Malayalam
വളരെ രഹസ്യമായിട്ടാണ് മോഹന്‍ലാല്‍ വീട്ടില്‍ എത്തിയത്…ഞാന്‍ വെള്ളം എടുക്കാനായി പോയപ്പോള്‍ കര്‍ട്ടന്റെ പിന്നിലായി മണിയക്ക നില്‍ക്കുന്നു; പിന്നീട് നടന്നത്!
വളരെ രഹസ്യമായിട്ടാണ് മോഹന്‍ലാല്‍ വീട്ടില്‍ എത്തിയത്…ഞാന്‍ വെള്ളം എടുക്കാനായി പോയപ്പോള്‍ കര്‍ട്ടന്റെ പിന്നിലായി മണിയക്ക നില്‍ക്കുന്നു; പിന്നീട് നടന്നത്!
മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു രസകരമായ കഥ പങ്കുവെച്ച് നടന്‍ മുകേഷ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു
‘ഒരു യാത്രയില്‍ മോഹന്‍ലാലിനോട് ഞാനൊരു കഥ പറഞ്ഞു. എന്റെ ചെറുപ്പക്കാലത്ത് അച്ഛന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മക്കള്‍ എന്റെ വീട്ടില്‍ നിന്ന് പഠിക്കാറുണ്ടായിരുന്നു. അങ്ങനെ എന്റെ വീട്ടില്‍ നിന്നൊരു കസിനുണ്ട്. പേര് മഹിളാമണി. മണിയക്ക എന്ന് ഞങ്ങള്‍ വിളിക്കും. വ്യത്യസ്തമായ രണ്ട് സ്വഭാവങ്ങള്‍ മണിയക്കയ്ക്കുണ്ട് ആള് നല്ല സുന്ദരിയാണ്. നന്നായി പഠിക്കും.
അവര്‍ ഭക്ഷണം കഴിക്കുന്നത് വ്യത്യസ്ത രീതിയിലായിരുന്നു. ചോര്‍ ഉരുളയാക്കി വായില്‍ വച്ച ശേഷം വിരല്‍ കൊണ്ട് ഒരു തള്ള് കൊടുക്കുന്ന ശീലം അവര്‍ക്കുണ്ടായിരുന്നു. ഞങ്ങളൊക്കെ പലപ്പോഴായി ഈ ശീലം മാറ്റണമെന്ന് അവരോട് പറയുമായിരുന്നു. ഒന്നു രണ്ട് ഉരുളയൊക്കെ സാധാരണ പോലെ കഴിക്കുമെങ്കിലും പിന്നെ അവരത് മറന്നു പോവുമായിരുന്നു. രണ്ടാമത്തേത്, മണിയക്ക കോളേജില്‍ പോകാന്‍ റെഡിയായാല്‍ അത് രണ്ട് ഫര്‍ലോംഗ് അകലെയുള്ള കവലയില്‍ വരെ അറിയുമായിരുന്നു. അതിന്റെ കാരണം മണിയക്ക പൗഡര്‍ ഇടുന്ന രീതിയായിരുന്നു. പൗഡര്‍ കയ്യില്‍ തട്ടിയിട്ട ശേഷം ഠപ്പേ ഠപ്പേ എന്ന ശബ്ദത്തോടെയായിരുന്നു മുഖത്ത് അടിക്കുക. അതും ഞങ്ങള്‍ തിരുത്താന്‍ പറഞ്ഞുവെങ്കിലും എന്റെ മുഖമല്ലേ എനിക്ക് ഇഷ്ടമുള്ളത് പോലെ ഇടും, ഇങ്ങനെ ഇട്ടാലെ പൂര്‍ണത വരൂ എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.
ഈ സംഭവങ്ങള്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദേഹം ഒരുപാട് പൊട്ടിച്ചിരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു 15-20 വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും. ഒരു ദിവസം മോഹന്‍ലാല്‍ എന്റെ വീട്ടില്‍ വന്നു. ഞങ്ങള്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. ഇതിനിടെ ഞാന്‍ വെള്ളം എടുക്കാനായി പോയപ്പോള്‍ കര്‍ട്ടന്റെ പിന്നിലായി മണിയക്ക നില്‍ക്കുന്നു. ഒരു കല്യാണം വിളിക്കാനായി ഞങ്ങളുടെ ഭ്ാഗത്ത് എത്തിയതായിരുന്നു അവര്‍. അപ്പോഴാണ് ഇവിടെ മോഹന്‍ലാല്‍ വന്നിട്ടുണ്ടെന്ന് വീട്ടിലെ ജോലിക്കാരി അവരോട് പറയുന്നത്. വളരെ രഹസ്യമായിട്ടാണ് മോഹന്‍ലാല്‍ വീട്ടില്‍ എത്തിയത്.
എന്താ ഇവിടെ നില്‍ക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. എന്നെ ഒന്ന് പരിചയപ്പെടുത്തി തരുമോ ഞാനൊരു ആരാധികയല്ലേടാ എന്നു പറഞ്ഞു. ഞാന്‍ മണിയക്കയുടെ കയ്യും പിടിച്ച് മോഹന്‍ലാലിന്റെ അരികില്‍ കൊണ്ടു പോയി. ലാലേ ഇത് എന്റെ കസിന്‍ ആണ്, പേര് മഹിളാ മണിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ആഹാ, മണിയക്കയല്ലേ എന്നിക്കറിയാം എന്നായി മോഹന്‍ലാല്‍. ഞാന്‍ പോലും മറന്നു പോയിരുന്നു. പിന്നേ എന്നെ എങ്ങനെ അറിയാനാണ്, ഞാനവിടെ ഒരു കുഗ്രാമത്തില്‍ ജീവിക്കുന്നയാളാണ്, നിങ്ങളെങ്ങനെ എന്നെ അറിയാനാണ്, നിങ്ങള്‍ സിനിമാക്കാര്‍ പലതും പറയുമെന്നായി മണിയക്ക. മോഹന്‍ലാല്‍ മണിയക്കയെ തടഞ്ഞു നിര്‍ത്തി.
മണിയക്ക എന്നെ അവിശ്വസിച്ച് പോകരുത്. ഞാന്‍ ഒന്നു രണ്ട് ക്ാര്യം പറയാം എന്നായി മോഹന്‍ലാല്‍. ആ പറയെന്ന് മണിയക്കയും. ഇപ്പോഴും ചോറുണ്ണുന്നത് ഇങ്ങനെ വായില്‍ വച്ച ശേഷം ഒരു തള്ള് കൊടുത്തിട്ടാണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇത് കേട്ടതും മണിയക്ക പിന്നിലുണ്ടായിരുന്ന മതിലില്‍ ഓന്ന് ചാരി. ഞാനുള്‍പ്പടെ അവിടെയിരിക്കുന്ന ആളുകളെല്ലാം അമ്പരന്ന് പോയി. ഉരുളയുടെ കാര്യം പോകട്ടെ, ഹിമാലയം പൗഡര്‍ കയ്യില്‍ ഇട്ട് ഇങ്ങനെ അടിക്കുന്നത് ഞങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് കെട്ടോ എന്നായി മോഹന്‍ലാല്‍. ഹിമാലയന്‍ പൗഡര്‍ എന്നത് മോഹന്‍ലാല്‍ കയ്യില്‍ നിന്നും ഇട്ടതാണ്. ഇത് കേട്ടതും മണിയക്കയുടെ തല പിന്നിലെ മതിലില്‍ പോയി ഇടിച്ചു.