News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍; ഇത് കൊണ്ടൊന്നും ബാലഭാസ്‌ക്കര്‍ കേസില്‍ നിന്നും പിന്തിരിയില്ലെന്ന് പ്രതികരണം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍; ഇത് കൊണ്ടൊന്നും ബാലഭാസ്‌ക്കര്‍ കേസില്‍ നിന്നും പിന്തിരിയില്ലെന്ന് പ്രതികരണം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോര്‍ജിനെ ബത്തേരി പോലീസ് പിടികൂടിയിരിക്കുന്നത്. കൊല്ലം ചാത്തന്നൂരില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ബത്തേരി പോലീസ് സോബി ജോര്‍ജിനെ പോലീസ് പിടികൂടിയത്.
സമാനരീതിയില്‍ 25 ഓളം കേസുകള്‍ സോബിക്ക് എതിരെ ഉണ്ടെന്നും ആറെണ്ണം വയനാട്ടില്‍ ആണെന്നും പോലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ ഉള്ളത്.
എന്നാല്‍, ബാലഭാസക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐയ്ക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരം നടപടികള്‍ തുടങ്ങിയതെന്നാണ് കലാഭവന്‍ സോബി ജോര്‍ജ് പ്രതകരിച്ചിരിക്കുന്നത്. കണ്ട കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറെ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത് കൊണ്ടൊന്നും ബാലഭാസ്‌ക്കര്‍ കേസില്‍ നിന്നും പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതതിനിടെ സോബി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലും നടന്‍ കലാഭവന്‍ സോബി ജോര്‍ജിനും ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വിത്സനും മൂന്നുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. തോപ്പുംപടി കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്ന് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും മൂന്നും പ്രതികളാണിവര്‍. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജ് കോടതിയില്‍ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസി. പബഌക് പ്രോസിക്യൂട്ടര്‍ എം.സി. അനീഷ് ഹാജരായിരുന്നു.
മുമ്പ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടും സോബി നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കേസിലെ ‘പ്രധാന സാക്ഷി’ എന്ന നിലയിലാണ് സോബി വാര്‍ത്തകളില്‍ വന്നിരുന്നത്. ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനം തകര്‍ക്കുകയായിരുന്നുവെന്നുമാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനാല്‍ തനിക്ക് വധഭീഷണി ഉണ്ടെന്നും കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു.
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കൂടി ആ സമയം യാത്ര ചെയ്ത വ്യക്തി കൂടിയാണ് കലാഭവന്‍ സോബി ജോര്‍ജ്. അന്ന് രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ അപകട സ്ഥലത്ത് കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു. പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് പിടിയിലായപ്പോള്‍ താനന്ന് കണ്ടത് സരിത്തിനെ ആണെന്ന് സോബി ആരോപിച്ചു.
ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നുളള അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ക്കേ തന്നെ നിലനില്‍ക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ചുളള വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തനിക്ക് വധഭീഷണി ഉണ്ടെന്ന് സോബി ജോര്‍ജ് പറയുന്നു. മരണമൊഴി എന്ന നിലയ്ക്ക് പുറത്ത് വിട്ട പുതിയ വീഡിയോയില്‍ ഗുരുതരമായ കാര്യങ്ങളാണ് സോബി പറഞ്ഞിരുന്നത്.
ബാലഭാസ്‌കറിന്റെ കസിന്‍ സഹോദരിയായ പ്രിയ വേണുഗോപാലിനും തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തയ്ക്കും വേണ്ടിയാണ് താന്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് എന്ന് സോബി പറയുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ പറയാന്‍ ബാക്കി വെച്ച കാര്യങ്ങളാണ് പറയുന്നത്. ഇത് താന്‍ നേരിട്ട് നിന്ന് തെളിയിക്കണം എന്ന് ആഗ്രഹിച്ച കാര്യങ്ങളാണ്.
എന്നാല്‍ ഇപ്പോഴത്തെ ജീവിത സാഹചര്യം അവിടെ വരെ എത്തിക്കുമോ എന്ന ഭയമുണ്ട്. അതുകൊണ്ടാണ് ലൈവ് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ സിഡിയിലും പെന്‍്രൈഡവിലും അടക്കം നേരത്തെ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടുളളതാണ്. താന്‍ മരിക്കുകയോ മരണതുല്യനായി കിടക്കുകയോ ചെയ്താല്‍ മാത്രമേ അത് പുറത്ത് വിടാവൂ എന്ന് പറഞ്ഞിട്ടുണ്ട് എന്നും സോബി പറഞ്ഞിരുന്നു.
