Hollywood
ഇന്ത്യന്‍ സിനിമാ വ്യവസായം വലുതാകുകയാണ്, ടൈറ്റാനിക് റീ റിലീസിനെത്തുമ്പോള്‍ ഇന്ത്യ തങ്ങളുടെ പ്രധാന മാര്‍ക്കറ്റ് ആണ്; ജെയിംസ് കാമറൂണ്‍
ഇന്ത്യന്‍ സിനിമാ വ്യവസായം വലുതാകുകയാണ്, ടൈറ്റാനിക് റീ റിലീസിനെത്തുമ്പോള്‍ ഇന്ത്യ തങ്ങളുടെ പ്രധാന മാര്‍ക്കറ്റ് ആണ്; ജെയിംസ് കാമറൂണ്‍
ഇന്ത്യന്‍ സിനിമാ വ്യവസായം വലുതാകുകയാണെന്ന് ഹോളിവുഡ് ബ്രഹ്മാണ്ഡ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ടൈറ്റാനിക് റീ റിലീസിനെത്തുമ്പോള്‍ ഇന്ത്യ തങ്ങളുടെ പ്രധാന മാര്‍ക്കറ്റ് ആണെന്നും സംവിധായകന്‍ പറഞ്ഞു. ആദ്യ സന്ദര്‍ശനത്തിന് ശേഷം ഒരുപാട് സുഹൃത്തുകളെ ഉണ്ടാക്കി. അതില്‍പ്പിന്നെ ഇന്ത്യന്‍ സിനിമയെ കൃത്യമായി വീക്ഷിച്ച് വരികയാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞു.
‘ടൈറ്റാനിക്ക് ആദ്യം റിലീസ് ചെയ്യുമ്പോള്‍ ഇന്ത്യയേക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. 2010ല്‍ ആണ് ആദ്യം ഇന്ത്യയില്‍ എത്തുന്നത്. ആ വരവില്‍ ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കുകയും അവരുമായി ഇന്നും ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. അതിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുകയാണ്.
1997ല്‍ ടൈറ്റാനിക് ആദ്യമെത്തുമ്പോള്‍ ഇന്ത്യയില്‍ വലിയൊരു റിലീസ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം, രാജ്യം നിരവധി സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു, ഞങ്ങളുടെ സിനിമകളില്‍ അത്ര താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ‘അവതാറി’ന്റെ ഏറ്റവും വലിയ കോട്ട ഇന്ത്യയായി മാറിക്കഴിഞ്ഞു. ഇന്ത്യ മാറുകയും, അതിന്റെ മാര്‍ക്കറ്റ് വലുതാക്കുകയുമാണ്.’
‘എന്നെ സംബന്ധിച്ചിടത്തോളം മരണത്തിനിടയിലെ സ്‌നേഹമാണ് ടൈറ്റാനിക്. മനുഷ്യര്‍ ജീവിതത്തിനും മരണത്തിനുമിടയിലെടുക്കുന്ന തീരുമാനങ്ങള്‍ ആണ് ചിത്രം. ആളുകള്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ലൈഫ് ബോട്ടില്‍ കയറാതെ പിന്മാറിയതിന്റെ യഥാര്‍ത്ഥ ചരിത്രമാണ് സിനിമ പറയുന്നത്. ആണും പെണ്ണും തമ്മിലുള്ള പ്രണയത്തിനുമപ്പുറം, നിസ്വാര്‍ത്ഥമായ സ്‌നേഹമാണ് ടൈറ്റാനിക് സംസാരിക്കുന്നത്.
ഓരോരുത്തരും അവരവരായി നിന്നാണ് ചിത്രം കാണുക. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ എന്ത് ചെയ്യും, സ്വയം ജീവിതം ത്യജിക്കുമോ എന്ന ചോദ്യമാണ് ഓരോരുത്തരും ചോദിക്കുക,’ ചിത്രം കാലാതീതമാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.