Connect with us

ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലിന് കൈവശം സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു…, ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത് അനധികൃതമായി തന്നെ…?; കോടതിയില്‍ പൊരിഞ്ഞ വാദപ്രതിവാദങ്ങള്‍

Malayalam

ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലിന് കൈവശം സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു…, ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത് അനധികൃതമായി തന്നെ…?; കോടതിയില്‍ പൊരിഞ്ഞ വാദപ്രതിവാദങ്ങള്‍

ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലിന് കൈവശം സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു…, ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത് അനധികൃതമായി തന്നെ…?; കോടതിയില്‍ പൊരിഞ്ഞ വാദപ്രതിവാദങ്ങള്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഭാവാഭിനയം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍ എന്നതില്‍ സംശയമില്ല.

എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ കോടതിയില്‍ പൊരിഞ്ഞ വാദം നടക്കുകയാണ്. കേസ് പിന്‍വലിക്കാന്‍ ഉള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കക്ഷി ചേരാന്‍ വന്ന രണ്ടുപരാതിക്കാര്‍ക്ക് എതിരെ കടുത്ത നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. പരാതിക്കാര്‍ക്ക് പബ്ലിസിറ്റിയിലാണ് താല്‍പര്യമെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍, സര്‍ക്കാര്‍ വഴിവിട്ടുനീങ്ങിയെന്നും മോഹന്‍ലാലിന് വേണ്ടി നിയമം ലംഘിച്ചെന്നും പരാതിക്കാര്‍ എതിര്‍വാദം ഉന്നയിക്കുന്നു. ഒന്നര മണിക്കൂര്‍ നേരം നീണ്ട് നിന്നിരുന്ന വാദം തുടര്‍വാദത്തിനായി ഈ മാസം 29 ലേക്ക് കോടതി മാറ്റി വച്ചിരിക്കുകയാണ്.

ജെയിംസ് മാത്യു, എ.എ.പൗലോസ് എന്നിവരാണ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷയില്‍ ഇടപെട്ട് ഹര്‍ജി നല്‍കിയത്. തെറ്റായതും, ദുരുപദിഷ്ടവുമായ വ്യവഹാരത്തിലൂടെ നടനെ അപകീര്‍ത്തിപ്പെടുത്താണ് പരാതിക്കാരുടെ ശ്രമം എന്നാണ് പ്രോസക്യൂഷന്റെ വാദങ്ങളില്‍ ഒന്ന്. കേസ് തുടരുന്നത് വ്യഥാ വ്യായാമമാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു. മോഹന്‍ലാല്‍ ആനക്കൊമ്പ് വാങ്ങിയത് ശരിയായ സോഴ്സില്‍ നിന്നാണ്. അനധികൃതമായല്ല, ആനക്കൊമ്പ് കൈവശം വച്ചത്. കേസില്‍ ഇക്കാര്യത്തില്‍, പൊചുതാല്പര്യമോ, പൊതുഖജനാവിന് നഷ്ടമോ സംഭവിച്ചിട്ടില്ല.

എന്നാല്‍ കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടറുടെ മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും, സുപ്രീം കോടതി വിധികള്‍ പ്രകാരം, പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന കേസുകളില്‍ മൂന്നാം കക്ഷിക്ക് ഇടപെടാമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലിന് കൈവശം സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

കേസില്‍ ഒന്നാം പ്രതിയാണ് മോഹന്‍ലാല്‍. തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അപേക്ഷകള്‍ ഇതിനോടകം തന്നെ താരം സമര്‍പ്പിച്ചിരുന്നു. 2016 ജനുവരി 31നാണ് ആദ്യം അപേക്ഷ നല്‍കിയത്. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ 20ന് മറ്റൊരു അപേക്ഷയും നല്‍കി.

കൂടാതെ കേസ് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും സര്‍ക്കാരിന് രണ്ട് കത്ത് സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എന്‍ഒസി നല്‍കിയത്. അതേസമയം, മോഹന്‍ലാലിന് എതിരായ കേസ് പിന്‍വലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് അഡിഷണല്‍ ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടര്‍ക്ക് 2020 ഫെബ്രുവരി 7ന് കത്തെഴുതുകയും ചെയ്തു.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തൃശൂരിലും, ചെന്നൈയിലും ഉള്ള സ്വകാര്യവ്യക്തികളില്‍ നിന്നാണ് ആനക്കൊമ്പുകള്‍ വാങ്ങിയതെന്നും അവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. പക്ഷെ രണ്ട് ആനക്കൊമ്പുകള്‍ മോഹന്‍ലാല്‍ ഷൂട്ടിംഗിനായി വന്നപ്പോള്‍ ഒറ്റപ്പാലത്തെ ഒരു വീട്ടില്‍ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ലൈസന്‍സുള്ളവരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ വാങ്ങിയാലും ലൈസന്‍സ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കെ, മോഹന്‍ലാലിന്റെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ലെന്നും കേസില്‍ പ്രതിയായ മോഹന്‍ലാലിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകള്‍ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നുമാണ് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹുമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നത്.

കേസില്‍ മോഹന്‍ലാല്‍ അകപ്പെട്ടപ്പോള്‍ അന്നത്തെ വനം, സിനിമ മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാര്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ പുറത്തിറങ്ങിയിരുന്നു. ലൈസന്‍സില്ലാത്ത ആനക്കൊമ്പുകള്‍ സ്വയമേവ വനംവകുപ്പില്‍ സറണ്ടര്‍ ചെയ്താല്‍ കേസ് എടുക്കില്ല എന്നൊരു നിയമം കൊണ്ടു വരാനായിരുന്നു ശ്രമിച്ചത്. സംസ്ഥാനത്തിന് മാത്രം ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ ഇതിന്റെ ബില്‍ അന്നത്തെ കേന്ദ്ര വൈല്‍ഡ് ലൈഫ് മന്ത്രി ജയന്തി നടേശന് അയച്ചു കൊടുത്തിരുന്നു. അവര്‍ ആ നിര്‍ദ്ദേശം തള്ളിയതിനാല്‍ നിയമം കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

More in Malayalam

Trending

Recent

To Top