Uncategorized
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ധനുഷിന്റെ ജഗമേ തന്തിരം ടെലഗ്രാമില്‍!
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ധനുഷിന്റെ ജഗമേ തന്തിരം ടെലഗ്രാമില്‍!
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷ് നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രം ജഗമേ തന്തിരത്തിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍ ഇറങ്ങി. ജൂണ്‍ 18ന് ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുള്ളിലാണ് ടെലഗ്രാമിലെത്തിയത്. 2020 മെയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ജഗമേ തന്തിരം. എന്നാല്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടുപോകുകയായിരുന്നു.
തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റഫോം വഴി റിലീസ് ചെയ്യുകയായിരുന്നു. ധനുഷിന്റെ നാല്‍പതാം ചിത്രം എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലണ്ടനിലെ ഗ്യാങ്ങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം, വംശീയത, ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങള്‍ ഇവയെല്ലാമാണ്
ചിത്രത്തിന്റെ പശ്ചാത്തലം.
ലണ്ടനിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ധനുഷിനോടൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.
അതേസമയം, ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ടെന്ന് ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. മാത്രമല്ല, ധനുഷിനെ കുറിച്ചും താരം വാചാലയായിരുന്നു. ആക്ഷനോ കോമഡിയോ ഡാന്‍സോ ഇമോഷണല്‍ രംഗങ്ങളോ എന്തായാലും അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ ചെയ്യാനാകും.
അങ്ങനെ ഒരു അഭിനേതാവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. എന്റെ സീനുകളില്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതില്‍ ധനുഷ് ഇടപെടാന്‍ വരാറില്ല. മുന്‍പൊരിക്കല്‍ അവാര്‍ഡ് ദാന ചടങ്ങിന് പോയ സമയത്ത് വളരെ വൈബ്രന്റായി നില്‍ക്കുന്ന ഒരാളായിട്ടായിരുന്നു എനിക്ക് അദ്ദേഹത്തെ തോന്നിയത്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായ ഒരാളാണ് ധനുഷ് ഷൂട്ടിംഗ് സെറ്റില്‍,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.