Connect with us

ജയ് ശ്രീറാം, താന്‍ തികഞ്ഞ ദൈവ വിശ്വാസി; ‘അന്നപൂരണി’ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

News

ജയ് ശ്രീറാം, താന്‍ തികഞ്ഞ ദൈവ വിശ്വാസി; ‘അന്നപൂരണി’ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

ജയ് ശ്രീറാം, താന്‍ തികഞ്ഞ ദൈവ വിശ്വാസി; ‘അന്നപൂരണി’ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രമായിരുന്നു അന്നപൂരണി. എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു വന്നിരുന്നത്. ഇപ്പോഴിതാ എല്ലാത്തിനും പിന്നാലെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. താന്‍ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് നയന്‍താര പറയുന്നത്. സിനിമയിലൂടെ പോസറ്റീവ് സന്ദേശം നല്‍കാന്‍ ആണ് ശ്രമിച്ചത്.

അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചാവിഷയമായതിനെക്കുറിച്ചാണ് താന്‍ ഈ പ്രസ്താവന നടത്തുന്നതെന്ന് നയന്‍താര പറഞ്ഞു. ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയാല്‍ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയതെന്നും അവര്‍ വ്യക്തമാക്കി.

‘അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങള്‍ക്ക് തോന്നി. മനപൂര്‍വമായിരുന്നില്ല അത്. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററില്‍ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ OTTയില്‍ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താന്‍ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.

‘എല്ലാ ആരാധനാലയങ്ങളും സന്ദര്‍ശിക്കുന്ന ദൈവവിശ്വാസിയായ ഞാന്‍ ഒരിക്കലും മനഃപൂര്‍വ്വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തില്‍ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാര്‍ത്ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകള്‍ പ്രചരിപ്പിക്കാനും മറ്റുള്ളവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാനും മാത്രമാണ് ഈ 20 വര്‍ഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കല്‍ കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നുപറഞ്ഞുകൊണ്ടാണ് നയന്‍താര കുറിപ്പ് അവസാനിപ്പിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയന്‍താരക്കെതിരെയും നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു സംഘടനകളാണ് പരാതി നല്‍കിയത്. സിനിമയ്‌ക്കെതിരെ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘അന്നപൂരണി’ നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും നീക്കം ചെയ്തിരുന്നു.

ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാന്‍ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി.

എന്നാല്‍ നോണ്‍വെജ് ഭക്ഷണം പാകം ചെയ്യാന്‍ അവള്‍ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍. ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് അന്നപൂരണി നിസ്‌കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്.

More in News

Trending

Recent

To Top