ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് ഞാനാണെന്നാണ് അദ്ദേഹം വിചാരിച്ചുവെച്ചിരിക്കുന്നത് , ഇപ്പോഴും ഒരു അകല്‍ച്ചയുണ്ട് ; പിണക്കത്തെക്കുറിച്ച് സിബി മലയില്‍!
മലയാള ചലച്ചിത്ര ലോകത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. ദശരഥം, കിരീടം പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ക്ലാസിക്കുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല നടന്മാരേയും താരങ്ങളാക്കി മാറ്റുന്നതില്‍ സിബി മലയലിന്റെ സിനിമകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം സിബി മലയലില്‍ തിരികെ വരികയാണ്.
ഇതിനിടെ ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജുമായുള്ള തന്റെ പിണക്കത്തിന്റെ കഥ പറയുകയാണ് സിബി മലയില്‍. പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം ഒരിക്കലും മാറില്ലെന്നാണ് തോന്നുന്നത് എന്നാണ് സിബി മലയില്‍ പറയുന്നത്. പൃഥ്വിരാജിനെ ഒരു സിനിമയില്‍ നിന്നും മാറ്റിയതിനെക്കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്.ഒരു അഭിമുഖത്തിലായിരുന്നു സിബി മലയലിന്റെ പ്രതികരണം. ആ വാക്കുകള്‍ ഇങ്ങനെ
സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അമൃതം. ജയറാം നായകനായ ചിത്രത്തില്‍ അരുണ്‍ ചെയ്ത വേഷത്തില്‍ നേരത്തെ പൃഥ്വിരാജിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും പൃഥ്വിയെ ഒഴിവാക്കുകയായിരുന്നു. ഇതാണ് പൃഥ്വിയ്ക്ക് തന്നോട് ദേഷ്യം തോന്നാനുള്ള കാരണം എന്നാണ് സിബിമലയില്‍ പറയുന്നത്. ആ വാക്കുകളിലേക്ക്,
‘അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനിയനായി കാസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കുകയും കാര്യങ്ങളൊക്കെ തീരുമാനിക്കുകയും ചെയ്തു. ഞാന്‍ പൃഥ്വിരാജിനെ നേരിട്ട് പോയി കണ്ടില്ലായിരുന്നു. പ്രൊഡ്യൂസറും റൈറ്ററും ഒക്കെയാണ് കണ്ടത്. പിന്നീട് ഒരു ഘട്ടത്തില്‍ അദ്ദേഹം ചോദിക്കുന്ന എമൗണ്ട് ഇച്ചിരി കൂടുതലാണെന്ന് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു. അത് നിങ്ങള്‍ തീരുമാനിക്ക് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ആ കഥാപാത്രത്തിന് നിങ്ങള്‍ക്ക് എത്ര ബജറ്റാണുള്ളതെന്ന് പറയുക, അല്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പൃഥ്വിരാജിനോട് പിന്നീട് സംസാരിച്ചിട്ട് അത് ഒരു തീരുമാനത്തിലെത്തിയില്ല” എന്നാണ് സിബി മലയില്‍ പറയുന്നത്.
ഇതോടെ പൃഥ്വിയ്ക്ക് പകരം വേറെ ഒരാളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് അരുണ്‍ എന്ന ആക്ടര്‍ ആ സിനിമയില്‍ ജയറാമിന്റെ അനുജനായി അഭിനയിക്കുന്നതെന്നും സിബി പറയുന്നു. അതേസമയം, പൃഥ്വിരാജുമായി അവര്‍ എന്താണ് സംസാരിച്ചതെന്ന് എനിക്ക് അറിയില്ലെന്നും സിബി പറയുന്നുണ്ട്. പക്ഷെ ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് ഞാനാണെന്നാണ് അദ്ദേഹം വിചാരിച്ചുവെച്ചിരിക്കുന്നതെന്നും എന്നാല്‍ താനിത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസിലാക്കിയതെന്നും സിബി മലയില്‍ പറയുന്നു.
അങ്ങനെ എന്തോ ആണത്, ഒരു ക്ലാരിറ്റി ഇല്ല. ഇപ്പോഴും ഒരു അകല്‍ച്ചയുണ്ട്. അത് മാറുമോയെന്ന് അറിയില്ല. മാറേണ്ട ഘട്ടങ്ങള്‍ കഴിഞ്ഞുവെന്നുമാണ് പൃഥ്വിരാജുമായുള്ള അകല്‍ച്ചയെക്കുറിച്ച് സിബി മലയില്‍ പറയുന്നത്. എന്നാല്‍ പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാ സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് താനാണെന്നും സിബി മലയില്‍ പറയുന്നുണ്ട്.
ശശിയേട്ടനായിരുന്നു അതിന്റെ ജൂറി ചെയര്‍മാന്‍. അദ്ദേഹത്തിന് ഇതൊന്നും തീരെ പരിചയമില്ല, പരിചയമുള്ള ആരെയെങ്കിലും കിട്ടുമോ എന്ന് ശശിയേട്ടന്‍ ചോദിച്ചു. ഞാന്‍ ഇതിന് മുമ്പ് ജൂറി ചെര്‍മാനായി ഇരുന്നിട്ടുണ്ട്. അതിനാല്‍ എന്നോട് ഒരു ഹെല്‍പായിട്ട് ജൂറിയില്‍ ഇരിക്കാമോ എന്ന് ചോദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഓരോ പടവും കഴിയുമ്പോഴും ഇത് എങ്ങനെയുണ്ട്, ഇതിന് കൊടുത്താലോ എന്ന് ശശിയേട്ടന്‍ വളരെ ഇന്നസെന്റായി ചോദിക്കും. അദ്ദേഹത്തിന് ഇതൊന്നും ചെയ്ത് മുന്‍പരിചയം ഇല്ല. ഞാന്‍ പറയുന്നതാണ് പുള്ളി ഗൗരവത്തില്‍ എടുക്കുക.
അങ്ങനെയാണ് രാജുവിലേക്ക് എത്തുന്നതും സെല്ലുലോയിഡിലെ പെര്‍ഫോമന്‍സിന് അവാര്‍ഡ് ലഭിക്കുന്നതുമെന്നാണ് സിബി മലയില്‍ പറയുന്നത്.
കൊത്ത് ആണ് സിബി മലയലിന്റെ ഏറ്റവും പുതിയ സിനിമ. ആസിഫ് അലി നായകനാകുന്ന സിനിമയില്‍ റോഷന്‍ മാത്യു, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം തീര്‍പ്പ് ആണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രതീഷ് അമ്പാട്ടൊരുക്കിയ സിനിമയ്ക്ക് പക്ഷെ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
