Malayalam
ക്ഷേത്രത്തില്‍ വെച്ച് പരസ്യമായി ഒരു സ്ത്രീ എന്നെ തല്ലി; ചില സംഭവങ്ങള്‍ തന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് ചന്ദ്ര
ക്ഷേത്രത്തില്‍ വെച്ച് പരസ്യമായി ഒരു സ്ത്രീ എന്നെ തല്ലി; ചില സംഭവങ്ങള്‍ തന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് ചന്ദ്ര
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം അടുത്തിടെ മിനിസ്‌ക്രീനില്‍ തിരിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ചന്ദ്ര അഭിനയത്തിന്റെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.
അഭിനയ രംഗത്ത് തിരക്കുള്ള സമയം പോലും സീരയല്‍ ഉപേക്ഷിക്കാന്‍ വരെ താന്‍ ആലോചിച്ചിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിരുന്ന തന്നെ ആള്‍ക്കാര്‍ അങ്ങനെ തന്നെ കണ്ടിരുന്നു. പൊതു സ്ഥലങ്ങളില്‍ വെച്ച് പോലും ആളുകള്‍ തന്റെ നേരെ ദേഷ്യപ്പെട്ടിരുന്നുവെന്ന് ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.
‘ആദ്യ സീരിയലായ സ്വന്തത്തിലെ സാന്ദ്ര എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് വിദ്വേഷകരമായ അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. അത് വെറുമൊരു കഥാപാത്രമല്ല. ആദ്യ സീരിയല്‍ ആയതിനാല്‍, റീലും റിയലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു. ആ സമയം യഥാര്‍ഥ ജീവിതത്തിലും താന്‍ സാന്ദ്രയായിരുന്നെന്ന് കരുതി. മോശം അഭിപ്രായങ്ങള്‍ കേട്ട് തനിക്ക് വല്ലാത്ത വിഷമം തോന്നിയന്നും ചന്ദ്ര ലക്ഷ്മണ്‍ പറഞ്ഞു.
ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഒരു പ്രായമുളള സ്ത്രീ, നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കുട കൊണ്ട് എന്നെ അടിച്ചു. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള ചിന്തകള്‍ വരെ എനിക്കുണ്ടായി. എന്നാല്‍ പിന്നീട് എന്റെ അടുപ്പക്കാര്‍ എന്നോട് പറഞ്ഞു, ഇത് നിന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. അപ്പോഴാണ് സ്‌ക്രീനിലും ഓഫ് സ്‌ക്രീനും തമ്മിലുള്ള വ്യത്യാസം മനസിലായത് എന്നും ചന്ദ്ര പറയുന്നു.
എന്നാല്‍ തന്നെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകള്‍ ഉണ്ടെന്നും അതിന് മറുപടിയും ചന്ദ്ര പറഞ്ഞിരുന്നു. ‘ഇതുവരെ വിവാഹം കഴിക്കാത്ത ഞാന്‍ വിവാഹം കഴിച്ചെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ ആണെന്നുമാണ് പലരും പറഞ്ഞു നടക്കുന്നത്. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ കണ്ടു ഞാനും എന്റെ വീട്ടുകാരുടെ ചിരിച്ചിരുന്നു…’
ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം പ്രേമ നൈരാശ്യം ഒന്നുമല്ലെന്നും താന്‍ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്, അടുത്ത സുഹൃത്തുക്കളായ അവരൊക്കെ കാമുകന്മാര്‍ ആയപ്പോള്‍ പ്രണയം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന സാഹചര്യം വന്നപ്പോള്‍ കൈകൊടുത്ത് പിരിയുകയായിരുന്നു എന്നുമാണ് ചന്ദ്ര ലക്ഷ്മണ്‍ വ്യക്തമാക്കുന്നത്. തന്നെപറ്റി ഗോസിപ്പുകള്‍ നിറയ്ക്കുന്നവര്‍ക്കുള്ള മറുപടിയായാണ് ഇപ്പോള്‍ ചന്ദ്രയുടെ വാക്കുകള്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
തിരുവനന്തപുരത്തെ ഒരു തനി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ചന്ദ്ര ഇത്രയും വര്‍ഷക്കാലം ചെന്നൈയില്‍ ആയിരുന്നു. തന്റെ ചില വ്യക്തിപരമായ കാരണങ്ങല്‍ കൊണ്ടാണ് ഇത്രയും നാള്‍ അഭിനയത്തില്‍ നിന്നും വിട്ട് നിന്നതെന്നും ചന്ദ്ര പറയുന്നുണ്ട്. ചെന്നൈയിലെ ഒരു ഫ്ലാറ്റിലായിരുന്നു താമസം. ആദ്യമൊക്കെ സന്തോഷമായിരുന്നു. പക്ഷേ നാലു വര്‍ഷം മാത്രമേ അവിടെ തുടരാനായുള്ളൂ. മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി.
മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സന്തോഷങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല, അതിനേക്കാള്‍ പ്രശ്നങ്ങള്‍ ഉണ്ടായി. അതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്ലാറ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങള്‍ കണ്ടെത്തി. അതോടെ ആ ഫ്ലാറ്റ് ഞങ്ങള്‍ വിറ്റു. അഡയാറില്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങള്‍ സ്വന്തമായി വീട് വാങ്ങിയിട്ടില്ല എന്നും ചന്ദ്ര പറഞ്ഞിരുന്നു.
