ഡബ്ബിങ് സ്റ്റുഡിയോയിലിട്ട് ഫാസില്‍ എന്നെ കരയിപ്പിക്കുമായിരുന്നു,അങ്ങനെ ഞാൻ ഇറങ്ങി പോയ സംഭവങ്ങള്‍ പോലുമുണ്ട് ; ഭാഗ്യലക്ഷ്മി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അഭിനേത്രിയായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. ആര്‍ട്ടിസ്റ്റ് എന്നതിനപ്പുറത്തേയ്ക്ക് ആക്ടിവിസ്റ്റായും ഭാഗ്യലക്ഷ്മിയെ അടയാളപ്പെടുത്താം. സാമൂഹിക രാഷട്രീയ വിഷയങ്ങളിലെല്ലാം ഭാഗ്യ ലക്ഷ്മി ഇടപെട്ടിരുന്നു. സിനിമ, സീരിയല്‍, നാടകം എന്നീ മേഘലകളിലെല്ലാം ശബ്ദമായും രൂപമായുമെല്ലാം ഭാഗ്യലക്ഷ്മി എത്തി
ശോഭന, ഉര്‍വശി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരസുന്ദരിമാര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഒരു കാലത്ത് ഏറ്റവും സൂപ്പര്‍ഹിറ്റായ സിനിമകളിലെല്ലാം ഭാഗ്യലക്ഷ്മിയുടെ ശബ്ദമായിരുന്നു. എന്നാല്‍ സംവിധായകന്‍ ഫാസില്‍ ഡബ്ബിങ്ങില്‍ തന്റെ ഗുരുവാണെന്ന് പറയുന്ന ഭാഗ്യലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ സിദ്ദിഖിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫാസിലും ഭാഗ്യലക്ഷ്മിയും. സിനിമയിലെ കഥപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ പോയിട്ട് കരഞ്ഞോണ്ട് ഇറങ്ങി പോരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് പരിപാടിയിലൂടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ വഴക്ക് കൂടിയിട്ടുള്ളത് ഞങ്ങള്‍ രണ്ട് പേരും തമ്മിലാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഡബ്ബിങ് സ്റ്റുഡിയോയിലിട്ട് ഫാസില്‍ എന്നെ കരയിപ്പിക്കുമായിരുന്നു. അങ്ങനെ താന്‍ ഇറങ്ങി പോയ സംഭവങ്ങള്‍ പോലുമുണ്ടെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. കഥാപാത്രത്തിന്റെ പെര്‍ഫെഷന് വേണ്ടിയാണോ അങ്ങനെ ചെയ്തതെന്ന സിദ്ദിഖിന്റെ ചോദ്യത്തിന് അല്ലെന്നായിരുന്നു ഫാസിലിന്റെ മറുപടി. എന്നാല്‍ തന്നെ കളിയാക്കി കൊണ്ടരിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.ഡബ്ബിങ്ങിനിടെ കഥാപാത്രമായി ഭാഗ്യലക്ഷ്മി മാറുകയാണ് വേണ്ടത്. എന്നാല്‍ ഇടയ്ക്ക് കഥാപാത്രത്തിന് പകരം ഭാഗ്യലക്ഷ്മി കയറി വരും. ഇക്കാര്യം ഞാന്‍ പറഞ്ഞാല്‍ പുള്ളിക്കാരിയ്ക്ക് അതിഷ്ടപ്പെടില്ല. അവസാനം കരഞ്ഞോണ്ട് ഒക്കെയായിരിക്കും ഇറങ്ങി പോവുന്നത്. എന്നിരുന്നാലും ഞങ്ങള്‍ തമ്മില്‍ ആ ബഹുമാനമൊക്കെ പരസ്പരം കൊടുക്കാറുണ്ടെന്ന് ഫാസില്‍ പറഞ്ഞു.
ഡബ്ബ് ചെയ്യാന്‍ വരുമ്പോള്‍ തന്നെ എന്റെ കഥാപാത്രത്തെ നശിപ്പിക്കാനായി തിരുവനന്തപുരത്ത് നിന്ന് ഫ്‌ളൈറ്റ് ടിക്കറ്റും മുടക്കി വന്നിരിക്കുകയാണെന്ന് പറയും. നിങ്ങള്‍ക്ക് വേറെ ആരെയും കിട്ടിയില്ലെന്ന് നിര്‍മാതാവിനോട് ചോദിക്കും. ഓരോ സിനിമ കഴിയുമ്പോഴും ഇത് തമാശയാണെന്ന് എനിക്ക് അറിയാം. എങ്കിലും എന്തൊക്കെ പറഞ്ഞ് മൂഡ് ഓഫ് ആക്കാന്‍ സാധിക്കുമോ അതുപോലൊക്കെ പറയും. എന്നിട്ടാണ് ഡബ്ബ് ചെയ്യിപ്പിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
പലപ്പോഴും ഡബ്ബ് ചെയ്യുന്നതിനിടയില്‍ നായികയുടെ ചില പ്രവൃത്തികള്‍ ഇവരെ കൊണ്ട് ചെയ്യിപ്പിക്കും. അത് കൈയ്യില്‍ നിന്ന് ഇട്ട് നശിപ്പിക്കുമ്പോഴാണ് ഞാനും ഭാഗ്യലക്ഷ്മിയും വഴക്കാവുന്നത്. പിന്നെ അതുള്‍കെണ്ട് കൊണ്ട് അവര്‍ നന്നായി തന്നെ ചെയ്യും. ഒരു കഥാപാത്രത്തെ നമ്മള്‍ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഭാഗ്യലക്ഷ്മിയാണോ ചെയ്തതെന്ന് ചോദിക്കണം. മണിച്ചിത്രത്താഴില്‍ ശോഭനയെ കാണുമ്പോള്‍ ആ കഥാപാത്രമാണ് സംസാരിക്കുന്നത്.
അവിടെ ഭാഗ്യലക്ഷ്മി വരുന്നില്ലെന്ന് ഫാസില്‍ കൂട്ടിച്ചേര്‍ത്തു.സൂര്യപുത്രിയിലെ ഡബ്ബിങ് അസാധ്യമായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഫാസില്‍ അഭിനന്ദിച്ചതിനെ പറ്റിയും ഭാഗ്യലക്ഷ്മി സൂചിപ്പിച്ചു. എനിക്ക് അതുപോലെ കിട്ടണമെന്ന് പറഞ്ഞു. ചില ഡയലോഗുകള്‍ പറയുമ്പോള്‍ വൈബ്രേറ്റ് ചെയ്യാറുണ്ട്. അത് പഠിച്ചത് ഫാസില്‍ സാറിന്റെ കൈയ്യില്‍ നിന്നാണ്. അങ്ങനെ എന്റെ ഗുരുനാഥനാണ് ഫാസിലെന്ന് ഞാനൊരു മാഗസിനില്‍ എഴുതിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
എത്ര മനോഹരം ആയ വോയിസാണ് ഭാഗ്യലക്ഷ്മിയുടേത്. നടിമാർ എങ്ങനെ അഭിനയിച്ചാലും ചേച്ചിയുടെ വോയിസ് വന്നാൽ ആ നടിയുടെ അഭിനയ മികവ് ഉയരങ്ങളിൽ എത്തുമെന്ന് ആരാധകർ വീഡിയോയുടെ താഴെയുള്ള കമൻ്റുകളിലൂടെ പറയുന്നത്.