Malayalam
‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’; ആരോഗ്യാവസ്ഥ മോശമായപ്പോള്‍ തന്നെ കലാഭവന്‍ ഹനീഫ് മകന്‍ ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചിരുന്നത്!
‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’; ആരോഗ്യാവസ്ഥ മോശമായപ്പോള്‍ തന്നെ കലാഭവന്‍ ഹനീഫ് മകന്‍ ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചിരുന്നത്!
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൊണ്ട് ഹനീഫ് പലപ്പോഴും നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ചെറിയ ചെറിയ വേഷങ്ങളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത് എങ്കിലും അവയൊന്നും മലയാളികള്‍ ഒരിക്കലും മറക്കാത്തവയായിരുന്നു. പറക്കും തളികയില്‍ മൂക്കിനു താഴെ ഹിറ്റ്‌ലര്‍ മീശയുമായി തലവെട്ടിച്ചു നോക്കുന്ന ഹനീഫ് തിയേറ്ററില്‍ ചിരിപ്പൂരമൊരുക്കിയിരുന്നു. ഇതിലെ മണവാളന്റെ മേക്കോവറും പാണ്ടിപ്പടയിലെ ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിയ സീനൊന്നും മലയാളി ഒരിക്കലും മറക്കില്ല.
വളരെ അപ്രതീക്ഷിതമായി ആയിരുന്നു മരണവാര്‍ത്തയെത്തിയത്. ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’ എന്നാണ് ആരോഗ്യാവസ്ഥ മോശമായപ്പോള്‍ തന്നെ കലാഭവന്‍ ഹനീഫ് മകന്‍ ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കു പോലും നടന്‍ കലാഭവന്‍ ഹനീഫിന്റെ വിയോഗവാര്‍ത്ത അപ്രതീക്ഷിതമായിരുന്നു.
ജീവിതത്തിന്റെ ദുരിതക്കയങ്ങളെല്ലാം നീന്തിക്കയറാന്‍ കഠിനമായി പ്രയത്‌നിച്ച ഹനീഫ് നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി അദ്ദേഹം മാറി. കലാഭവനില്‍ നിന്ന് സിനിമയിലേക്കുള്ള പാതകള്‍ എളുപ്പമുള്ളതാണ് എന്ന് മനസ്സിലാക്കിയ ഇദ്ദേഹം 1990 മുതല്‍ക്കാണ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
നടന്‍ സൈനുദീന്‍ ഹനീഫിന്റെ അയല്‍വാസിയാണ്. സൈനുദീനാണ് കലാഭവനിലേക്ക് ഹനീഫിനെ കൊണ്ടുപോയത്. കലാഭവന്റെ ഗാനമേളയുടെ ഇന്റര്‍വെല്‍ സമയത്ത് ഹരിശ്രീ അശോകനും ഹനീഫും ചേര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ മിമിക്രി അവതരിപ്പിച്ച് തുടങ്ങി. ഒരു മണിക്കൂര്‍ പാട്ട് കേട്ട് കഴിയുമ്പോള്‍ ആളുകള്‍ ഒന്ന് ഇളകാന്‍ തുടങ്ങും. ഈ സമയത്താണ് ഇരുവരുടെയും ചിരിയരങ്ങ്. ആളുകള്‍ ഉഷാറായി ചിരിച്ചു രസിച്ചു അങ്ങനെയിരിക്കുമ്പോള്‍ ഗാനമേള വീണ്ടും തുടങ്ങും.
കുറച്ചു കഴിഞ്ഞപ്പോള്‍ കലാഭവന്‍ മിമിക്‌സ് പരേഡ് ടീമിലേക്ക് പ്രമോഷന്‍ കിട്ടി. മിമിക്രിക്കാരനായി നടന്നാല്‍ അന്ന് കല്യാണം പോലും നടക്കില്ല. പോസ്റ്റ് ഓഫിസില്‍ താല്‍ക്കാലിക ജോലിക്കാരനായും പാഴ്‌സല്‍ കമ്പനിയില്‍ ക്ലര്‍ക്കായും കുറച്ചുനാള്‍ ജോലി ചെയ്തു. സ്ഥിരവരുമാനമുള്ള ജോലി തേടിയപ്പോള്‍ കിട്ടിയത് ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പിലെ ബിസിനസ് എക്‌സിക്യൂട്ടീവിന്റെ ജോലിയാണ്. ആബേലച്ചനോട് യാത്ര പറഞ്ഞ് കലാഭവന്റെ പടിയിറങ്ങി. എങ്കിലും ആ പേര് ജീവിതം മുഴുവന്‍ ഹനീഫിന്റെ മേല്‍വിലാസമായിരുന്നു.
‘ചെപ്പ് കിലുക്കണ ചങ്ങാതി’യാണ് ഹനീഫിന്റെ ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പിന്നീട് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ്‌സെറ്റാണ് അവസാന ചിത്രം. മാത്രമല്ല, ദിലീപിന്റെ ഭാഗ്യ നടന്‍ എന്ന പേരും ഹനീഫിന് ലഭിച്ചിരുന്നു. ദിലീപിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും ഒരു സീനിലെങ്കിലും ഹനീഫ് ഉണ്ടാകും.
മമ്മൂട്ടിയായിരുന്നു ഹനീഫ് ഹൃദയബന്ധം സൂക്ഷിച്ച മറ്റൊരു നടന്‍. മമ്മൂട്ടിയും ദിലീപും കേന്ദ്രകഥാപാത്രങ്ങളായ കമ്മത്ത് ആന്‍ഡ് കമ്മത്ത് സിനിമയില്‍ കൊങ്ങിണി സംഭാഷണ ശൈലിയൊക്കെ പറഞ്ഞുകൊടുത്ത് ഒപ്പം നിന്നിരുന്നത് ഹനീഫായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനടന്മാരില്‍ ഒരാളായ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു കലാകാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്’, എന്നാണ് ഒരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് ഹനീഫ് പറഞ്ഞത്.
മമ്മൂട്ടിയുമായി അടുത്ത സൗഹൃദം തനിക്ക് ഉണ്ടായിരുന്നു എന്നും ഹനീഫ് അന്ന് പറഞ്ഞിരുന്നു. സീരിയലില്‍ പോലും വരുന്ന ആര്‍ട്ടിസ്റ്റുകളെ നിരീക്ഷിക്കുകയും അവരെ പറ്റി സംസാരിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക. തുറുപ്പുഗുലാന് ശേഷം പുള്ളിക്കാരന്‍ സ്റ്റാറാ, ഫയര്‍മാന്‍, കോമ്പിനേഷന്‍ ഇല്ലെങ്കിലും പുഴുവിലും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചു. അതൊക്കെ വലിയൊരു ഭാഗ്യം തന്നെയാണെന്നും ഹനീഫ് പറഞ്ഞിരുന്നു. കമ്മത്ത് ആന്റ് കമ്മത്തില്‍ കൊങ്ങിണി ഭാഷയുടെ കൊച്ചി സ്ലാങ് മമ്മൂക്കയ്ക്ക് പറഞ്ഞ് കൊടുക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായെന്നും ഹനീഫ് പറഞ്ഞിരുന്നു.
ഒത്തിരി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു, ഹനീഫിക്കയുമായി ഒരു സഹോദരനെ പോലെയുളള സ്‌നേഹബന്ധം ഉണ്ടായിരുന്നുവെന്നും ഈ വിയോഗം അപ്രതീക്ഷിതമാണെന്നും പ്രിയപ്പെട്ട ഹനീഫിക്കയ്ക്ക് വിട എന്നാണ് ദിലീപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തന്റെ പുതിയ സിനിമയുടെ ബാന്ദ്രയുടെ റിലീസിന്റെ തലേന്നാണ് വിയോഗ വാര്‍ത്തയെത്തിയത്. റിലീസ് തിരക്കുകള്‍ക്കിടയിലും ദിലീപ് ഹനീഫിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു.