Malayalam
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി; ദിലീപ് ഹൈക്കോടതിയില്‍
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി; ദിലീപ് ഹൈക്കോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും പിന്നിടുമ്പോള്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. പരാതിക്ക് പിന്നില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്നും നടന്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ പരാതി നല്‍കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടെന്നും ദിലീപ് പറയുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരന്‍ ബാലചന്ദ്രകുമാറിനെ കണ്ടെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് ദിലീപ് വാദങ്ങള്‍ ഉന്നയിച്ചത്.
കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് നേരത്തെ ദിലീപ് കോടതിയെ അറിയിച്ചത്. കേസുമായി ബന്ധമില്ലാത്ത വാട്സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഢാലോചന കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ദിലീപിന്റെ വാദം.
ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ വിശദീകരിക്കുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് സാഗര്‍ വിന്‍സെന്റ്. കാവ്യാ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍. ഈ കേസുമായി ബന്ധപ്പെട്ട് നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജീഷും ലക്ഷ്യയിലെത്തിയിരുന്നു എന്ന് തെളിയിക്കുന്നതിനുള്ള സാക്ഷിയായിരുന്നു സാഗര്‍ വിന്‍സെന്റ്.
എന്നാല്‍ വിചാരണവേളയില്‍ സാഗര്‍ വിന്‍സെന്റ് മൊഴി മാറ്റുകയും കൂറുമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണത്തിനായി ചോദ്യം ചെയ്യാന്‍ സാഗറിനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. എന്നാല്‍ സാഗര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
സാഗര്‍ വിന്‍സെന്റിനെ പ്രതിഭാഗം സ്വാധീനിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. സാഗര്‍ വിന്‍സെന്റിനെ കാണാന്‍ ആലപ്പുഴയിലെ ഹോട്ടലില്‍ കാവ്യാ മാധവന്റെ ഡ്രൈവറും ദിലീപിന്റെ അഭിഭാഷകനും എത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ റൈബാന്‍ ഹോട്ടലില്‍ ഇവര്‍ താമസിച്ചതിന്റെ രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകരെ കാണാന്‍ കേസിലെ മറ്റൊരു സാക്ഷിയായ ശരത്ബാബുവിനെ സാഗര്‍ വിന്‍സെന്റ് കൂട്ടിക്കൊണ്ടുപോയി എന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വിശദീകരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ രണ്ടാം ദിവസവും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചനയിട്ടു എന്ന കേസില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30 മുതല്‍ വൈകിട്ട് ആറര വരെ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിന് ശേഷമാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്.