News
അന്നപൂരണി വിവാദം; നയന്‍താര അറസ്റ്റിലേയ്ക്ക്?
അന്നപൂരണി വിവാദം; നയന്‍താര അറസ്റ്റിലേയ്ക്ക്?
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു.
ഇപ്പോഴിതാ നയന്‍താര അറസ്റ്റിലേയ്ക്ക് എന്നുള്ള വാര്‍ത്തകള്‍ ആണ് പുറത്തെത്തുന്നത്. നയന്‍ താരയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അന്നപൂരണ്ണി എന്ന സിനിമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെര്‍ഗിലിനുമെതിരെ മധ്യപ്രദേശ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നയന്‍താര, സംവിധായകന്‍ നിലേഷ് കൃഷ്ണ, നിര്‍മ്മാതാക്കളായ ജതിന്‍ സേത്തി, ആര്‍ രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെ ഏഴ് പ്രതികളും നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ മേധാവിയും കേസില്‍ പ്രതികള്‍ ആണ്.ഹിന്ദു സേവാ പരിഷത്ത് ഒംതി പോലീസ് സ്‌റ്റേഷനില്‍ നല്കിയ പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. മത കലഹവും വികാരം വൃണപ്പെടുത്തലും ഉള്‍പ്പെടെ ജാമ്യ മില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന വിവരമാണ് പുറത്തെത്തുന്നത്.
ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റുകളുടെ താര റാണി നിയമകുരുക്കില്‍ പെട്ടിരിക്കുകയാണ്. പ്രതികള്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ശ്രീരാമനെ അനാദരിക്കുകയും സിനിമയിലൂടെ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നു. ഡിസംബര്‍ 1 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 29 ന് നെറ്റ് ഫ്‌ലക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയിരുന്നു.
കേസിനെ തുടര്‍ന്ന് ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ബജ്‌റംഗ്ദളും ഹിന്ദു ഐടി സെല്ലും നയന്‍താരയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ രണ്ട് പരാതികളും മുംബൈയില്‍ നല്‍കിയിട്ടുണ്ട്. ഹിന്ദു സേവാ പരിഷത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ അതുല്‍ ജെസ്വാനിയുടെ ജബല്‍പൂരില്‍ നല്കിയ പരാതി പറയുന്നത് ഇങ്ങിനെ.
മതത്തിന്റെയും പൊതു ഉദ്ദേശ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നയന്‍ താരയും ടീമും കുറ്റകൃത്യങ്ങള്‍ ചെയ്തു. ജന കോടികള്‍ ആരാധിക്കുന്ന ശ്രീരാമനെ അവഹേളിക്കുകയും ലൗ ജിഹാദിന്റെ പ്രമോട്ടര്‍ എന്ന രീതിയില്‍ പെരുമാറുകയും ചെയ്തു. സിനിമയില്‍ ഹിന്ദു ആചാരങ്ങള്‍ക്ക് മീതേ മുസ്‌ളീം രീതികള്‍ അടിച്ചേല്പ്പിക്കുകയായിരുന്നു.
അന്നപൂരണി’ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും സനാതന ധര്‍മ്മത്തെ അപമാനിച്ചെന്നും ശ്രീരാമനെതിരെ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹിന്ദു സേവാ പരിഷത്ത് എഫ്‌ഐആറില്‍ ആരോപിച്ചു.ഒരു ക്ഷേത്ര പൂജാരിയുടെ മകളായി അഭിനയിക്കുന്ന നയന്‍താര ബിരിയാണി ഉണ്ടാക്കുന്നതിന് മുമ്പ് ഹിജാബ് ധരിച്ച് നമസ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള സിനിമയിലെ ചില രംഗങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഒരു സീനില്‍, നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്ത് അവളെ മാംസം മുറിക്കാന്‍ നിര്‍ബന്ധിക്കുന്നു. ക്ഷേത്രത്തില്‍ മാംസം ആകാമെന്നും അതിനു കുഴപ്പം ഇല്ലെന്നും പ്രചരിപ്പിച്ചു. ഹിന്ദു ദൈവങ്ങള്‍ മാംസാഹാരികള്‍ എന്നുവരെ പ്രചരിപ്പിച്ചു. ശ്രീരാമനും സീത ദേവിയും മാംസം കഴിച്ചിരുന്നുവെന്ന്’ അവകാശപ്പെടുന്നു. മുസ്ലീം പുരുഷന്മാര്‍ ഹിന്ദു പെണ്‍കുട്ടികളെയും സ്ത്രീകളെയും മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഉപയോഗിക്കുന്ന ‘ലവ് ജിഹാദ്’ എന്ന പദമാണ് സിനിമ പ്രോത്സാഹിപ്പിക്കുന്നതെന്നും ജെശ്വനി ആരോപിച്ചു.
ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി തന്റെ ആഗ്രഹം പോലെ ലോക പ്രശസ്ത ഷെഫ് ആകുന്നതാണ് അന്നപൂര്‍ണ്ണിയുടെ ഇതിവൃത്തം. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. എന്നാല്‍ സിനിമയിലെ ചില രംഗങ്ങള്‍ വിവാദത്തിന് കാരണമാകുകയായിരുന്നു. ചിത്രത്തില്‍ രാമായണത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പരാമര്‍ശം ഉണ്ടെന്നും മതപരിവര്‍ത്തനത്തിന് പ്രോത്സാഹനമാകുന്ന രംഗങ്ങളും ചിത്രത്തില്‍ ഉണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുക്കുന്നത്.
ഇതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം രംഗത്തെത്തിയിരുന്നു. രാമന്‍ മാംസാഹാരവും കഴിച്ചിരുന്നതായി പറഞ്ഞ എംപി രാമായണത്തിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടാണ് പ്രതികരിച്ചത്. ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ അസ്വസ്ഥരാക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് കാര്‍ത്തി ചിദംബരം രാമായണത്തിലെ ഭാഗങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.