Connect with us

പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാനായില്ല.., താരത്തിന്റെ ചിത്രത്തിനു മുന്നില്‍ തൂങ്ങിമരിച്ച് ആരാധകന്‍

News

പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാനായില്ല.., താരത്തിന്റെ ചിത്രത്തിനു മുന്നില്‍ തൂങ്ങിമരിച്ച് ആരാധകന്‍

പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാനായില്ല.., താരത്തിന്റെ ചിത്രത്തിനു മുന്നില്‍ തൂങ്ങിമരിച്ച് ആരാധകന്‍

കന്നട സിനിമാ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും ഞെട്ടിച്ചുകൊണ്ടാണ് നടന്‍ പുനീത് രാജ് കുമാറിന്റെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. അന്‍പതില്‍ താഴെ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള താരത്തിന് വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വലിയൊരു ആരാധക വൃന്തത്തെ സ്വന്തമാക്കുവാന്‍ കഴിഞ്ഞിരുന്നു. കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന്‍ എന്നതിനേക്കാളുപരി നല്ലൊരു അഭിനേതാവ് എന്ന നിലയിലും മനുഷ്യ സ്നേഹി എന്ന നിലയിലുമാണ് പുനീത് തിളങ്ങിയത്.

എന്നാല്‍ ഇപ്പോഴിതാ സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ മനം നൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. ബലഗാവി ജില്ലയിലെ അത്താണിയില്‍ രാഹുലാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ പുനീതിന്റെ ചിത്രം പൂക്കള്‍ വെച്ച് അലങ്കരിച്ച ശേഷം അതിന് മുന്നില്‍ ആരാധകന്‍ തൂങ്ങി മരിക്കുകയായിരുന്നു.

നടന്റെ മരണ വാര്‍ത്ത അറിഞ്ഞ് രണ്ട് ആരാധകര്‍ ഹൃദയാഘാതം മൂലവും മരിച്ചു. മുനിയപ്പ, പരശുറാം എന്നിവരാണ് മരണപ്പെട്ടത്. നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ കര്‍ഷകനായ മുനിയപ്പ ടിവിയ്ക്ക് മുന്നില്‍ ഇരുന്ന് കരയുകയിരുന്നു.

മരണ വാര്‍ത്ത അറിഞ്ഞ നിമിഷം അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു എന്ന് ഗ്രാമവാസികള്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരശുറാം രതി 11 മണിയോടെയാണ് മരിച്ചത്. അതേസമയം പുനീത് രാജ്കുമാറിന്റെ ശവസംസ്‌കാരം നാളെ നടക്കും. മക്കള്‍ അമേരിക്കയില്‍ നിന്ന് വന്ന ശേഷമായിരിക്കും ചടങ്ങുകള്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പുനീത് രാജ്കുമാര്‍ മരണത്തിന് കീഴടങ്ങിയത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ താരത്തിന് ഉണ്ടായിരുന്നില്ല. പുനീതിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ ആരാധകരും ഇന്ത്യന്‍ സിനിമാ ലോകവും മുക്തരായിട്ടില്ല.

അപ്പു എന്നാണ് പുനീതിനെ അടുപ്പമുള്ള ആളുകള്‍ സ്‌നേഹത്തോടെ വിളിയ്ക്കുന്നത്. നടന്റെ മരണത്തെ തുടര്‍ന്ന് കന്നട പൂര്‍ണമായും അടച്ചു. തിയേറ്ററുകളും കോളേജുകളും ബസ്സുകളും എല്ലാം പ്രവര്‍ത്തനം നിര്‍ത്തി വച്ചു. വികാരഭരിതരായ ജനങ്ങളെ നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പുനീത് രാജ്കുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, പൃഥ്വിരാജ്, പാര്‍വ്വതി, ഭാവന, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി മലയാള താരങ്ങളും രംഗത്ത് എത്തിയിരുന്നു.

സമൂഹത്തോട് അത്രയും ബന്ധപ്പെട്ടുജീവിച്ച താരമായിരുന്നു പുനീത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെക്കാന്‍ മടി കാട്ടാതിരുന്ന ആള്‍. കൊവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി.

നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.

അച്ഛന്‍ ഡോ: രാജ്കുമാറിന്റെ പേരിലുള്ള ട്രസ്റ്റ് വഴിയും ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. സ്‌കൂളുകള്‍ക്കൊപ്പം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ക്യാംപെയ്നുകളുടെയും ഭാഗമായിട്ടുണ്ട് പലപ്പോഴും പുനീത്.

കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി 2013ല്‍ സര്‍വ്വശിക്ഷാ അഭിയാന്റെ അംബാസഡര്‍ ആയിരുന്നു അദ്ദേഹം. മരിക്കുമ്പോഴും തന്റെ മറ്റൊരാഗ്രവും നിറവേറ്റിയാണ് പുനീത് രാജ്കുമാര്‍ മടങ്ങുന്നത്. അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ബംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെയാണ് നേത്രദാനം നടക്കുക. രണ്ട് പേര്‍ക്ക് കാഴ്ച പകര്‍ന്നാണ് പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരത്തിന്റെ മടക്കം.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരുന്നു. ഏറെ വൈകാതെ മരണവാര്‍ത്തയും എത്തി. വിലാപയാത്രയിലും പിന്നീട് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചപ്പോഴും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

രാജ്കുമാര്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും. അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷന്‍ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്കുമാര്‍.

More in News

Trending

Recent

To Top