News
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടി; ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് മമ്മൂട്ടി
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടി; ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് മമ്മൂട്ടി
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. പ്രമുഖ ഐടി കമ്പനി യുഎസ്ടി ഗ്ലോബലിന്റെ സഹായത്തോടെയുള്ള ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള പത്തോളം ഭിന്നശേഷിക്കാരായ ആളുകള്‍ക്കാണ് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്. നേരത്തെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയില്‍ നിര്‍വഹിച്ചിരുന്നു.
അതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയില്‍ ചടങ്ങ് സംഘടിപ്പിച്ചത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കേരളത്തിനും പ്രയോജനം ചെയ്യുന്നുണ്ടെന്നും അവ ഒത്തിരിയേറെ സന്തോഷം തരുന്നുണ്ടെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വാഹിദ് മാവുങ്കല്‍, പ്രൊജക്റ്റ് ഓഫീസര്‍ അജ്മല്‍ ചക്കരപ്പാടം എന്നിവര്‍ സംസാരിച്ചു. കെയര്‍ ആന്‍ഡ് ഷെയറിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ അഭിനന്ദനം ലഭിച്ചു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷമീര്‍ വളാഞ്ചേരി, സെക്രട്ടറി ഷമീര്‍ മഞ്ചേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.