ദുല്‍ഖറിനും പ്രണവിനുള്ള ഭാരം ഗോകുലിനുണ്ടാകില്ല, കാരണം അത്രയും വലിയ നടനല്ല ഞാന്‍- സുരേഷ് ഗോപി
ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്‍മാരില്‍ ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകര്‍ നല്‍കിയ വിശേഷണങ്ങള്‍ ഏറെയാണ്. 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. താനൊരു വലിയ നടനനല്ലാത്തതിനാല്‍ പ്രണവ് മോഹന്‍ലാലിനോ ദുല്‍ഖര്‍ സല്‍മാനോ മേലുള്ള ഭാരം തന്റെ മകനുമേല്‍ ഉണ്ടാകില്ലെന്ന് നടന്‍ സുരേഷ് ഗോപി.
മകന്‍ ഗോകുല്‍ സുരേഷിനൊപ്പം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.ഞാന്‍ മോഡെസ്റ്റാവുന്നതല്ല, യേശുദാസിന്റെ മകന്‍ പാടുന്നു എന്ന് പറയുമ്പോള്‍ വിജയ്ക്ക് ഉണ്ടാകുന്ന ഭാരം, മമ്മൂട്ടിയുടെ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ദുല്‍ഖറിനുള്ള ഭാരം, പ്രണവിനുള്ള ഭാരം അതെന്തായാലും ഗോകുലിനുണ്ടാകില്ല. കാരണം അത്രയും വലിയ നടനല്ല ഞാന്‍- സുരേഷ് ഗോപി പറഞ്ഞു.
അച്ഛന്‍ തനിക്ക് ഇത്തരം സമ്മര്‍ദ്ദങ്ങള്‍ തന്നിട്ടില്ലെന്ന് ഗോകുലും പറഞ്ഞു. അച്ഛന്‍ സ്വന്തം കരിയറില്‍ ഇങ്ങനെയുള്ള സമ്മര്‍ദ്ദങ്ങളിലൊന്നും പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ യാതൊരുവിധ സമ്മര്‍ദ്ദവും ഞങ്ങള്‍ക്കും തന്നിട്ടില്ല. തനിക്ക് പ്രേക്ഷകരോട് ഉത്തരവാദിത്തമുണ്ട്, അത് നിറവേറ്റണമെന്ന് എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല- ഗോകുല്‍ സുരേഷ് പറഞ്ഞു.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കിങ് ഓഫ് കൊത്തയാണ് ഗോകുല്‍ സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഐശ്വര്യ ലക്ഷ്മി, ചെമ്പന്‍ വിനോദ് ജോസ്, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, നൈല ഉഷ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.