Malayalam
ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല, പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്; അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് കെപിഎസി ലളിതയെന്ന് മഞ്ജു വാര്യര്‍
ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല, പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്; അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് കെപിഎസി ലളിതയെന്ന് മഞ്ജു വാര്യര്‍
മലയാളത്തിന്റെ പ്രിയ അഭിനയത്രി കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടി മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണെന്നും മഞ്ജു വാര്യര്‍ അനുസ്മരിച്ചു.
ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. ‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട. മഞ്ജു വാര്യര്‍ പറഞ്ഞു
മുകേഷും അനുശോചനം അറിയിച്ചിട്ടുണ്ട്.5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം. എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത്. എന്നും തന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നുവെന്നും ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകര്‍ന്നാടിയ പ്രീയ നടിയാണെന്നും കെ പി എസി ലളിതയെ അനുസ്മരിച്ചു. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത്.. ചേച്ചിയുടെ കഥാപാത്രങ്ങള്‍ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവിശ്യപെടുന്നതെന്നും മുകേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രിയപ്പെട്ട ചേച്ചിക്ക് വിട.. മലയാള സിനിമയിലെ അഭിനയ കലയുടെ ബഹുമുഖ പ്രതിഭയാണെന്ന് തെളിയിച്ച അതുല്യ കലാകാരി. കുറെ സിനിമകളില്‍ ചേച്ചിയുമായി അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. ഭരതേട്ടന്റെ തന്നെ സംവിധാനത്തില്‍ ‘വെങ്കലത്തില്‍’ എന്റെ അമ്മ ആയപ്പോള്‍ ഒരിക്കലും മറക്കാത്ത അനുഭവമായി മാറി. വലിയ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് മനോജ് കെ. ജയനും അറിയിച്ചു.
അമ്മ കഥാപാത്രങ്ങളും ചേച്ചി കഥാപാത്രങ്ങളുമാണ് താരം കൂടുതല്‍ ചെയ്തിട്ടുള്ളത്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു. പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാന്‍ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളില്‍ ഒരാള്‍ കൂടിയാണ് കെപിഎസി ലളിത. മനസിനക്കരയിലെ കുഞ്ഞുമറിയ, അപൂര്‍വം ചിലരിലെ മേരിക്കുട്ടി, പവിത്രത്തിലെ പുഞ്ചിരി, തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തു, കനല്‍ക്കാറ്റിലെ ഓമന, മണിച്ചിത്രത്താഴിലെ ഭാസുര, കന്മദത്തിലെ യശോദ എന്നീ കഥാപാത്രങ്ങള്‍ അവയില്‍ ചിലത് മാത്രാമാണ്.
മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്സനായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ. നാലു സഹോദരങ്ങള്‍. ഫൊട്ടോഗ്രഫറായിരുന്നു അച്ഛന്‍. രാമപുരം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്‌കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാിരുന്നു പഠനം.
കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോല്‍സവങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി. ചങ്ങനാശേരി ഗീഥാ ആര്‍ട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു.
മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്.1970 ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകന്‍. അതിനു ശേഷം സിനിമയില്‍ സജീവമായി. 1978 ല്‍ ഭരതനെ വിവാഹം കഴിച്ചു.
ഭരതന്‍ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1975 ല്‍ നീലപ്പൊന്മാന്‍, 1978 ല്‍ ആരവം, 1990 ല്‍ അമരം, 1991 ല്‍ കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം എന്നീ ചിത്രങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
