News
സുഹൃത്തായിരുന്ന അഭിനേതാവ്; വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍
സുഹൃത്തായിരുന്ന അഭിനേതാവ്; വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍
ടിടിഇ കെ വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം അനുശോചനം അറിയിച്ചത്. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികള്‍’ എന്ന് മോഹന്‍ലാല്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പം എന്നും എപ്പോഴും, ഒപ്പം, പുലിമുരുകന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് വിനോദ്.
തൃശ്ശൂര്‍ വെളപ്പായയിലാണ് ടി ടി ഇ വിനോദിനെ ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് ടിടിഇ കെ വിനോദിനെ കൊലപ്പെടുത്തിയത്. ഒരു ടിടിഇ എന്നതിനപ്പുറം മലയാള സിനിമയുമായി ഏറെ ബന്ധമുള്ള വ്യക്തിയായിരുന്നു കെ വിനോദ്. മലയാള സിനിമയുടെ സ്വന്തം ടിടിഇ എന്നായിരുന്നു സിനിമാ മേഖലയില്‍ വിനോദ് പൊതുവെ അറിയപ്പെട്ടിരുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് വിനോദ്.
സ്‌കൂള്‍ കാലം മുതല്‍ അഭിനയത്തില്‍ തത്പരനായിരുന്ന അദ്ദേഹം സംവിധായകന്‍ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു. ആഷിഖ് അബുമമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായി അഭിനയിച്ചു.
തുടര്‍ന്ന് മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍ യു, അച്ഛാദിന്‍, രാജമ്മ @ യാഹൂ, പെരുച്ചാഴി, മിസ്റ്റര്‍ ഫ്രോഡ്, കസിന്‍സ്, വിക്രമാദിത്യന്‍, ഒപ്പം, പുലിമുരുകന്‍ തുടങ്ങി നിരവധി സിനിമകളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്. എറണാകുളത്തായിരുന്നു വിനോദിന്റെ സ്ഥിരതാമസം.
