Malayalam
വീട് വിറ്റത് സാജന്റെ ധൂര്‍ത്ത് കാരണം’; സാജന്റെ കുറിപ്പിന് താഴെ കമന്റുകൾ; മറുപടിയുമായി താരം
വീട് വിറ്റത് സാജന്റെ ധൂര്‍ത്ത് കാരണം’; സാജന്റെ കുറിപ്പിന് താഴെ കമന്റുകൾ; മറുപടിയുമായി താരം
സാജന്‍ സൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു. ജീവിതനൗക സീരിയലില്‍ വീട്ടില്‍ നിന്നും സാജന് ഇറങ്ങി പോരേണ്ടി വരുന്നൊരു സീന്‍ ചിത്രീകരിച്ചിരുന്നു. ശേഷം അതുപോലൊരു അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് സൂചിപ്പിച്ചായിരുന്നു കുറിപ്പ് പങ്കുവെച്ചത്. ജനിച്ചു വളര്‍ന്ന വീട് വേദനയോടെ വിട്ടു പോരേണ്ടി വന്നതിനെ കുറിച്ചായിരുന്നു താരത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
കുറിപ്പ് വൈറലായതോടെ വിമര്‍ശനങ്ങളും എത്തി. വീട് വിറ്റത് സാജന്റെ ധൂര്‍ത്ത് കാരണമാണെന്ന് പറയുന്നവരോട് അങ്ങനെയല്ലെന്നും കിടപ്പാടം വിറ്റ് കടം തീര്‍ക്കേണ്ട അവസ്ഥ ഉണ്ടായിരുന്നതായും ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിൽ സാജൻ പറയുകയാണ്.
ആ കുറിപ്പ് വാര്‍ത്തയായതിന് ശേഷം അതിന് ലഭിക്കുന്ന കമന്റുകള്‍ കാണണം. ഇവനൊക്കെ ധൂര്‍ത്തടിച്ചിട്ടാണ് ഇങ്ങനെയായത്. ഇതൊക്കെ ചുമ്മാ പറയുന്നതാണ്. സര്‍ക്കാര്‍ ജോലിയുണ്ടല്ലോ പിന്നെന്താ കുഴപ്പം എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. അവരാരും എന്താണ് ഞാന്‍ എഴുതിയിരിക്കുന്നതെന്ന് കൃത്യമായി വായിക്കാതെയും മനസിലാക്കാതെയുമാണ് വിമര്‍ശിക്കുന്നത്. കരകുളം ഏണിക്കരയാണ് നാട്. അച്ഛന് സെക്രട്ടറിയേറ്റിലായിരുന്നു ജോലി. സര്‍വീസിലിരിക്കെയാണ് മരിച്ചത്. ഏറെ കാലം കിടപ്പിലായിരുന്നു.
ധാരാളം ഭൂസ്വത്തുള്ള ആളായിരുന്നു എങ്കിലും 90 ശതമാനവും ചികിത്സയ്ക്ക് വേണ്ടി വിറ്റു. ബാക്കി വന്നതില്‍ അഞ്ച് ശതമാനം നാടക കമ്പനിയ്ക്ക് വേണ്ടി ഞാനും കടത്തിലാക്കി. പലതും വിറ്റു, കുറച്ച് പണയം വച്ചു. ഒടുവില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്ന് ആയപ്പോഴാണ് ജനിച്ച് വളര്‍ന്ന വീട് വിറ്റ് കടങ്ങളെല്ലാം വീട്ടിയത്. ഒടുവില്‍ അവശേഷിച്ച സ്വത്ത് കിടപ്പാടം മാത്രമായിരുന്നു.ബാക്കിയൊക്കെ അപ്പോഴെക്കും വിറ്റ് തീര്‍ന്നിരുന്നു. ഒടുവില്‍ കിടപ്പാടവും വിറ്റു. ആ അനുഭവത്തെ കുറിച്ചാണ് ഞാന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. അച്ഛന്‍ മരിച്ച് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് വീട് വിറ്റത്. മറ്റൊരു മാര്‍ഗവും ഇല്ലാത്തത് കൊണ്ട് വിറ്റേ പറ്റു എന്ന അവസ്ഥയിലായിരുന്നു. അന്ന് 7 ലക്ഷം കടമുണ്ടായിരുന്നു. ഉള്ളൂരിലും ഒരു വീട് ഉണ്ടായിരുന്നു. അതും അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് വിറ്റത്.
ലാഭം പ്രതീക്ഷിച്ച് ആയിരുന്നില്ല ഞങ്ങള്‍ നാല് പേര്‍ ചേര്‍ന്ന് ആര്യ കമ്യൂണിക്കേഷന്‍ തുടങ്ങിയത്. നല്ല നാടകം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. നാടകത്തെ കുറിച്ചോ സമിതിയുടെ നടത്തിപ്പിനെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ നാടകത്തിന്റെ ക്യാമ്പ് ആറ് മാസം നീണ്ടു. ആ നാടകം കഴിഞ്ഞപ്പോഴെക്കും കൈയിലെ കാശ് തീര്‍ന്നു. അടുത്ത നാടകം പ്രഫഷണല്‍ ശൈലിയില്‍ തുടങ്ങിയെങ്കിലും കാശ് കടം വാങ്ങേണ്ടി വന്നു. നാടകത്തില്‍ നിന്ന് കിട്ടുന്ന വരുമാനം പലിശയ്ക്ക് കൊടുക്കാന്‍ മാത്രമേ തികഞ്ഞൊള്ളു.
സമിതി പിരിച്ച് വിട്ടാല്‍ പണം കടം തന്നവരോട് പറഞ്ഞ് നില്‍ക്കാന്‍ പറ്റില്ല. നാലാമത്തെ വര്‍ഷമായപ്പോള്‍ കടത്തിന്റെ ഉത്തരവാദിത്വം നാല് പേരും തുല്യമായി ഏറ്റെടുത്ത് സമിതി പിരിച്ച് വിട്ടു. അപ്പോഴെക്കും എനിക്ക് സീരിയലില്‍ അവസരങ്ങള്‍ കിട്ടി തുടങ്ങിയിരുന്നു. സമിതി പിരിച്ച് വിട്ടതിന് ശേഷമാണ് ആശ്രിത നിയമനപ്രകാരം എനിക്ക് സെക്രട്ടറിയേറ്റില്‍ ജോലി കിട്ടുന്നത്. അപ്പോഴെക്കും അച്ഛന്‍ മരിച്ച് നാല് വര്‍ഷം കഴിഞ്ഞിരുന്നു. കഷ്ടപ്പാടിന് ഇടയില്‍ അതൊരു ആശ്വാസമായിരുന്നു. ഇപ്പോള്‍ അഭിനയവും ജോലിയും ബാലന്‍സ് ചെയ്ത് കൊണ്ട് പോകുന്നു. സീരിയയില്‍ എപ്പോഴാണ് ഗ്യാപ്പ് വരികയെന്ന് പറയാന്‍ പറ്റില്ലെന്നും താരം പറയുന്നു
