Malayalam
‘ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി’; ഇന്ദ്രൻ വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്നത് ഇതിന്റെ വീഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കും; മല്ലിക സുകുമാരൻ
‘ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി’; ഇന്ദ്രൻ വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്നത് ഇതിന്റെ വീഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കും; മല്ലിക സുകുമാരൻ
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് മല്ലിക സുകുമാരന്‍. അതോടൊപ്പം തന്നെ നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും വാ തോരാതെ സംസാരിക്കാറുമുണ്ട്
അടുത്തിടെ ‘എന്റെ അമ്മ സൂപ്പറാ’ എന്ന പരിപാടിയിലും മല്ലിക സുകുമാരൻ അതിഥിയായി എത്തിയിരുന്നു. പരിപാടിയുടെ വിധികർത്താക്കളിൽ ഒരാളും മരുമകളുമായ പൂർണിമ ഇന്ദ്രജിത്തിനൊപ്പം മല്ലികാമ്മ വേദി പങ്കിട്ടപ്പോൾ അത് രസകരമായ നിരവധി മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
തന്റെ ഷുഗർ പ്രശ്നത്തെ കുറിച്ചും അതിനെ മക്കൾ ട്രോളുന്നതുമൊക്കെ സരസമായാണ് പരിപാടിയ്ക്കിടയിൽ മല്ലിക സുകുമാരൻ അവതരിപ്പിച്ചത്. മല്ലിക സുകുമാരൻ്റെ ഇഷ്ടങ്ങളെ കുറിച്ച് പൂർണിമയോട് തിരക്കുകയായിരുന്നു അവതാരക ഗായത്രി.
“ജിലേബി, ലഡു ഇതിൽ ഏതാവും മല്ലികാമ്മ എടുക്കുക?” എന്ന അവതാരക ഗായത്രിയുടെ ചോദ്യത്തിന് “അമ്മയ്ക്ക് ഇഷ്ടം ഈ രണ്ടു പലഹാരവുമല്ല. എന്നാൽ ഇതിലേതാണ് കൂടുതലിഷ്ടമെന്നു ചോദിച്ചാൽ ജിലേബി,” എന്നായിരുന്നു പൂർണിമയുടെ മറുപടി.
പൂർണിമയുടെ മറുപടി ശരി വച്ചുകൊണ്ട് മല്ലിക സുകുമാരൻ തനിക്ക് മധുരത്തോടുള്ള പ്രിയത്തെ കുറിച്ചു സംസാരിച്ചു.
” മൈസൂർ പാക്കാണ് എനിക്കേറെയിഷ്ടം. പൊതുവെ ഡയബറ്റിക് ആണ് ഞാൻ. പക്ഷേ ഒന്നൊന്നര വർഷമായിട്ട് ഡയബറ്റിക് നോർമലായിട്ട് പോവുകയാണ്. എന്നാലും രാത്രി ഷുഗർ കുറഞ്ഞാലോ എന്നു കരുതി ഞാൻ കുറച്ച് സ്വീറ്റ്സ് കരുതും,” മല്ലിക സുകുമാരൻ സംസാരിക്കുന്നതിനിടയിൽ “ഒരു സ്വീറ്റല്ല, ഒരു ഫ്രിഡ്ജ്,” എന്നു തിരുത്തുകയാണ് പൂർണിമ.
“അതെ. ഫ്രിഡ്ജിനകത്ത് സ്വീറ്റ്സ്, ഷുഗർ 80 ലും താഴെ പോയാൽ പെട്ടെന്ന് എടുത്തു കഴിക്കേണ്ടതല്ലേ എന്നോർത്ത് കരുതുന്നതാണ്. ഇന്ദ്രൻ വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്നത് ഇതിന്റെ വീഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കുകയാണ്. ‘ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി’ എന്നും പറഞ്ഞുകൊണ്ട്. ഇങ്ങനത്തെ ദുഷ്ടന്മാരാണ് എന്റെ മക്കൾ,” എന്നാണ് ചിരിയോടെ മല്ലിക സുകുമാരൻ പറയുന്നത്.