Malayalam
എന്നെ കുറിച്ച് കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നായിരുന്നു ഒരാള്‍ എഴുതിയത്, സിനിമകള്‍ മോശമാണെന്ന് പറഞ്ഞ് റിവ്യൂകള്‍ വരുന്നത് തന്റെ കാലം മുതല്‍ ഉള്ളതാണ്; ജഗദീഷ്
എന്നെ കുറിച്ച് കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നായിരുന്നു ഒരാള്‍ എഴുതിയത്, സിനിമകള്‍ മോശമാണെന്ന് പറഞ്ഞ് റിവ്യൂകള്‍ വരുന്നത് തന്റെ കാലം മുതല്‍ ഉള്ളതാണ്; ജഗദീഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജഗദീഷ്. ഇപ്പോഴിതാ സിനിമകള്‍ മോശമാണെന്ന് പറഞ്ഞ് റിവ്യൂകള്‍ വരുന്നത് തന്റെ കാലം മുതല്‍ ഉള്ളതാണെന്ന് പറയുകയാണ് ജഗദീഷ്. നൂറ് ദിവസം ഓടിയ തന്റെ സിനിമയെ കുറിച്ച് കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നായിരുന്നു ഒരാള്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
‘സിനിമകള്‍ മോശമാണെന്ന് പറഞ്ഞ് ഇന്നാണ് റിവ്യൂകള്‍ വരുന്നതെന്ന് പലരും പറയുന്നുണ്ട്. പണ്ട്, ഇതിന്റെ തിക്താനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാരികയില്‍ എന്റെ ‘വെല്‍കം ടു കൊടൈക്കനാല്‍’ എന്ന സൂപ്പര്‍ ഹിറ്റ് മൂവിയെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു. ലേഖനത്തിന്റെ തലക്കെട്ടായി വെല്‍കം ടു കൊടൈക്കനാല്‍ എന്ന് എഴുതിയതിന് ശേഷം താഴെ കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നായിരുന്നു എഴുതിയിരുന്നത്.
അതായത്, മോഹന്‍ലാലിനെ പോലുള്ള ഒരു നായകന്‍ ചെയ്യേണ്ട വേഷം ജഗദീഷ് ചെയ്തത് എന്ത് അടിസ്ഥാനത്തിലായിരുന്നു എന്നാണ് അതിന്റെ റിവ്യൂ. ഞാന്‍ അതില്‍ തളര്‍ന്നില്ല. ആ മാസികയില്‍ റിവ്യൂ എഴുതിയ ആള്‍ക്ക് എന്നോട് ഒരു വിരോധവുമില്ല. സാകേതം എന്ന നാടകത്തില്‍ ജി. ശങ്കരന്‍ സാറിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍, നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.
അതില്‍ ലക്ഷ്മണനായിട്ടാണ് അഭിനയിച്ചത്. അന്നും, ഇതേ മാസികയില്‍ എഴുതിയത് ‘ജേഷ്ഠനെ കാട്ടിലേക്ക് അയച്ചതില്‍ കുപിതനായി വരുന്ന ജഗദീഷ് കുമാറിന്റെ ലക്ഷ്മണന്‍ മടലും ഊരി വരുന്ന തമിഴ് നായകനെ അനുസ്മരിപ്പിച്ചു’ അതിലും ഞാന്‍ തളര്‍ന്നില്ല. ജി. ശങ്കരപിള്ള സാര്‍ എനിക്ക് തന്ന ഉപദേശം റിവ്യൂവും സംഗതികളുമൊക്കെ വരും, ജഗദീഷിന്റെ അഭിനയം എല്ലാവര്‍ക്കും ഒക്കെ അല്ലെന്ന് മനസ്സിലായില്ലേ അപ്പോള്‍ ജഗദീഷ് ഇംപ്രൂവ് ആകാന്‍ ശ്രമിക്കണം എന്നായിരുന്നു. അത്, ഞാന്‍ ഉള്‍ക്കൊണ്ടു.
റിവ്യൂ വരുമ്പോള്‍ നമ്മള്‍ അതില്‍ തളരാന്‍ പാടില്ല. ഒരാള്‍ എക്‌സലന്റ് ആക്ടിംഗ് എന്നും മറ്റെയാള്‍ പരമ ബോറെന്നുമായിരിക്കും പറയുന്നത്, നമ്മള്‍ രണ്ടും സ്വീകരിക്കണം. എന്റെയൊക്കെ കാലഘട്ടത്തില്‍ സാഹിത്യകാരന്മാര്‍ ചെറുകഥ എഴുതുന്നവരെയൊക്കെ വിമര്‍ശിച്ചിട്ടുണ്ട്.
അതുകൊണ്ട്, ക്രിട്ടിസിസം എന്നുപറയുന്നത് എല്ലാ കാലഘട്ടത്തിലുമുണ്ട്. അതില്‍ അസഹിഷ്ണുത പാടില്ല. വ്യക്തിപരമായ വിമര്‍ശനത്തിലേക്ക് കടക്കാതെ കലാരൂപത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഒരു വിമര്‍ശകനുണ്ട്. പിന്നെ, സിനിമ എന്ന വ്യവസായത്തെ നശിപ്പിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട്. അത്, ഈ റിവ്യൂ പറയുന്നവര്‍ക്കും ബാധകമാണ്’ എന്നും ജഗദീഷ് പറഞ്ഞു.