Malayalam
‘അതൊരു അവാര്‍ഡ് പോലെയാണ് തോന്നിയത്’; നാസറുമായുള്ള സൗഹൃദത്തെകുറിച്ച് ഹരീഷ് പേരടി
‘അതൊരു അവാര്‍ഡ് പോലെയാണ് തോന്നിയത്’; നാസറുമായുള്ള സൗഹൃദത്തെകുറിച്ച് ഹരീഷ് പേരടി
തമിഴ് സിനിമാ രംഗത്തും തിരക്കുള്ള താരമാണ് ഹരീഷ് പേരടി. ലോക്ക് ഡൗണ്‍ കാലത്ത് ആറ് മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ഷൂട്ടിംഗ് തിരക്കുകളിലില്‍ തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. ഇതിനിടെ പുതിയ തമിഴ് ചിത്രത്തിലെ വേഷം തന്നിലേക്കെത്തിയതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് ഹരീഷ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. നടന്‍ നാസര്‍ വഴിയാണ് ആ അവസരം വന്നതെന്നായിരുന്നു ഹരീഷ് പറഞ്ഞിരുന്നത്. ആ സിനിമയെക്കുറിച്ചും നാസറുമായുള്ള സൗഹൃദത്തെക്കുറിച്ചും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് താരമിപ്പോള്‍.
‘സംവിധായകന്‍ അനീസ് ഒരുക്കുന്ന ‘പകൈവനുക്കു അരുള്‍വായ്’ ആണ് ആ ചിത്രം. ശശികുമാര്‍ ആണ് നായകന്‍. ജയിലിന്റെ പശ്ചാത്തലവും തടവുകാരും നാടകവുമൊക്കെ കടന്നുവരുന്ന ചിത്രം. മനശാസ്ത്രജ്ഞനും നാടകക്കാരനുമായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ശരിക്കും നാസര്‍ സാര്‍ അവതരിപ്പിക്കേണ്ട കഥാപാത്രമായിരുന്നു ഇത്. അദ്ദേഹം തിരക്കിലായിരുന്നതിനാല്‍ എന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. നേരത്തെ രണ്ട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
തമിഴിലെ എന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ആണ്ടവന്‍ ‘ആണ്ടവന്‍ കട്ടളൈ’യും വി കെ പ്രകാശിന്റെ പുതിയ ചിത്രം ‘എരിഡ’യും. അതിലൂടെ വന്ന ഒരു അടുപ്പമുണ്ട് ഞങ്ങള്‍ക്കിടയില്‍. നാസര്‍ സാറിന്റെ നിര്‍ദേശപ്രകാരം സംവിധായകനും ശശികുമാറും എന്നെ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാസര്‍ സാര്‍ റെക്കമന്‍ഡ് ചെയ്തു എന്നത് ഒരു അവാര്‍ഡ് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്’, ഹരീഷ് പേരടി പറയുന്നു.
ലോക്ക് ഡൗണിന് ശേഷം ഹരീഷ് പേരടി ജോയിന്‍ ചെയ്യുന്ന നാലാമത്തെ പുതിയ പ്രോജക്ട് ആണ് ഇത്. ഷേക്‌സ്പിയറിന്റെ ദുരന്ത നാടകമായ ‘മാക്ബത്തി’ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ‘പകൈവനുക്കു അരുള്‍വായ്’യുടെ ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ ആയിരുന്നു. ഷിമോഗയിലെ യഥാര്‍ഥ ജയിലിലടക്കമാണ് അടുത്ത ഷെഡ്യൂള്‍. ചിത്രീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. നാടകപ്രവര്‍ത്തകരും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരുമൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ അനീസിന്റെ അഞ്ചാമത്തെ ചിത്രമാണ് ഇത്.