Malayalam
തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്; സുരാജ് വെഞ്ഞാറമ്മൂട്
തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്; സുരാജ് വെഞ്ഞാറമ്മൂട്
മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. താരത്തിന്റെ പുതിയ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തമാശ വേഷങ്ങള്‍ ചെയ്യാനുള്ള ഇഷ്ടത്തെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് സുരാജ്.
‘തമാശവേഷങ്ങള്‍ ഉപേക്ഷിച്ചോ എന്ന ചോദ്യം കുറേക്കാലമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഗൗരവമുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചതുകൊണ്ടാകണം പ്രേക്ഷകരില്‍ അങ്ങനെയൊരു സംശയമുണ്ടായത്. ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴല്ല, ആക്ഷന്‍ ഹീറോ ബിജു പ്രദര്‍ശനത്തിനെത്തിയശേഷമാണ് സീരിയസായ വേഷങ്ങള്‍ പലരും ധൈര്യസമേതം ഏല്‍പ്പിക്കാന്‍ തുടങ്ങിയത്.
പുരസ്‌കാരം നേടിത്തന്ന സിനിമ അധികമാരും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ചവേഷങ്ങള്‍ നല്‍കാന്‍ പറ്റുമോ, അഭിനയിക്കുമോ എന്നൊക്കെയുള്ള ചിന്തയായിരുന്നു പലര്‍ക്കും. എന്നാല്‍, ആക്ഷന്‍ ഹീറോയിലെ കഥാപാത്രം അത്തരം സംശയങ്ങള്‍ക്ക് ഉത്തരംനല്‍കി. പിന്നീടുവന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, െ്രെഡവിങ് ലൈസന്‍സ്, കാണെക്കാണെ, ജനഗണമന… അങ്ങനെ ഒരുപാട് സിനിമകള്‍ തമാശ വേഷങ്ങളില്‍ നിന്ന് എന്നെ അകറ്റിനിര്‍ത്തി.
അപ്പോഴെല്ലാം നല്ലൊരു കോമഡിവേഷത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്. ചിരിയിലൂടെയാണ് ഞാന്‍ പ്രേക്ഷകമനസ്സില്‍ കയറിപ്പറ്റിയത്. അതുകൊണ്ടുതന്നെ ചിരിവിട്ടൊരു കളിയില്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന നല്ല തമാശവേഷങ്ങള്‍ തരൂ, അഭിനയിക്കാന്‍ ഞാനൊരുക്കമാണ്’ എന്നും സുരാജ് പറഞ്ഞു.
