Connect with us

പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്

News

പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്

പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്

കന്നഡ സിനിമാ ഇന്‍ഡസ്ട്രിയെയും ആരാധകരെയും കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റേത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് പ്രകാശ് രാജ് ഫൗണ്ടേഷന്‍ ആംബുലന്‍സ് സംഭാവന നല്‍കിയിരിക്കുന്നത്. അപ്പു എക്‌സ്പ്രസ് എന്നാണ് ആംബുലന്‍സിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

‘പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയില്‍ ആവശ്യക്കാര്‍ക്കായി അപ്പു എക്‌സ്പ്രസ് എന്ന പേരില്‍ സൗജന്യ ആംബുലന്‍സ് സേവനം സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടെഷന്റെ സംരംഭം. ജീവിതം തിരിച്ചു നല്‍കുന്നതിന്റെ സന്തോഷം’ പ്രകാശ് രാജ് കുറിച്ചു. 2021 ഒക്ടോബര്‍ 29ന് 46ാം വയസ്സിലാണ് നടന്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരുന്നു. ഏറെ വൈകാതെ മരണവാര്‍ത്തയും എത്തി.

രാജ്കുമാര്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.

അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്‌സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷന്‍ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്കുമാര്‍. ഇപ്പോഴും താരത്തിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ ഏറെയാണ്.

More in News

Trending

Recent

To Top