News
5 വർഷങ്ങൾ, മറഞ്ഞ് കിടക്കുന്ന ആ രഹസ്യം! ദിലീപിന് കുരുക്ക് മുറുകി, മിന്നൽ വേഗത്തിൽ പാഞ്ഞ് ക്രൈംബ്രാഞ്ച് കോടതിയിലേക്ക്
5 വർഷങ്ങൾ, മറഞ്ഞ് കിടക്കുന്ന ആ രഹസ്യം! ദിലീപിന് കുരുക്ക് മുറുകി, മിന്നൽ വേഗത്തിൽ പാഞ്ഞ് ക്രൈംബ്രാഞ്ച് കോടതിയിലേക്ക്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയെന്ന വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണ പുരോഗതി റിപ്പോർടിനൊപ്പം വിസ്താര നടപടികൾ ദീർഘിപ്പിക്കാൻ വിചാരണക്കോടതി തന്നെ സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിക്കും.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ പക്കലുളള ദൃശ്യങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. നേരത്തെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പിയുടെ പക്കലുണ്ടെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പിയോട് നിർദേശിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
ദിലീപ് അടക്കം നാല് പ്രതികൾ പഴയ മൊബൈൽ ഫോൺ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നു കണ്ടെത്തിയ ക്രൈംബ്രാഞ്ച് പഴയ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിക്കത്തിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ വർഗീസ് അലക്സാണ്ടർക്കാണ് കത്തുനൽകിയത്.
ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഗൂഢാലോചന നടന്നതായി പറയുന്ന 2016–17 കാലത്ത് ഉപയോഗിച്ചവയല്ലെന്നാണ് ദിലീപ് പറയുന്നത്. ആ സമയത്ത് ഉപയോഗിച്ചവ 2017-ൽ തന്റെ അറസ്റ്റിനു ശേഷം കോടതിമുമ്പാകെ ഹാജരാക്കി ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയവയാണ്.
നിലവിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകളിലൊന്ന് മറ്റൊരാളുടെ പേരിലുള്ളതാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഇതുപയോഗിച്ചു തുടങ്ങിയത്. മറ്റൊന്ന് ബാങ്കിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. സ്ഥിരം ഉപയോഗിക്കുന്ന മൂന്നാമത്തെ ഫോണിലാണ് താനും ബാലചന്ദ്രകുമാറും തമ്മിൽ സംസാരിച്ചിട്ടുള്ളത്. ഈ ഫോൺ തന്റെ അഭിഭാഷകൻ മുഖേന മൊബൈൽ ഫൊറൻസിക് വിദഗ്‌ധന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കേണ്ട സമയത്ത് എത്തിക്കുമെന്നും കത്തിൽ പറയുന്നു
ബൈജു പൗലോസും ബാലചന്ദ്രകുമാറും നടത്തിയ ആശയവിനിമയം പരിശോധിക്കണം. സംവിധായകൻ വ്യാസൻ എടവനക്കാട്, അഡ്വ. സജിത്ത് എന്നിവരുമായി ബാലചന്ദ്രകുമാർ നടത്തിയ ആശയവിനിമയവും പരിശോധിക്കണം. ബാലചന്ദ്രകുമാർ താനുമായി നടത്തിയ ആശയവിനിമയം എന്താണെന്ന് പരിശോധിക്കാനും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അഭിഭാഷകന്റെ മൊഴിയെടുത്തു. തിരുവനന്തപുരം സ്വദേശി സജിത്തിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇദ്ദേഹം തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടതായി ബാലചന്ദ്രകുമാർ പറഞ്ഞതായാണ് അഭിഭാഷകന്റെ മൊഴി. ബാലചന്ദ്രകുമാർ അയച്ച വാട്‌സാപ്പ് ചാറ്റുകൾ അഭിഭാഷകൻ ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി.