Actress
നടി ഡോളി സോഹി അന്തരിച്ചു, അന്ത്യം സഹോദരിയുടെ മരണം സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍
നടി ഡോളി സോഹി അന്തരിച്ചു, അന്ത്യം സഹോദരിയുടെ മരണം സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍
ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി (48) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ഡോളി സോഹിയുടെ സഹോദരിയും നടിയുമായ അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത്.
ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമന്‍ദീപ് സോഹിയുടെ മരണം സംഭവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഡോളി സോഹിയുടെ അന്ത്യം.
രണ്ടു കൂടപ്പിറപ്പുകളെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് താനെന്ന് സഹോദരന്‍ മനു സോഹി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്‍സര്‍ സ്ഥിരീകരിച്ച വിവരം ഡോളി സോഹി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.
കലാശ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു ഡോളി സിനിമാരംഗത്ത് എത്തിയത്. ബാബി, മേരി ആഷികി തും സേ ഹി, മേരി ദുര്‍ഗ, കുങ്കും ഭാഗ്യ, പരിണീതി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഝനക് എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. അന്‍വീത് ധനോവയാണ് ഭര്‍ത്താവ്.