Connect with us

കെഎസ് ചിത്രയ്ക്കും കെജെ യേശുദാസിനും നേരെ കല്ലേറ്; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി പോലീസ്

general

കെഎസ് ചിത്രയ്ക്കും കെജെ യേശുദാസിനും നേരെ കല്ലേറ്; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി പോലീസ്

കെഎസ് ചിത്രയ്ക്കും കെജെ യേശുദാസിനും നേരെ കല്ലേറ്; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി പോലീസ്

മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച യേശുദാസ് ആദ്യമായി പിന്നണി ഗായക രംഗത്ത് അറുപത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ വെച്ചാണ് യേശുദാസ് ആദ്യ ഗാനം ആലപിക്കുന്നത്. പിന്നീടിങ്ങോട്ട് ഒരുപിടി മനോഹര ഗാനങ്ങളായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ സ്വരമാധുരിയില്‍ പുറത്തെത്തിയത്.

അദ്ദേഹത്തെ പോലെ തന്നെ മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. ആരാധകരുടെ സ്വന്തം ചിത്രാമ്മയായും ചിത്ര ചേച്ചിയായും ഇപ്പോഴും ആരാധകരെ അമ്പരപ്പിച്ചികൊണ്ടിരിക്കുകയാണ് ചിത്ര. 1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായി മാറുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ബീച്ചില്‍ വെച്ച് ഗായകരായ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞ കേസിലെ പ്രതി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍ ആയിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍ വി അസീസ് (56) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചില്‍ മലബാര്‍ ഫെസ്റ്റ് നടക്കുന്നതിനിടയിലായിരുന്നു ഇയാള്‍ ഗായകര്‍ക്ക് നേരെ കല്ലെറിഞ്ഞത്.

1999 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. രാത്രി 9.15 ഓടെ ഗാനമേള സംഘത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. നഴ്‌സസ് ഹോസ്റ്റലിന് മുന്‍വശത്ത് നിന്നായിരുന്നു കല്ലേറ്. അന്ന് ആ സംഘത്തില്‍ ഉണ്ടായിരുന്ന ആളായിരുന്നു പിടിയിലായ അസീസ് എന്ന് പോലീസ് പറഞ്ഞു. വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് വരുന്ന ആളാണ് അസീസ്.

ഇയാള്‍ നേരത്തേ മാത്തോട്ടത്തായിരുന്നു താമസിച്ചിരുന്നത്. പിന്നീട് അവിടെ നിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കന്‍ കുന്നത്ത് വീട്ടിലേക്ക് മാറി. പരിസരവാസിയായ ഒരാള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്‌ററഡിയില്‍ എടുത്തത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ്‌കുമാര്‍, പി കെ ബൈജു, പി എം ലെനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അസീസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് യേശുദാസിന്റേതായി പുറത്തെത്തിയ വാര്‍ത്ത ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് യേശുദാസ് തന്റെ 83ാം ജന്മദിനം ആഘോഷിച്ചത്. എല്ലാ ജന്മദിനത്തിലും കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ ഗാനാര്‍ച്ചന നടത്തുന്ന പതിവുണ്ട് അദ്ദേഹത്തിന്.

എന്നാല്‍ നാട്ടിലില്ലാത്തതിനാല്‍ ഇതിനും കുറച്ച് നാളായി മുടക്കം വന്നിട്ടുണ്ട്. ജനുവരി 10 ന് യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ പങ്കെടുത്ത ആഘോഷ ചടങ്ങ് കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ യേശുദാസ് വീഡിയോ കോളിലൂടെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യേശുദാസിന് അസുഖമാണ് എന്നും അദ്ദേഹം ഡയാലിസിസ് ചെയ്യുകയാണ് എന്നും ഉള്ള വാര്‍ത്തയും പ്രചരിക്കാന്‍ തുടങ്ങി.

സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. ചിലര്‍ യേശുദാസ് നാട്ടിലേക്ക് വരാത്തതിന് പിന്നില്‍ ഗുരുതരരോഗം ബാധിച്ചതിനാലാണ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രചരിക്കുന്ന വാര്‍ത്ത കള്ളമാണ് എന്നുള്ളതാണ് വസ്തുത. യേശുദാസിന് നിലവില്‍ രോഗമൊന്നുമില്ല. വാര്‍ധക്യസഹജമായ ചില പ്രയാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പൂര്‍ണ ആരോഗ്യവാനാണ് അദ്ദേഹം.

അമേരിക്കയില്‍ മൂന്നാമത്തെ മകന്‍ വിശാല്‍ യേശുദാസിനൊപ്പമാണ് യേശുദാസ് കഴിയുന്നത്. ടെക്‌സാസിലെ ഡാലസിലാണ് വിശാല്‍ താമസിക്കുന്നത്. പിറന്നാളാഘോഷത്തിനിടെ ദാസേട്ടന്‍ ഡാലസിലായതിനാല്‍ വരാന്‍ കഴിഞ്ഞില്ല എന്ന് ചിലര്‍ പറഞ്ഞിരുന്നു. ഇതില്‍ ഡാലസ് എന്ന് പറഞ്ഞത് ഡയാലിസിസ് ആണെന്ന് കരുതി തെറ്റിദ്ധരിച്ചാണ് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് യേശുദാസുമായി അടുത്ത വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

യേശുദാസ് ഡയാലിസിസ് ചെയ്യുന്നില്ല എന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ് എന്നുമാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഗാനരചയിതാവുമായ ആര്‍ കെ ദാമോദരന്‍ വ്യക്തമാക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ദാസേട്ടന്റെ ആത്മിത്രം ചേര്‍ത്തല ഗോവിന്ദന്‍കുട്ടി മാഷ് അന്വേഷിച്ച് വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ദാമോദരന്‍ പറയുന്നത്.

മാത്രമല്ല ‘കൃതിമണിമാലൈ’ എന്ന സംഗീതഗ്രന്ഥം പരിശോധിച്ച് 72 രാഗങ്ങളെ ശുദ്ധീകരിക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ് യേശുദാസ് എന്നും അദ്ദേഹം വ്യക്തമാക്കി. മകനും ഗായകനുമായ വിജയ് യേശുദാസിന്റെ മേല്‍നോട്ടത്തിലാണ് കൊച്ചിയില്‍ യേശുദാസിന്റെ ജന്മദിനാഘോഷം നടന്നത്. ഈ പരിപാടിയില്‍ ഓണ്‍ലൈനായി യേശുദാസ് മുഴുവന്‍ സമയവും പങ്കെടുക്കുകയും ചെയ്തിരുന്നു.

More in general

Trending

Recent

To Top