‍’; ടിനു പാപ്പച്ചന്‍
ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ‘മലൈകോട്ടൈ വാലിബന്‍’. ഈ ചിത്രം അന്തരിച്ച വിഖ്യാത സംവിധായകന്‍ കെ ജി ജോര്‍ജിനുള്ള ട്രിബ്യൂട്ട് ആണെന്ന് പറയുകയാണ് ടിനു പാപ്പച്ചന്‍. ചിത്രത്തില്‍ സഹ സംവിധായകനായാണ് ടിനു വര്‍ക്ക് ചെയ്തിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റവും കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകനാണ് കെ. ജി ജോര്‍ജ് എന്നും വാലിബാന്റെ സെറ്റില്‍ വെച്ച് മോഹന്‍ലാലിനോടും ഇതിനെ പറ്റി സംസാരിച്ചിരുന്നെന്നും ടിനു പാപ്പച്ചന്‍ പറയുന്നു.
‘ലിജോ ചേട്ടന്‍ ഏറ്റവും കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു ഫിലിം മേക്കര്‍ കെ. ജി. ജോര്‍ജ് ആണ്. വാലിബന്റെ സെറ്റില്‍ വെച്ച് ലാലേട്ടനുമായി നല്ല അടുപ്പമായപ്പോള്‍ ഞാന്‍ അദ്ദേഹത്തോടും അതിനെ കുറിച്ച് സംസാരിച്ചിരുന്നു.
ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സാറും ജോര്‍ജ് സാറും ഒന്നിച്ചിട്ടുള്ള ഒരു ചിത്രം കാണാന്‍ കഴിഞ്ഞില്ല എന്നത് വലിയ നഷ്ടമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അത് പല കാരണങ്ങള്‍ കൊണ്ടാണ് നടക്കാതെ പോയത്. സിനിമ അങ്ങനെയാണല്ലോ. ചിലപ്പോള്‍ അതിനൊക്കെയുള്ള ഒരു മറുപടി ആയിരിക്കും മലൈക്കോട്ടൈ വാലിബന്‍. ഉറപ്പായിട്ടും ജോര്‍ജ് സാറിനുള്ള ഒരു ട്രിബ്യൂട്ട് തന്നെയായിരിക്കും എന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.
അതേസമയം ജനുവരി 25 നാണ് വാലിബന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ‘ആമേന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബന്‍.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്.
