Malayalam
തന്റെ അമ്മയുടെ പ്രസവം നിര്‍ത്തിയിട്ടാണ് താന്‍ ജനിക്കുന്നത്, സര്‍ക്കാരും വൈദ്യശാസ്ത്രവും തടയാന്‍ ശ്രമിച്ചിട്ടും മണിയുടെ വരവിനെ വേണ്ടെന്നു വയ്ക്കാന്‍ ആയില്ല; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മണിയുടെ വാക്കുകള്‍
തന്റെ അമ്മയുടെ പ്രസവം നിര്‍ത്തിയിട്ടാണ് താന്‍ ജനിക്കുന്നത്, സര്‍ക്കാരും വൈദ്യശാസ്ത്രവും തടയാന്‍ ശ്രമിച്ചിട്ടും മണിയുടെ വരവിനെ വേണ്ടെന്നു വയ്ക്കാന്‍ ആയില്ല; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മണിയുടെ വാക്കുകള്‍
മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് വര്‍ഷങ്ങളായി എങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയാണ് അദ്ദേഹം. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍റൗണ്ടറായിരുന്നു ഓട്ടോക്കാരനായി ജീവിതം ആരംഭിച്ച കലാഭവന്‍ മണി.
ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു.
ഇപ്പോഴിതാ മുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണി പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നതും. തന്റെ അമ്മയുടെ പ്രസവം നിര്‍ത്തിയിട്ടാണ് താന്‍ ജനിക്കുന്നതെന്നാണ് മണി പറയുന്നത്. സര്‍ക്കാറും വൈദ്യശാസ്ത്രവും തടയാന്‍ ശ്രമിച്ചിട്ടും മണിയുടെ വരവിനെ വേണ്ടെന്നു വയ്ക്കാന്‍ ആയില്ല. എന്ന് അവതാരകന്‍ പറയുമ്പോള്‍ മാനത്തു കിടക്കുന മഴക്കാറും, വയറ്റില്‍ കിടക്കുന്ന കുട്ടിയും എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ ആകില്ല എന്നാണ് മണിയുടെ മറുപടി.
അച്ഛന്‍ പണിയെടുക്കുന്ന സമയത്ത് അവിടെ ചെന്നിട്ട് പാള രണ്ടുസൈഡും കെട്ടിയിട്ട് മാങ്ങ കൊണ്ട് തരുമായിരുന്നു. കൂടെ എന്റെ കൂട്ടുകാരന്മാര്‍കാണും . ആരുടെ ദേഹത്താണോ മാങ്ങ തട്ടിയിട്ട് വീഴുന്നത് ആ മാങ്ങ അവര്‍ക്ക് ആണ് എന്ന് കൂട്ടുകാരന്മാര്‍ പറയുമായിരുന്നു. ആ നാളുകള്‍ ഒരിക്കലും നമുക്ക് മറക്കാന്‍ ആകില്ല.
അച്ഛന്‍ ഷര്‍ട്ട് ഇടുമായിരുന്നില്ല. ഷര്‍ട്ട് ഇടാന്‍ അറിയുമായിരുന്നില്ല. അറിയാത്തോണ്ട് മാത്രം അല്ല ഷര്‍ട്ട് ഇല്ലാഞ്ഞിട്ടാണ്. എന്റെ കല്യാണത്തിന്റെ അന്നാണ് അദ്ദേഹം ഷര്‍ട്ട് ഇടുന്നത്. കസേരയില്‍ ഇരിക്കാന്‍ അറിയില്ല. അച്ഛന്‍ ഇരുന്നത് പൊന്തുകാലില്‍ ആണ്. അച്ഛന് ആണെങ്കില്‍ അന്ന് ഷര്‍ട്ട് ഇട്ടിട്ട് ചൊരിഞ്ഞിട്ടും വയ്യാത്ത അവസ്ഥ ആയിരുന്നു.
തമിഴില്‍ ഒരുപാട് താരങ്ങള്‍ ഉണ്ട്. പല സിനിമ താരങ്ങളും വന്നിരിക്കുന്നതും, രജനി സാര്‍ വന്നിരുന്നതും തമ്മില്‍ നല്ല വ്യത്യസം ഉണ്ട് എന്ന് മണി നിരീക്ഷിക്കുമ്പോള്‍, മണി മിമിക്രികാരന്‍ ആകാനും കാരണം ഈ നിരീക്ഷണം ആണ് എന്നാണ് വീഡിയോയില്‍ അവതാരകന്‍ പറയുന്നത്. മണി ജീവിതത്തെയും ചുറ്റുവട്ടവും നിരീക്ഷിച്ചു. അതാണ് മണിയെ മണിയാക്കിയത് എന്നും അവതാരകന്‍ പറയുന്നുണ്ട്.
ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.
കലാഭവന്‍ മണി മരിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണി ഈ ലോകത്തോട് വിട പറഞ്ഞത്. മരിക്കുമ്പോള്‍ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. വിഷമദ്യം കുടിച്ചതാകാം മരണത്തിന് ഇടയാക്കിയതെന്നും അഭ്യൂഹമുയര്‍ന്നു. സഹോദരന്‍ ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെ മണിയുടെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫര്‍ ഇടുക്കി എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.
മണിയുടെ മരണത്തിന് ശേഷം നേരിടേണ്ടി വന്ന പ്രതിന്ധികളെ കുറിച്ച് ജാഫര്‍ ഇടുക്കി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ തന്നെ പലരും ക്രിമിനലായിട്ടാണ് കണ്ടിരുന്നതെന്നാണ് ജാഫര്‍ ഇടുക്കി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. മണിയുടെ ആളുകളുടെ അടുത്ത് നിന്ന് ഭീഷണി പോലും താനും കുടുംബവും നേരിട്ടിരുന്നുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു. തങ്ങള്‍ സുഹൃത്തുക്കളെല്ലാവരും കൂടി കുടിപ്പിച്ചു കൊന്നുവെന്നാണ് കേസെന്നും പൊതുജനം വിചാരിച്ചിരുന്നതും ജാഫര്‍ ഇടുക്കി പറയുന്നു.
‘ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പാവപ്പെട്ടവരാണ്. മണി സിനിമയില്‍ വന്നപ്പോഴാണ് കാശൊക്കെ ആയത്. ബാക്കി എല്ലാവരും കൂലിപ്പണിക്കാരും സാമ്പത്തികമായി വളരെ താഴെ നില്‍ക്കുന്നവരുമാണ്. പാടി എന്നുപറയുന്ന സ്ഥലത്ത് തലേദിവസങ്ങളില്‍ കുറെ ആളുകള്‍ വന്നുപോയി. വന്നവര്‍ നല്ലത് ചെയ്യാന്‍ വന്നതാണോ മോശം ചെയ്യാന്‍ വന്നതാണോ ഇവനൊക്കെ എവിടുന്ന് വന്നുകയറിയതാണെന്ന ചിന്താഗതി അവര്‍ക്ക് വന്നതില്‍ തെറ്റ് പറയാനൊക്കില്ല. മണിയുടെ അവിടെ എന്നും ആളും ബഹളവുമാണ്. വളര്‍ന്ന് വരുന്ന കലാകാരന്മാരെ കൊല്ലാന്‍ നടക്കുന്നവമ്മാരും ഉണ്ടാവും.
ആ രീതിയിലായി ആളുകളുടെ സംസാരം. അവരുടെ ഈ പറച്ചില്‍ നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെ കൂടി കുഴപ്പത്തിലാക്കുമോയെന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള കഥകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്’ എന്നും ജാഫര്‍ ഇടുക്കി പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച് പോയ നാളുകളായിരുന്നുവെന്നും കഥകള്‍ ഉണ്ടാക്കുന്നവര്‍ക്ക് തന്റെ കുടുംബത്തിന്റെ സങ്കടം കാണേണ്ട കാര്യമില്ലല്ലോയെന്നും സത്യമല്ലാത്ത ഓരോ വാര്‍ത്ത വരുമ്പോഴും പൊള്ളി നീറുകയായിരുന്നുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു. താനും കുടുംബവും അനുഭവിച്ച വേദന വാക്കുകളില്‍ വിവരിക്കാനാവില്ലെന്നും ജാഫര്‍ പറയുന്നു.