Connect with us

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

Movies

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും.

ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തു. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിര്‍ണയിക്കുന്നത്.

പ്രാഥമികതലത്തിലെ രണ്ടുജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തുന്ന സിനിമകളില്‍ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളില്‍ തര്‍ക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.

ഒന്നാം ഉപസമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങള്‍. രണ്ടാംസമിതിയില്‍ സംവിധായകന്‍ കെ.എം. മധുസൂദനനാണ് ചെയര്‍മാന്‍. നിര്‍മാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്സില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഒന്നാം നിരയിലുള്ളത്. മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘പുഴു’, ‘റോഷക്’ എന്നീ സിനിമകളാണ് അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്. ‘അറിയിപ്പ്’, ‘ന്നാ താന്‍ കേസ് കൊട്’, ‘പട’ എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെതായി അവസാന റൗണ്ടിലുള്ളത്.

പൃഥ്വിരാജും അവസാന റൗണ്ടിലെത്തിയിട്ടുണ്ട്. ‘തീര്‍പ്പ്’, ‘ജനഗണമന’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് പൃഥ്വിരാജിനെ അവസാന റൗണ്ടിലെത്തിച്ചത്. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് എത്തിയത്. അതില്‍ നിന്ന് 42 എണ്ണമാണ് രണ്ട് പ്രാഥമിക ജൂറികള്‍ തിരഞ്ഞെടുത്തത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, ഷാഹി കബീര്‍ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറ, വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ മികച്ച സിനിമ, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്ന ലിസ്റ്റിലുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

More in Movies

Trending

Recent

To Top