Connect with us

ഭയാനകം ജയരാജിന്റെ ഏറ്റവും മികച്ച ചിത്രമാണെന്ന് നിസ്സംശയം പറയാം Review by Robin Thirumala

Malayalam Movie Reviews

ഭയാനകം ജയരാജിന്റെ ഏറ്റവും മികച്ച ചിത്രമാണെന്ന് നിസ്സംശയം പറയാം Review by Robin Thirumala

ഭയാനകം ജയരാജിന്റെ ഏറ്റവും മികച്ച ചിത്രമാണെന്ന് നിസ്സംശയം പറയാം Review by Robin Thirumala

ഭയാനകം ജയരാജിന്റെ ഏറ്റവും മികച്ച ചിത്രമാണെന്ന് നിസ്സംശയം പറയാം Review by Robin Thirumala

Bhayanakam Movie Review By Robin Thirumala

മലയാളസിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനനായ സംവിധായകരിൽ പ്രമുഖനാണ് ശ്രീ ജയരാജ്. ഇടയ്ക്കൊക്കെ പ്രഭ മങ്ങി എന്ന് തോന്നിക്കും എങ്കിലും അപ്രതീക്ഷിതവും അവിസ്മരണീയവുമായ ചിത്രങ്ങൾ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു സംവിധായക നഭസ്സിലെ ഈ ഒറ്റ നക്ഷത്രം. ജയരാജ് എന്ന സംവിധായകൻ നമ്മെ വീണ്ടും വിസ്മയിപ്പിക്കുകയാണ് ഭയാനക ത്തിലൂടെ.

ഭയാനകം ജയരാജിന്റെ നവരസ പരമ്പരയിലെ ഒരു ചിത്രമാണ്. തകഴിയുടെ കയറിനെ അവലംബിച്ചാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജയരാജിന്റെ എത്രാമത്തെ ചിത്രമാണ് ഇതെന്ന് അറിയില്ല. പക്ഷേ ഭയാനകം ജയരാജിന്റെ ഏറ്റവും മികച്ച ചിത്രമാണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിൻറെ തന്നെ ദേശാടനം എന്ന ചിത്രത്തിൽ ഉപയോഗിച്ച പരസ്യവാചകം( ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രം കണ്ടിട്ടില്ല) ഓർമ്മിച്ചു കൊണ്ടു പറയട്ടെ.. ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് കണ്ടിട്ടില്ല.

ഭയാനകം ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഒരു കുട്ടനാടൻ ഗ്രാമത്തിലെത്തുന്ന പോസ്റ്റുമാന്റെ കഥ പറയുന്നു. അയാളാകട്ടെ യുദ്ധത്തിൽ അംഗഭംഗം സംഭവിച്ച ഒരു പട്ടാളക്കാരനും. കുട്ടനാട്ടിൽ നിന്ന് പട്ടാളത്തിൽ പോയ ഒട്ടനവധി ചെറുപ്പക്കാർ വറുതിയുടെ കാലത്ത് തങ്ങളുടെ വീടുകളിലേക്ക് മണിയോർഡറായി പണവും കത്തുകളും എത്തിക്കുന്നത് ഈ പോസ്റ്റുമാനിലൂടെയാണ്. അക്കാരണം കൊണ്ട് തന്നെ അയാൾ കുട്ടനാടിനു മുഴുവൻ ശുഭകരമായ ഒരു കാഴ്ചയായി മാറുന്നു. പക്ഷേ പൊടുന്നനെ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ആ ഗ്രാമത്തിൽ നിന്നും പോയ പട്ടാളക്കാരുടെ മരണവാർത്തകൾ കമ്പിയായി ഒന്നൊന്നായി എത്തുകയും ചെയ്യുനിടത്തു കാഴ്ചകൾ മങ്ങി മാറി തുടങ്ങുന്നു. ഒരിക്കൽ കണി കാണാൻ കൊതിച്ച പോസ്റ്റുമാൻ ആ ഗ്രാമത്തിൻറെ മുഴുവൻ മരണത്തിൻറെ ദൂതനായി മാറുന്നു.

ഭയാനകം ഒരു യുദ്ധ വിരുദ്ധ ചിത്രമാണ്. യുദ്ധത്തിൻറെ എണ്ണിയാലൊടുങ്ങാത്ത കെടുതികളും യാതനകളും കണ്ണീരും കാട്ടിത്തരുന്ന ചിത്രം. പക്ഷേ ചിത്രത്തിൽ ഒരിടത്തും യുദ്ധ ഭൂമിയോ പോർവിമാനങ്ങളോ ഇല്ല. വെടിയൊച്ചകൾ ഇല്ല. ആകെയുള്ളത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയ മാനത്ത് പാറിപ്പറക്കുന്ന; പോർവിമാനങ്ങളെ ഓർമ്മിപ്പിക്കുന്ന പക്ഷികൾ മാത്രം.

മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ പോലെ കലിയടങ്ങാതെ തിമിർത്തു പെയ്യുന്ന മഴയിൽ; ഭയാനകമായ യുദ്ധവും മരണവും ഇഴചേർന്നു നിൽക്കുന്ന കായൽപ്പരപ്പിനു നടുവിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു ഗ്രാമത്തിലെ കാഴ്ചകൾ നമ്മുടെ നെഞ്ച് പൊള്ളിക്കുക തന്നെ ചെയ്യും. വിശ്വ സംഗീതകാരൻ ബീഥോവൻ അന്ത്യനാളുകളിൽ മാനത്തൊരു മിന്നൽ വെളിച്ചത്തിൽ മരണം കാത്തു കിടക്കുമ്പോഴുള്ള ഒരു വാഗ്മയ ചിത്രത്തെ ഓർമിപ്പിക്കുന്ന തലത്തിലേക്ക് കാവ്യാത്മകമായി ചിത്രം ഉയരുന്ന കാഴ്ച അത്ഭുതകരമാണ്.

ഗ്രാമവാസികൾക്ക് നല്ല ശകുനം ആയിരുന്ന പോസ്റ്റുമാൻ ഒടുവിൽ സഞ്ചരിക്കുന്ന മരണത്തിൻറെ ദൂതനായി മാറുന്നത്, കൂട്ടിയിട്ട പീരങ്കികൾ പോലെ തോന്നിക്കുന്ന ഒറ്റാലുകളുടെ നടുവിൽ നിസ്സഹായനായി നിൽക്കുന്ന പോസ്റ്റുമാന്റെ നിഴൽ ചിത്രം, മഴപിറ്റേന്ന് സ്തംഭിച്ചു നിൽക്കുന്ന കായൽപ്പരപ്പിലെ ഒരൊറ്റ തോണി, യുദ്ധമുഖത്തുനിന്നും മടങ്ങിയെത്തിയ കായലിൽ തെളിഞ്ഞുനിൽക്കുന്ന ഒരേ ചന്ദ്രൻ, കായൽപ്പരപ്പിൽ ഇളകിയാടുന്ന കലിയടങ്ങാത്ത മഴയുടെ രൗദ്രഭാവങ്ങൾ, പാടവരമ്പത്ത് തലയറ്റു പോയ ഒരു ഒറ്റത്തെങ്ങ്, ഇരുട്ടിൽ പാതിരാക്കാറ്റിൽ ഒറ്റയ്ക്കാടുന്ന ഒരു റാന്തൽ വിളക്ക്, കായൽപ്പരപ്പിലെ ചുഴികൾ, കായലരികത്തു ചാഞ്ഞുകിടക്കുന്ന ഏകാന്ത മരച്ചില്ലയിൽ ചേർന്നിരിക്കുന്ന പോസ്റ്റുമാന്റെ സങ്കട മുഖം, രാത്രി കഴുമരങ്ങൾ പോലെ തോന്നിപ്പിക്കുന്ന പട്ടാള റിക്രൂട്ട്മെൻറ് ക്യാമ്പ്… ഇങ്ങനെ കാണാക്കാഴ്ചകൾ ഒരുപാട് കാട്ടി തരുന്നുണ്ട് സംവിധായകൻ നമ്മുടെ നെഞ്ച് പൊള്ളിക്കാൻ ആയി.

ഈ ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന മറ്റൊരാൾ പോസ്റ്റുമാൻ ആയി പരകായപ്രവേശം നടത്തിയ രഞ്ജി പണിക്കരാണ്. വെടിയൊച്ച പോലും കേൾക്കാത്തവരുടെ നാട്ടിൽ യുദ്ധവും കെടുതിയും കണ്ട് അതിൻറെ യാതന പേറുന്നവന്റെ ചാവുഹൃദയം തൻറെ കണ്ണുകളിൽ ആവാഹിച്ചു അദ്ദേഹം തൻറെ അസാമാന്യമായ പ്രകടനത്തിലൂടെ. എല്ലാ അർത്ഥത്തിലും ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിൻറെ മുഖം യുദ്ധത്തിൻറെ ദുരന്തമുഖം പ്രതിബിംബിച്ചു. ആർക്കുവേണ്ടിയാണ് യുദ്ധം എന്ന ഒരു കുരുന്നിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന ഒരു നോട്ടം മതി അദ്ദേഹത്തിലെ നടനെ വൈഭവത്തിന് തെളിവായി.

വിസ്മയിപ്പിച്ചവർ ഇനിയുമുണ്ട്. പട്ടാളത്തിൽ ഉള്ള തൻറെ രണ്ടുമക്കളെയും കാത്തിരിക്കുന്ന ഗൗരി എന്ന അമ്മയായി മാറിയ ആശാ ശരത് ഒരാൾ. നമ്മൾ ഉറങ്ങുമ്പോൾ പിള്ളേർ ഉണർന്നിരിക്കുനിടത്താണോ യുദ്ധം എന്നവർ നിഷ്കളങ്കമായി ചോദിക്കുന്നുണ്ട് ഒരിടത്ത്. ആ ചോദ്യം നമ്മുടെ ഉള്ളുലക്കും. വിസ്മയിപ്പിച്ചവർ ഇനിയും നിരവധി പേരുണ്ട്. ഇന്നത്തെ കുട്ടനാട്ടിനെ ഒരു പഴയ ഏകാന്ത കാഴ്ചയാക്കി മാറ്റിയെടുത്ത് കായലിലെ നിശബ്ദമായ വന്യത നമുക്ക് സമ്മാനിച്ച ക്യാമറാമാൻ നിഖിൽ എസ്. പ്രവീൺ, ചിത്രത്തിന് സംഗീതം ഒരുക്കിയ എം. കെ. അർജുനൻ മാസ്റ്റർ, ഗാനങ്ങളെഴുതിയ ശ്രീകുമാരൻ തമ്പി, ചിത്രം എഡിറ്റ്‌ ചെയ്ത ജിനു ശോഭ,അഫ്‌സൽ എ. എം., ചിത്രത്തിലെ മറ്റു വേഷങ്ങൾ അവതരിപ്പിച്ചവർ, ഒപ്പം ജയരാജിന്റെ തന്നെ ഭാവതീവ്രമായ തിരക്കഥയും.അഭിനന്ദനങ്ങൾ അർഹിക്കുന്ന ഏറ്റവും പ്രധാനി ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് മുട്ടത്ത് ആണ്.അദ്ദേഹം പണം മുടക്കിയത് കൊണ്ടാണല്ലോ ഇങ്ങനെയൊരു വിസ്മയ ചിത്രം നമുക്ക് ലഭിച്ചത്.

ഓളങ്ങൾ പോലും നിശ്ചലമായ കായൽപ്പരപ്പിൽ മരണവുമായി എത്തുന്ന കമ്പി സന്ദേശങ്ങൾ കടലാസ് തോണികളാക്കി ഒഴുക്കി പോസ്റ്റുമാൻ തുഴഞ് നീങ്ങുമ്പോൾ, മറ്റൊരിടത്ത് കായൽപ്പരപ്പിൽ തന്റെ മക്കളെ കാത്തിരിക്കുന്ന ഗൗരിയുടെ മനസ്സുപോലെ തെളിമാനത്തു മിഴി നട്ട് ഒരു വെള്ളാമ്പൽ പൂ ഏകാന്തമായി വിരിഞ്ഞുനിൽക്കുന്ന കാഴ്ച സംവിധായകൻ ചിത്രത്തിൽ അവശേഷിപ്പിക്കുന്നുണ്ട് .

ആ പൂവ് മലയാളസിനിമയുടെ അഭിമാനമായി മാറുന്നത് തികച്ചും വിസ്മയകരമായ ഒരു കാഴ്ച തന്നെയാണ്

Bhayanakam Movie Review By Robin Thirumala

Continue Reading
You may also like...

More in Malayalam Movie Reviews

Trending

Recent

To Top