Malayalam
വിവാഹം കഴിക്കില്ല, എന്നാല്‍ താന്‍ പ്രണയത്തിലാണ്; പേര് സൂചിപ്പിച്ച് ശോഭ വിശ്വനാഥ്
വിവാഹം കഴിക്കില്ല, എന്നാല്‍ താന്‍ പ്രണയത്തിലാണ്; പേര് സൂചിപ്പിച്ച് ശോഭ വിശ്വനാഥ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശോഭ വിശ്വനാഥ്. തന്റെ നിലപാടുകളും തോല്‍ക്കാന്‍ തയ്യാറാകാത്ത പോരാട്ട വീര്യവുമാണ് ശോഭയ്ക്ക് കയ്യടി നേടിക്കൊടുത്തത്. തുടക്കത്തില്‍ ഷോയില്‍ യാതൊരു ചലനങ്ങളും ഉണ്ടാക്കാതിരുന്ന ശോഭ വളരെ പെട്ടെന്നാണ് സീസണിലെ തന്നെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറിയത്. ബിഗ് ബോസില്‍ വിജയിയാകാന്‍ സാധിച്ചില്ലെങ്കിലും ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു.
താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും ശോഭ ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചിതയാണ് ശോഭ. തന്റെ ആദ്യ വിവാഹം എത്രമാത്രം തനിക്ക് ദുരിതപൂര്‍ണമായിരുന്നുവെന്നും ശോഭ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. വലിയ പ്രതീക്ഷകളുമായിട്ടാണ് താന്‍ വിവാഹ ജീവിതത്തിലേക്ക് കടന്നത്.
എന്നാല്‍ കടുത്ത മാനസികവും ശാരീരികവുമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നായിരുന്നു ശോഭ പറഞ്ഞത്. രണ്ട് തവണയാണ് മാരിറ്റല്‍ റേപ്പിന് വിധേയമായതെന്നും ‘പീഡനം ഭയന്ന് രാത്രി സയമങ്ങളില്‍ ബാത്ത്‌റൂമില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും ആ ത്മഹത്യക്ക് പോലും താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ശോഭ തുറന്ന് പറഞ്ഞിരുന്നു.
അതേസമയം മറ്റൊരു വിവാഹത്തിന് ശോഭ തയ്യാറാകുമോയെന്ന് പലപ്പോഴും ഹൗസില്‍ വെച്ച് മറ്റ് മത്സരാര്‍ത്ഥികള്‍ ചോദിച്ചിട്ടുണ്ടെങ്കിലും ഇല്ലെന്നായിരുന്നു ശോഭ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശോഭ. ബിഗ് ബോസിലെ സഹതാരവും ശോഭയുടെ ഏറ്റവും അടുത്ത സുഹൃത്തായ നാദിറ പങ്കിട്ട വീഡിയോയിലൂടെയാണ് ശോഭയുടെ തുറന്ന് പറച്ചില്‍.
വീണ്ടും വിവാഹം ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇല്ലെന്നും എന്നാല്‍ താന്‍ പ്രണയത്തിലാണെന്നും ശോഭ പറയുകയായിരുന്നു. ശോഭയുടെ പ്രണയത്തെ കുറിച്ച് തനിക്ക് അറിയാമെന്ന് നാദിറയും വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ നേരിട്ട് ആളെ കണ്ടിട്ടില്ലെന്നും നാദിറ പറയുന്നു. ശോഭ ‘പ’എന്നാണ് സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിക്കാറുള്ളതെന്നും നാദിറ വെളിപ്പെടുത്തി.
ജീവിതത്തില്‍ ഒരു പങ്കാളി വരുമോയെന്ന ചോദ്യത്തിന് ജീവിത്തതില്‍ ഇഷ്ടമുള്ളൊരാള്‍ ഉണ്ടല്ലോ എന്ന് നേരത്തേ തന്നെ ശോഭ വെളിപ്പെടുത്തിയിരുന്നു.’വീട്ടിലൊന്നും അറിയില്ല. എന്നിരുന്നാലും ഇതൊന്നും ഞാന്‍ തുറന്ന് പറയുന്നില്ല. കാരണം നേരത്തേ ഞാനൊരു ഓപ്പണ്‍ ബുക്കായിരുന്നു. ഇനി അത് വന്നാലും ഇല്ലെങ്കിലും വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും രണ്ടായി തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ ജീവിതം പബ്ലിക്ക് ആക്കുമ്പോള്‍ ഒരുപാട് അനുഭവിച്ചിട്ടുള്ളൊരാളാണ് ഞാന്‍’, എന്നായിരുന്നു ശോഭയുടെ വാക്കുകള്‍.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശോഭ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. പോണ്ടിച്ചേരിയില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. അതോടെ ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പിന്നെ ഭര്‍ത്താവിന്റെ കുടുംബ ബിസിനസില്‍ ശ്രദ്ധിച്ചു പോരുകയായിരുന്നുവെന്നാണ് ശോഭ പറയുന്നത്. ഇതിനിടെ വിവാഹ ജീവിതമവസാനിപ്പിച്ച് ഇറങ്ങി വന്നു. ഡിവോഴ്‌സ് കേസ് ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. ഗാര്‍ഹിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഇനി അവിടെ തുടരുന്നത് മരിക്കുന്നത് തുല്യമായ അവസ്ഥയായി. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ആ ജീവിതം വേണ്ടെന്ന് തീരുമാനിക്കുന്നതെന്നാണ് ശോഭ പറയുന്നത്. തുടര്‍ന്ന് താന്‍ കൈത്തറിയിലേക്ക് കടന്നതിനെക്കുറിച്ചും ശോഭ സംസാരിക്കുന്നുണ്ട്. ബാലരാമപുരത്തെ കൈത്തറിക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൈത്തറി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് 2012 ല്‍ വീവേഴ്‌സ് വില്ലേജ് തുടങ്ങുന്നത്. നെയ്ത്ത് ഉപജീവനമാക്കിയവര്‍ക്ക് കൈത്താങ്ങായിട്ടാണ് സ്ഥാപനം ആരംഭിക്കുന്നതെന്നാണ് ശോഭ പറയുന്നത്.
ബിഗ് ബോസില്‍ തനിക്ക് കയ്യടി ലഭിക്കാന്‍ കാരണം നിലപാടുകളാണെന്നാണ് ശോഭ പറയുന്നത്. നിലപാടുകള്‍ ഉറക്കെ പറഞ്ഞതു കൊണ്ടാണ് കയ്യടി കിട്ടിയതെന്ന് കരുതുന്നു. ഇപ്പോള്‍ തിരിച്ചറിയപ്പെടുന്നതും അത്തരത്തിലാണ്. ഓരോ വ്യക്തിയും അനുഭവിക്കുന്ന ജീവിതം ഒരുപോലെയാകില്ല.
ദുരിതങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമൊന്നും ഒരുപോലെ ആവില്ല. അത് താരതമ്യം ചെയ്യാന്‍ നില്‍ക്കുന്നതേ മണ്ടത്തരമാണ്. അക്കാര്യം ബിഗ് ബോസില്‍ ഉറക്കെ പറഞ്ഞുവെന്ന് മാത്രമാണെന്നും ശോഭ പറയുന്നു. ബിഗ് ബോസില്‍ ശോഭയ്ക്ക് നാലാം സ്ഥാനത്താണ് എത്താന്‍ സാധിച്ചത്. എങ്കിലും തന്നെ സംബന്ധിച്ച് താന്‍ വിന്നര്‍ തന്നെയാണെന്നാണ് ശോഭ പറയുന്നത്.