News
ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്; ഹൈദരാബാദ് ടീമിനെ സ്വന്തമാക്കി നടന്‍ രാം ചരണ്‍ തേജ
ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്; ഹൈദരാബാദ് ടീമിനെ സ്വന്തമാക്കി നടന്‍ രാം ചരണ്‍ തേജ
നിരവധി ആരാധകരുള്ള താരമാണ് നടന്‍ രാം ചരണ്‍ തേജ. ഇപ്പോഴിതാ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ (ഐഎസ്പിഎല്‍) ഹൈദരാബാദ് ടീമിനെ സ്വന്തമാക്കിയിരിക്കുകയാണ് താരം. നടന്‍ തന്നെയാണ് ആരാധകരുമായി ഇക്കാര്യം പങ്കുവച്ചത്. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദ് ടീമിന്റെ ഉടമയായതില്‍ സന്തോഷമുണ്ടെന്ന് രാം ചരണ് എക്‌സില്‍ കുറിച്ചു.
‘വരാനിരിക്കുന്ന ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദ് ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ലീഗ് യുവ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് വലിയൊരു അവസരമായിരിക്കും.
ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദിന്റെ സാന്നിദ്ധ്യം അവിസ്മരണീയമാക്കാന്‍ എനിക്കൊപ്പം നിങ്ങളുമുണ്ടാകണം’. രാം ചരണ് എക്‌സില്‍ കുറിച്ചു. കുറിപ്പിനൊപ്പം ക്രിക്കറ്റ് ടീമില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.
വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരങ്ങളെ കണ്ടെത്താന്‍ ഈ ടൂര്‍ണമെന്റിലൂടെ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടറും ഐഎസ്പിഎല്‍ സെലക്ഷന്‍ കമ്മിറ്റി മേധാവിയുമായ ജതിന്‍ പരഞ്ജ്‌പെ പറഞ്ഞു. 2024 മാര്‍ച്ച് 2 മുതല്‍ 9 വരെയാണ് ഐഎസ്പിഎല്‍ മത്സരങ്ങള്‍ നടക്കുക.
അതേസമയം മുംബൈ ടീം അമിതാഭ് ബച്ചന്റെയും ബെംഗളൂരു ടീം ഹൃത്വിക് റോഷന്റെയും ജമ്മു കശ്മീര്‍ ടീം അക്ഷയ് കുമാറിന്റെയും ഉടമസ്ഥതയിലാണ്.
