Malayalam
വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തു; ശ്രീശാന്തിനെതിരെ കേസെടുത്ത് പോലീസ്
വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തു; ശ്രീശാന്തിനെതിരെ കേസെടുത്ത് പോലീസ്
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ശ്രീയ്ക്ക് ആരാധകരുമുണ്ട്. ക്രിക്കറ്റ് താരം എന്നതിനേക്കാളുപരി അഭിനേതാവും ഡാന്‍സറും കൂടിയാണ് താരം. ഹിന്ദി ബിഗ് ബോസ് സീസണ്‍ 12 ല്‍ എത്തിയതോടെ താരം പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാകുകയായിരുന്നു.
താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കര്‍ണാടക ഉഡുപ്പിയില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. കണ്ണപുരം സ്വദേശിയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണു കേസ്.
2019ല്‍ കൊല്ലൂരില്‍ വച്ചു പരിചയപ്പെട്ട രാജീവ്കുമാര്‍, വെങ്കിടേഷ് കിനി എന്നിവര്‍ ചേര്‍ന്നാണു പണം വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നല്‍കാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോള്‍, പറഞ്ഞ സ്ഥലത്തു ശ്രീശാന്തിനു ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടി. പിന്നീടു ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നല്‍കാമെന്നു വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. പിന്നീട് നടപടിയൊന്നുമാകാത്തതിനാല്‍, കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനു ഹര്‍ജി നല്‍കുകയായിരുന്നു.
അതേസമയം, ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ശ്രീശാന്ത് ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെയാണ് ക്രിക്കറ്റില്‍ നിന്ന് പുറത്തായത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ വിവാദത്തില്‍ പ്രതികരണവുമായും ശ്രീശാന്ത് എത്തിയിരുന്നു. 10 ലക്ഷത്തിന് വേണ്ടി താന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും താന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്‍ വരെ 2 ലക്ഷം രൂപയാണ് എന്നും ശ്രീശാന്ത് പറയുന്നു. ‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി? പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍.
എല്ലാ കാശ് ഇടപാടുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ത്ഥനയാണ് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലും ഇല്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് ഞാന്‍ എറിഞ്ഞത്’, എന്നും ശ്രീശാന്ത് വ്യക്തമാക്കിരുന്നു.