News
ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നു, ഇതിനായി ശാസ്ത്രീയപഠനങ്ങള്‍ വരെ നടത്തിയെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍
ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നു, ഇതിനായി ശാസ്ത്രീയപഠനങ്ങള്‍ വരെ നടത്തിയെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍
പുറത്തിറങ്ങി 25 വര്‍ഷം കഴിഞ്ഞിട്ടും സിനിമാ പ്രേമികളുടെ മനസില്‍ നിന്ന് മായാതെ നില്‍ക്കുന്ന പ്രണയ ചിത്രമാണ് ടൈറ്റാനിക്. അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ 1997 ഡിസംബര്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ചിത്രത്തിന്റെ അവസാനം ഉണ്ടാകുന്ന കപ്പല്‍ അപകടത്തില്‍ നായകനായ ജാക്ക് മരണപ്പെടുന്നതായാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഇതാണ് ആരാധരെ ഏറെ വേദനിപ്പിച്ചിരുന്ന രംഗവും. എന്നാല്‍ ഒപ്പമുണ്ടായിരുന്ന നായിക റോസിന് ജാക്കിനെ രക്ഷിക്കാനുള്ള സാഹചര്യമുണ്ടായിരുന്നല്ലോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.
25 വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന് മറുപടിയുമായി എത്തിയിരിക്കുയാണ് കാമറൂണ്‍. സിനിമയില്‍ ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നെന്നും അത് തെളിയിക്കാനായി ശാസ്ത്രീയപഠനങ്ങള്‍ നടത്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. റോസും ജാക്കുമുണ്ടായിരുന്ന സാഹചര്യത്തില്‍ ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ എന്നും ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും ജെയിംസ് കാമറൂണ്‍ പറയുന്നു.
ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി ജാക്കിന്റെയും റോസിന്റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്‌കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചതെന്നാണ് കാമറൂണ്‍ വാദിച്ചത്.
‘ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ വെച്ച് നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത്, അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നാണ്’ എന്നും കാമറൂണ്‍ വിശദീകരിച്ചു.
ഫെബ്രുവരിയില്‍ ഇറങ്ങാനിരിക്കുന്ന ടൈറ്റാനിക് 4കെ റീമാസ്‌റ്റേര്‍ഡ് പതിപ്പില്‍ ഈ പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. ലിയനാഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരായിരുന്നു ജാക്കിനെയും റോസിനെയും അവിസ്മരണീയമാക്കിയത്. ജെയിംസ് ഹോണര്‍ ഈണമിട്ട ‘എവരി നൈറ്റ്‌സ് ഇന്‍ മൈ ഡ്രീം’ എന്ന ഗാനം ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രം കൂടിയാണ് ടൈറ്റാനിക്.
