Connect with us

മരിക്കുന്നതിനും മണിക്കൂറുകള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ സജീവം…, അവസാന പോസ്റ്റ് ഭാവനയ്ക്ക് വേണ്ടി

News

മരിക്കുന്നതിനും മണിക്കൂറുകള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ സജീവം…, അവസാന പോസ്റ്റ് ഭാവനയ്ക്ക് വേണ്ടി

മരിക്കുന്നതിനും മണിക്കൂറുകള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ സജീവം…, അവസാന പോസ്റ്റ് ഭാവനയ്ക്ക് വേണ്ടി

കന്നട സിനിമാ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും ഞെട്ടിച്ചുകൊണ്ടാണ് നടന്‍ പുനീത് രാജ് കുമാറിന്റെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. അന്‍പതില്‍ താഴെ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള താരത്തിന് വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വലിയൊരു ആരാധക വൃന്തത്തെ സ്വന്തമാക്കുവാന്‍ കഴിഞ്ഞിരുന്നു. കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന്‍ എന്നതിനേക്കാളുപരി നല്ലൊരു അഭിനേതാവ് എന്ന നിലയിലും മനുഷ്യ സ്നേഹി എന്ന നിലയിലുമാണ് പുനീത് തിളങ്ങിയത്.

മരിയ്ക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു പുനീത്. ചേട്ടന്‍ ശിവരാജ് കുമാറും ഭാവനയും ഒന്നിച്ച് അഭിനയിക്കുന്ന ബാജ്റാഗി 2 എന്ന ചിത്രത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് പുനീത് ട്വിറ്ററില്‍ എത്തിയിരുന്നു. സിനിമ പക്ഷെ കാണുന്നതിന് മുന്‍പേ തന്നെ പുനീത് ലോകത്തോട് വിട പറഞ്ഞു. ശിവരാജ് കുമാറിനെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എ ഹര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ബാജ്റാഗി 2.

വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ പുനീതിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് അത്ര കാര്യമാക്കിയില്ല. പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ നെഞ്ച് വേദന വന്നപ്പോള്‍ അടുത്തുള്ള ക്ലിനിക്കില്‍ പോയി. ഇ സി ജി എടുത്തു. രാവിലെ തനിയ്ക്ക് യാതൊരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞ് ജിമ്മില്‍ പോയ ആളാണ്. വര്‍ക്കൗട്ടിന് ഇടെ അസ്വസ്ഥത തോന്നിയതോടെ വിക്രം ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എത്തിക്കുമ്പോള്‍ തന്നെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പക്ഷെ തിരിച്ചു വരും എന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. പൂര്‍ണ ആരോഗ്യവാനായിരുന്നു പുനീത്. മറ്റ് യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. സ്ഥിരമായി വര്‍ക്കൗട്ടും ചെയ്യും. വര്‍ക്കൗട്ട് ചെയ്യുന്നത് കൊണ്ട് തന്നെ തനിയ്ക്കും ഏട്ടന്‍ ശിവരാജ് കുമാറിനും പ്രായമാകുകയില്ല എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ പുനീത് പറഞ്ഞതൊക്കെ ഇപ്പോള്‍ ആരാധകര്‍ ഓര്‍ത്തെടുക്കുന്നു.

അപ്പു എന്നാണ് പുനീതിനെ അടുപ്പമുള്ള ആളുകള്‍ സ്‌നേഹത്തോടെ വിളിയ്ക്കുന്നത്. നടന്റെ മരണത്തെ തുടര്‍ന്ന് കന്നട പൂര്‍ണമായും അടച്ചു. തിയേറ്ററുകളും കോളേജുകളും ബസ്സുകളും എല്ലാം പ്രവര്‍ത്തനം നിര്‍ത്തി വച്ചു. വികാരഭരിതരായ ജനങ്ങളെ നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പുനീത് രാജ്കുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, പൃഥ്വിരാജ്, പാര്‍വ്വതി, ഭാവന, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി മലയാള താരങ്ങളും രംഗത്ത് എത്തിയിരുന്നു.

സമൂഹത്തോട് അത്രയും ബന്ധപ്പെട്ടുജീവിച്ച താരമായിരുന്നു പുനീത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെക്കാന്‍ മടി കാട്ടാതിരുന്ന ആള്‍. കൊവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി.

നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.

അച്ഛന്‍ ഡോ: രാജ്കുമാറിന്റെ പേരിലുള്ള ട്രസ്റ്റ് വഴിയും ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. സ്‌കൂളുകള്‍ക്കൊപ്പം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ക്യാംപെയ്നുകളുടെയും ഭാഗമായിട്ടുണ്ട് പലപ്പോഴും പുനീത്. കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി 2013ല്‍ സര്‍വ്വശിക്ഷാ അഭിയാന്റെ അംബാസഡര്‍ ആയിരുന്നു അദ്ദേഹം. മരിക്കുമ്പോഴും തന്റെ മറ്റൊരാഗ്രവും നിറവേറ്റിയാണ് പുനീത് രാജ്കുമാര്‍ മടങ്ങുന്നത്. അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ബംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെയാണ് നേത്രദാനം നടക്കുക. രണ്ട് പേര്‍ക്ക് കാഴ്ച പകര്‍ന്നാണ് പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരത്തിന്റെ മടക്കം.

രാജ്കുമാര്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും. അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷന്‍ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്കുമാര്‍.

More in News

Trending

Recent

To Top