Connect with us

സെറ്റിലെത്തി കെപിഎസി ലളിതയെ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്; കുമരകം രഘുനാഥ്

Actor

സെറ്റിലെത്തി കെപിഎസി ലളിതയെ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്; കുമരകം രഘുനാഥ്

സെറ്റിലെത്തി കെപിഎസി ലളിതയെ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്; കുമരകം രഘുനാഥ്

ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തിയതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലര്‍. ചിത്രം ജയറാമിന്‌റെ വലിയൊരു ഒരു തിരിച്ചുവരവ് ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് സിനിമ എബ്രഹാം ഓസ്ലര്‍. ചിത്രത്തിന്റെ വിജയം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചവരില്‍ ഒരാള്‍ ഡോ.ശിവകുമാറായി അഭിനയിച്ച നടന്‍ കുമരകം രഘുനാഥായിരുന്നു. നാടകം, സിനിമ, സീരിയല്‍ നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി രഘുനാഥ് പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം ഓസ്ലറിന് മുമ്പ് രഘുനാഥിന് കിട്ടിയിട്ടില്ല. സിനിമ വിജയമായപ്പോള്‍ പ്രധാന താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ പ്രശംസ രഘുനാഥിനും സിനിമാപ്രേമികളില്‍ നിന്നും ലഭിച്ചു. ഇപ്പോഴിതാ തന്റെ കലാജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. രഘുനാഥ് സംസാരിച്ചു. സിബി മലയിലിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ മാലയോഗം എന്ന ചിത്രത്തിലൂടെയാണ് കുമരകം രഘുനാഥ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിനുശേഷം 1992ല്‍ പുറത്തിറങ്ങിയ അയലത്തെ അദ്ദേഹം എന്ന ചിത്രത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷം അവതരിപ്പിച്ചു.

പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളിലും കുമരകം രഘുനാഥ് സജീവമായിരുന്നു. അതിനിടയില്‍ ഭരതന്‍ സിനിമ ദേവരാഗത്തില്‍ നടന്‍ അരവിന്ദ് സ്വാമിക്ക് ശബ്ദം നല്‍കുകയും ചെയ്തു രഘുനാഥ്. ആ അവസരം കൈവന്നതിന് പിന്നിലും രസകരമായ ഒരു കഥ രഘുനാഥിന് പറയാനുണ്ട്. ‘വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആര്‍ടിസ്റ്റുകള്‍ താമസിക്കുന്ന കോട്ടേജിലേക്ക് ഒരു ഫോണ്‍കോള്‍ എത്തി.’

‘സംവിധായകന്‍ ഭരതനാണെന്ന് മറുതലയ്ക്കലുള്ള ശബ്ദം സ്വയം പരിചയപ്പെടുത്തി. ദിലീപും ഹരിശ്രീ അശോകനുമൊക്കെയുള്ള സെറ്റില്‍ പ്രമുഖരുടെ ഫോണ്‍ കോളുകള്‍ പതിവായിരുന്നതുകൊണ്ട് അത് ഞാന്‍ കാര്യമായെടുത്തില്ല. ഫോണ്‍ വച്ചിട്ടു പോടോയെന്ന് പറഞ്ഞ് ഫോണും കട്ട് ചെയ്ത് പോയി കിടന്നുറങ്ങി. അടുത്ത ദിവസം സെറ്റിലെത്തി കെപിഎസി ലളിതയെ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്.’

‘എന്തായാലും ക്ഷമാപണത്തോടെ ഭരതന്‍ സാറിനെ വിളിച്ചു. അദ്ദേഹത്തിന്റെ ആവശ്യം കേട്ടപ്പോള്‍ തെല്ലൊന്ന് അമ്പരന്നെങ്കിലും അധികം ആലോചിക്കാതെ തന്നെ ഡബ്ബ് ചെയ്യാമെന്ന് സമ്മതം മൂളി. അങ്ങനെയാണ് ദേവരാഗത്തില്‍ അരവിന്ദ് സ്വാമിക്ക് ശബ്ദമാകുന്നതെന്ന്’, എന്നും രഘുനാഥ് പറയുന്നു. ‘ഞാന്‍ കുറെക്കാലമായി സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ടീമില്‍ നിന്ന് വിളി എത്തിയത്. ഒരു ഡോക്ടറുടെ വേഷമുണ്ടെന്നാണ് പറഞ്ഞത്. ഞാന്‍ പോയി അഭിനയിച്ച് പോന്നു.’

‘പക്ഷെ കഥയില്‍ ആ കഥാപാത്രത്തിന് ഞെട്ടിക്കുന്ന ഭൂതകാലമുണ്ടെന്നൊന്നും അറിഞ്ഞില്ല. സിനിമ കണ്ടപ്പോഴാണ് അതെല്ലാം മനസിലായത്. രസകരമായ കാര്യമെന്തെന്നു വെച്ചാല്‍ സിനിമയില്‍ എന്റെ ചെറുപ്പകാലം ചെയ്തിരിക്കുന്ന ആക്ടറെ പോലെ തന്നെയായിരുന്നു ഞാന്‍ ആ പ്രായത്തില്‍. അതുപോലെ മുടിയൊക്കെ നീട്ടി വളര്‍ത്തിയിരുന്നു. മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷമെന്നത് മാത്രമാണ് ആകെയുള്ള വ്യത്യാസം.’

‘എന്നെ അറിയുന്ന ചിലരൊക്കെ ആ കഥാപാത്രത്തെ കണ്ടപ്പോള്‍ പറഞ്ഞു ശരിക്കും രഘുവിനെ പോലെ ഇരിക്കുന്നുവെന്ന്’, രഘുനാഥ് പറയുന്നു. സീരിയലുകളെ കുറിച്ചും താരം സംസാരിച്ചു… ‘സീരിയലില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് ഞാന്‍ മാലയോഗത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ധാരളം സിനിമകളില്‍ വേഷമിട്ടു. നടനെന്ന രീതിയില്‍ ഞാന്‍ സംതൃപ്തനായിരുന്നു. ജനങ്ങളുടെ അംഗീകാരവും ലഭിച്ചു. സിനിമയില്‍ അഭിനയിച്ചാലെ നടനാകൂവെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍.’

‘സിനിമയും സീരിയലും തമ്മില്‍ എനിക്ക് അന്നും ഇന്നും വേര്‍തിരിവൊന്നുമില്ല. നാടകത്തില്‍ പാട്ടെഴുതാന്‍ വന്ന കോന്നിയൂര്‍ ഭാസുമായുള്ള പരിചയമാണ് എന്നെ സീരിയലിലെത്തിച്ചത്. ഷാജി.എം സംവിധാനം ചെയ്ത സീരിയലിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. ജലജയായിരുന്നു നായിക. ഇപ്പോള്‍ സീരിയല്‍ ഒരു വ്യവസായമാണ്. മുമ്പ് സീരിയലിന് ഒരുപാട് കടമ്പകളുണ്ടായിരുന്നു. തിരക്കഥ സമര്‍പ്പിച്ച് ഡല്‍ഹിയില്‍ നിന്ന് അനുമതി കിട്ടിയിട്ടുവേണം ഷൂട്ടു ചെയ്യാന്‍.’

‘എടീയെന്ന് വിളിക്കാന്‍ പറ്റില്ല. ആണുങ്ങള്‍ കിടക്കുമ്പോള്‍ കക്ഷം കാണിക്കുന്ന രീതിയില്‍ പാടില്ല എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിക്കും. എന്നിട്ടാണ് അനുമതി കിട്ടുക. ഇപ്പോഴത്തെ സീരിയലുകളെ കഥാഗതി കാണുമ്പോള്‍ വിമര്‍ശിക്കണമെന്നൊക്കെ തോന്നും. പക്ഷെ ആലോചിക്കുമ്പോള്‍ മനസിലാകും അതൊന്നും പ്രായോഗികമല്ല.’

‘പിന്നെ സീരിയലിലൂടെ സാംസ്‌കാരിക പരിവര്‍ത്തനമൊന്നും ആരും ലക്ഷ്യം വെയ്ക്കുന്നില്ലല്ലോ. നമ്മുടെ പ്രായമായ അമ്മമ്മാരും അച്ഛന്മാരും അമ്മൂമ്മമാരുമൊക്കെ നേരമ്പോക്കിന് കാണുന്ന പരിപാടി. അത്ര ഗൗരവമേ അതിനേ നല്‍കേണ്ടതുള്ളൂവെന്നും’, തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി കുമരകം രഘുനാഥ് പറഞ്ഞു.

More in Actor

Trending