Connect with us

നിര്‍മ്മാണ ചെലവ് നന്നായി കുറയ്ക്കാന്‍ സഹായകമായ ഒരു സ്ഥലം…. ഏറെ ലളിതമായി ഇടപെടുന്ന, എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നാട്ടുകാര്‍. ഇതാണ് എനിക്ക് കാസര്‍ഗോഡ്; ഡോ. ബിജു

Malayalam

നിര്‍മ്മാണ ചെലവ് നന്നായി കുറയ്ക്കാന്‍ സഹായകമായ ഒരു സ്ഥലം…. ഏറെ ലളിതമായി ഇടപെടുന്ന, എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നാട്ടുകാര്‍. ഇതാണ് എനിക്ക് കാസര്‍ഗോഡ്; ഡോ. ബിജു

നിര്‍മ്മാണ ചെലവ് നന്നായി കുറയ്ക്കാന്‍ സഹായകമായ ഒരു സ്ഥലം…. ഏറെ ലളിതമായി ഇടപെടുന്ന, എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നാട്ടുകാര്‍. ഇതാണ് എനിക്ക് കാസര്‍ഗോഡ്; ഡോ. ബിജു

മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തിരഞ്ഞെടുക്കന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയക്കെതിരെ സംവിധായകന്‍ ഡോ. ബിജു. മയക്കുമരുന്ന് കൂടുതല്‍ ലഭിക്കുന്നത് കൊച്ചിയില്‍, അതിന് വേണ്ടി കാസര്‍ഗോഡ് പോയി ഷൂട്ട് ചെയ്യണ്ടതില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

തന്റെ വിവാദ പരാമര്‍ശത്തില്‍ രഞ്ജിത്ത് ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ അങ്ങനെ കേട്ടിരുന്നു, അത് കൊണ്ട് പറഞ്ഞു പോയതാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇതിനെതിരെയാണ് ഡോ. ബിജു രംഗത്തെത്തിയത്.

ഡോ. ബിജുവിന്റെ കുറിപ്പ്:

കാസര്‍ഗോട്ട് രണ്ടു സിനിമകള്‍ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച വലിയ ചിറകുള്ള പക്ഷികള്‍ ഷൂട്ട് ചെയ്തത് 2014 -2015 വര്‍ഷങ്ങളിലായി ഒരു വര്‍ഷം എടുത്താണ്. മഴക്കാലം, വേനല്‍, വസന്തം എന്നിങ്ങനെ മൂന്ന് കാലാവസ്ഥകള്‍ ആണ് കാസര്‍ഗോഡ് ചിത്രീകരിച്ചത്. പിന്നീട് ടൊവിനോ തോമസ് നായകനായ അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണം 2022 ല്‍. 2022 ജനുവരി മുതല്‍ ജൂലൈ വരെ ഏതാണ്ട് ഏഴു മാസങ്ങള്‍ എടുത്താണ് കാസര്‍ഗോട്ട് സെറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് ആഗസ്റ്റ് മാസത്തില്‍ ഒരു മാസം നീണ്ടു നിന്ന ഷൂട്ടിങ്.

ഈ രണ്ടു സിനിമകളും കാസര്‍ഗോട്ട് ചെയ്തത് ആ സിനിമകളുടെ ലൊക്കേഷന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്. കൂടാതെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ ബജറ്റ് കുറവും തദ്ദേശീയമായ ആളുകളുടെ സഹകരണവും കാസര്‍ഗോട്ട് കൂടുതലായി ലഭിച്ചിരുന്നു എന്നതാണ് എന്റെ അനുഭവം. മംഗലാപുരത്തു മയക്കു മരുന്ന് കിട്ടാനുള്ള എളുപ്പത്തിന് കാസര്‍ഗോട്ട് സിനിമകള്‍ ചിത്രീകരിക്കുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ തീര്‍ത്തും അബദ്ധമാണ്. വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. മയക്ക് മരുന്ന് കിട്ടാന്‍ കാസര്‍ഗോട്ട് പോയി ഷൂട്ട് ചെയ്യേണ്ടതില്ല. അതിനേക്കാള്‍ കൂടുതല്‍ മയക്ക് മരുന്ന് ലഭ്യത കൊച്ചിയില്‍ ഉണ്ട്.

Narcotic Drugs and Psychotropic Substances (NDPS) Act in 2020 അനുസരിച്ചു ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇന്ത്യയിലെ മെട്രോ പൊളീറ്റന്‍ സിറ്റികളില്‍ അഞ്ചാം സ്ഥാനത്തു കൊച്ചി ഉണ്ട്. മുംബൈ, ബാംഗ്ലൂര്‍, ഇന്‍ഡോര്‍, ഡല്‍ഹി, കൊച്ചി എന്നിവയാണ് ആദ്യ അഞ്ചു നഗരങ്ങള്‍. കേരള നിയമസഭയില്‍ ഫെബ്രുവരിയില്‍ നടന്ന സഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തിയ കണക്കനുസരിച്ചു 2021ല്‍ കേരളത്തില്‍ NDPS കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 3922 എണ്ണം ആണ്.

അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തത് എറണാകുളത്ത് ആണ്; 540 എണ്ണം. തൊട്ടു പിന്നില്‍ തൃശൂര്‍ (447), കണ്ണൂര്‍ (383), ഇടുക്കി (372) ജില്ലകള്‍ ആണ്. ഏറ്റവും കുറവ് മയക്ക് മരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തിലെ ജില്ല കാസര്‍ഗോഡ് ആണ്. 77 കേസ് മാത്രം. ആ കാസര്‍ഗോഡ് ആണ് സിനിമാക്കാര്‍ മയക്ക് മരുന്ന് ലഭിക്കാന്‍ ഷൂട്ടിങ് വെക്കുന്നു എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായി പരാമര്‍ശിക്കുന്നത്.

സിനിമാ രംഗത്തു നിന്നുമുള്ള വെളിപ്പെടുത്തലുകള്‍ സത്യമെങ്കില്‍ ഒട്ടേറെ ആളുകള്‍ നടന്മാര്‍ ഉള്‍പ്പെടെ മയക്ക് മരുന്ന് ഉപയോഗിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. വിവിധ സംഘടനാ നേതാക്കള്‍ തന്നെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്നത് കൂടുതല്‍ ഗൗരവം ഉളവാക്കുന്നു. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിനിമാ സംഘടനകള്‍ തന്നെ മുന്‍കൈ എടുക്കണം. അത്തരത്തിലുള്ള ഗൗരവമായ കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്നതിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഒരു പ്രദേശത്തു ഷൂട്ട് ചെയ്യുന്നത് മയക്ക് മരുന്ന് കിട്ടാനാണ് എന്ന മട്ടിലുള്ള യാതൊരു അടിസ്ഥാനവും ഇല്ലാത്ത സ്റ്റേറ്റ്‌മെന്റ്കള്‍ ഉപകരിക്കൂ.

കേരള പോലീസിന്റെ തന്നെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കുറവ് മയക്കു മരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. വസ്തുത ഇതായിരിക്കെ വെറുതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരു ജില്ലയെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും നരേട്ടീവുകളും ദയവായി ഒഴിവാക്കേണ്ടതാണ്. എന്റെ വിവിധ സിനിമകള്‍ക്ക് ലൊക്കേഷനായി ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു സിനിമയുടെ കുറച്ചു ഭാഗം കാനഡയില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.

അതിലൊരു ഇടമാണ് കാസര്‍ഗോഡും. രണ്ടു സിനിമകള്‍ ആ ജില്ലയില്‍ ഷൂട്ട് ചെയ്തു. ഇനിയും ഇനിയും കണ്ടെടുക്കാന്‍ ബാക്കി വെച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന ലൊക്കേഷനുകള്‍ ഉള്ള ഒരു പ്രദേശം. നിര്‍മ്മാണ ചെലവ് നന്നായി കുറയ്ക്കാന്‍ സഹായകമായ ഒരു സ്ഥലം. ഏറെ ലളിതമായി ഇടപെടുന്ന, എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നാട്ടുകാര്‍. ഇതാണ് എനിക്ക് കാസര്‍ഗോഡ്. വീണ്ടും അവിടെ സിനിമകള്‍ ചെയ്യാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ. NB – ഹോമിയോപ്പതി വകുപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി രണ്ടര കൊല്ലം ജോലി ചെയ്ത സ്ഥലം കൂടിയാണ് കാസര്‍ഗോഡ്. അതുമായി ബന്ധപ്പെട്ട ഒട്ടേറെ നല്ല ഓര്‍മകളും അനുഭവങ്ങളും വേറെ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top