Connect with us

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നു… അന്തിമ റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കില്ല

News

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നു… അന്തിമ റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കില്ല

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നു… അന്തിമ റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കില്ല

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവും പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ മെയ് 30നു വിചാരണാക്കോടതിയിൽ സമർപ്പിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദേശം. ഇന്നത്തോടെ തുടരന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുകയാണ്.

തുടരന്വേഷണത്തിനു അനുവദിച്ച സമയപരിധി കഴിഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ല. അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്ന ഹർജി ഹൈക്കോടതി പരിഗണിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണു തീരുമാനം. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും മൂന്നു മാസം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

പലതവണ സമയപരിധി നീട്ടി നൽകിയതാണെന്നും ഇനി നടക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു നൽകാൻ ക്രൈംബ്രാഞ്ച് ഒരുങ്ങിയതാണ്‌. അതിനിടയിലാണ് അതിജീവിതയുടെ പരാതിയും സർക്കാർ സമ്മർദ്ദവും ഉണ്ടായത്. അതോടെ ഇനിയും മൂന്നു മാസം സമയം വേണമെന്നാണു അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്.ക്രൈംബ്രാഞ്ച് നൽകിയ പുതിയ ഹർജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.

കേസ് പരിഗണിക്കുമ്പോൾ കോടതി എന്തു നിലപാടെടുക്കും എന്നറിഞ്ഞു മുന്നോട്ടു പോകാനാണു തീരുമാനം. ഡിജിറ്റൽ രേഖകൾ പരിശോധിച്ച് പൂർത്തിയായിട്ടില്ല, ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം തുടരുകയാണ് തുടങ്ങി നിരവധി കാരണങ്ങൾ നിരത്തിയാണ് ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചത്.

തുടരന്വേഷണത്തിന് അന്വേഷണ സംഘം സമയ പരിധി നീട്ടി ചോദിച്ചത് കൃത്യമായ തെളിവുകളോടെയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഒരു ലക്ഷം രൂപ നല്‍കി എന്നതിന് ലഭിച്ച തെളിവുകള്‍ ഉള്‍പ്പടെയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പീഡന ദൃശ്യങ്ങളുടെ കമന്ററി ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചു എന്നും ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്.

2015 നവംബര്‍ ഒന്നിന് പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കി എന്നും സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ നവംബര്‍ രണ്ടിന് തുക നിക്ഷേപിച്ചതിന്റെ തെളിവുകളും ലഭിച്ചു എന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ നടത്തിയ പരിശോധനയിലാണ് 2015 ഒക്ടോബര്‍ 30ന് ദിലീപിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചതിന് തെളിവുകള്‍ ലഭിച്ചത്. നടിയെ ആക്രമിക്കുന്നതിനിടയില്‍ ചിത്രീകരിച്ച പീഡനദൃശ്യം അതേപടി വിവരിച്ച് തയ്യാറാക്കിയ പ്രിന്റിന്റെ ചിത്രങ്ങളാണ് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലുണ്ടായിരുന്നത് എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ അഭിഭാഷകന്റെ ഇത് പക്കല്‍ നിന്ന് പകര്‍ത്തിയതാണ് എന്നാണ് അനൂപ് ഇക്കാര്യത്തില്‍ മൊഴി നല്‍കിയത്. എന്നാല്‍ ഡിജിറ്റല്‍ പരിശോധനയില്‍ ഇത് കള്ളമാണ് എന്ന് വ്യക്തമായിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ ഒറിജിനലോ ദിലീപിന്റെ പക്കലുണ്ട് എന്നാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ദിലീപിന് കിട്ടി എന്നത് ശരി വെക്കുന്ന തെളിവുകള്‍ ദിലീപിന്റെ ബന്ധുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദിലീപ് ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് സൈബര്‍ വിദഗ്ദ്ധനും കേസിലെ മാപ്പുസാക്ഷിയുമായ സായ് ശങ്കറിന്റെ മൊഴിയില്‍ വ്യക്തമാണ്.

ശരത്തിന്റെ പക്കലുണ്ടായിരുന്ന ടാബിലാണ് ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്. ഇതിലുള്ള ദൃശ്യങ്ങള്‍ ദിലീപും കൂട്ടരും കണ്ടു എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന ആവശ്യം നിരസിച്ച വിചാരണ കോടതി ഉത്തരവ് വിചിത്രവും നിയമ വിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമാണ് എന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണം എന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. ഇതിനിടെ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹ‍ർജിയും നാളെ വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വരും.

More in News

Trending

Recent

To Top