Actor
വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; നന്ദി പറഞ്ഞ് നടന്‍ പൊന്നമ്പലം
വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; നന്ദി പറഞ്ഞ് നടന്‍ പൊന്നമ്പലം
വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് പൊന്നമ്പലം. മലയാളം ഉള്‍പ്പെടെയുള്ള നിരവധി തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍, കമല്‍ ഹാസന്‍, വിജയ്കാന്ത്, അര്‍ജുന്‍ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളോടൊപ്പം നടന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നാട്ടാമൈ എന്ന തമിഴ്ചിത്രത്തിലെ വില്ലന്‍ വേഷമാണ് ശ്രദ്ധേയമായത്.
എന്നാല്‍ വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം വളരെ ബുദ്ധിമുട്ടിലായിരുന്നു. സഹപ്രവര്‍ത്തകരോടടക്കം അദ്ദേഹം സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. പിന്നാലെ തന്നെ സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടന്‍.
ബന്ധുവും ഷോര്‍ട്ട്ഫിലിം സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നല്‍കിയത്. ഫെബ്രുവരി പത്തിന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അസുഖവും സാമ്പത്തിക പ്രയാസവും കാരണം ഇരുപതിലേറെ തവണ ആ ത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ എസ് രവികുമാര്‍ എന്നിവര്‍ സഹായവുമായി എത്തിയിരുന്നു. സ്റ്റണ്ട്മാനായാണ് പൊന്നമ്പലം സിനിമരംഗത്തേയ്ക്ക് കടന്നു വരുന്നത്. 1988ല്‍ പുറത്തിറങ്ങിയ കലിയുഗം എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തുടക്കം കുറിച്ചു.