News
കൊച്ചിയിലും പരിസരത്തും മാത്രമായി ഒതുങ്ങുന്ന പ്രശ്‌നമല്ല ഇത്, ഇനിയും ഇങ്ങനെ ശ്വാസം മുട്ടി ജീവിക്കാന്‍ കഴിയില്ല; മൗനം വെടിഞ്ഞ് മമ്മൂട്ടി
കൊച്ചിയിലും പരിസരത്തും മാത്രമായി ഒതുങ്ങുന്ന പ്രശ്‌നമല്ല ഇത്, ഇനിയും ഇങ്ങനെ ശ്വാസം മുട്ടി ജീവിക്കാന്‍ കഴിയില്ല; മൗനം വെടിഞ്ഞ് മമ്മൂട്ടി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം സൃഷ്ടിച്ചത് വലിയ അരക്ഷിതാവസ്ഥയാണെന്ന് നടന്‍ മമ്മൂട്ടി. വിഷപ്പുക കാരണം തനിക്ക് ചുമയും ശ്വാസംമുട്ടലും പിടിപെട്ടെന്നും താരം വെളിപ്പെടുത്തി. കൊച്ചിയിലും പരിസരത്തും മാത്രമായി ഒതുങ്ങുന്ന പ്രശ്‌നമല്ല ഇതെന്നും മറ്റ് ജില്ലകളിലേക്കും വിഷപ്പുക വ്യാപിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന് ശാശ്വതമായ പരിഹാരം വേണം. ഇനിയും ഇങ്ങനെ ശ്വാസം മുട്ടി ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പുണെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് ” എന്നും മമ്മൂട്ടി പറഞ്ഞു.
ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി നിവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയെ കുറിച്ച് പറഞ്ഞ് മഞ്ജു വാര്യരും രംഗത്തെത്തിയിരുന്നു. ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് മഞ്ജു വാര്യര്‍.
‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരും!’, എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.
അതേസമയം, ഈ വിഷയത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ പ്രതികരിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. ബ്രഹ്മപുരത്തെ തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടിയും രംഗത്തെത്തിയിരുന്നു. ‘പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് അഥവാ ‘പൊ ക’ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട് .
എന്നാല്‍ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, റിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോടാണ്’, എന്നും പോസ്റ്റില്‍ പറഞ്ഞു. നിരവധി സിനിമാ താരങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു’ എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പ്.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പൃഥ്വിരാജ് കുറിച്ചു. നടന്‍ വിജയ് ബാബു, സംവിധായകന്‍ ഷാംദത്ത് എന്നിവരും വിഷയത്തില്‍ പ്രതികരിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ജനങ്ങള്‍ വീടുകള്‍ക്ക് ഉള്ളില്‍ കഴിയണമെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞത്. കൊവിഡ് കാലത്ത് മാസ്‌ക് ധരിച്ചെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു. എന്നാലിന്ന് കൊച്ചിയില്‍ അതിനും കഴിയാത്ത സ്ഥിതിയാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ടിജെ വിനോദ് എംഎല്‍എ സഭയില്‍ പറഞ്ഞു.
തീ പൂര്‍ണമായി അണച്ചെന്ന ആരോധ്യ മന്ത്രിയുടെ വാദം തള്ളിയ പ്രതിപക്ഷം തീ പൂര്‍ണമായും അണച്ചിട്ടില്ലെന്നും സഭയില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വെള്ളത്തിന് ക്യു നില്‍ക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് സമാനമാണ് ബ്രഹ്മപുരത്തേത്. തീ കെടുത്താന്‍ ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിന്റെ ഇരട്ടി ആളുകളാണ് വീടുകള്‍ക്ക് ഉള്ളില്‍ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
851 പേരാണ് ഇതുവരെ കൊച്ചിയില്‍ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ഫീല്‍ഡ് സര്‍വേ നാളെ മുതല്‍ ആരംഭിക്കും. 200 ആശാ പ്രവര്‍ത്തകരെ ഇതിനായി സജ്ജമാക്കി. മൊബൈല്‍ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. കിടപ്പ് രോഗികള്‍ക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങള്‍ക്ക് ഒപ്പം നിന്നുള്ള പ്രവര്‍ത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നല്‍കി. അടിയന്തരപ്രമേയത്തിന് അനുമതിയില്ല.