Actor
സ്വര്‍ണം പണയം വെയ്ക്കാന്‍ പോയപ്പോള്‍ കൗണ്ടറിന് പുറകിലെ എന്റെ ചിത്രം കണ്ട് ഞെട്ടി; അനുഭവം പങ്കുവെച്ച് ആസിഫ് അലി
സ്വര്‍ണം പണയം വെയ്ക്കാന്‍ പോയപ്പോള്‍ കൗണ്ടറിന് പുറകിലെ എന്റെ ചിത്രം കണ്ട് ഞെട്ടി; അനുഭവം പങ്കുവെച്ച് ആസിഫ് അലി
നിരവധി ആരാധകരുള്ള യുവതാരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ആദ്യമായി സ്വര്‍ണം പണയം വെക്കാന്‍ പോയതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നടന്‍. ബി. ടെക് എന്ന സിനിമയ്ക്ക് ശേഷം മൃദുല്‍ നായര്‍ ആസിഫ് അലി കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കാസര്‍ഗോള്‍ഡ്’.
ആദ്യമായി സ്വര്‍ണം വാങ്ങിയത് എപ്പോഴായിരുന്നു എന്ന് ചോദിച്ചപ്പോള്‍, ആദ്യമായി വാങ്ങിയത് എന്നാണെന്ന് ഓര്‍മ്മയില്ല, പക്ഷേ ആദ്യമായി പണയം വെക്കാന്‍ പോയത് ഓര്‍മ്മയുണ്ട് എന്നായിരുന്നു താരം പറഞ്ഞത്. ‘21,22 വയസ്സുണ്ടാവും അന്ന്, മലയാള സിനിമയുടെ ഭാഗമാവണമെന്ന ആഗ്രഹവുമായി കൊച്ചിയിലെത്തി നില്‍ക്കക്കള്ളിയില്ലാതെ നില്‍ക്കുന്ന സമയം.
മോഡലിങ്ങ് ആയിരുന്നു സിനിമയില്‍ കയറാനുള്ള ആദ്യപടി. കാണാന്‍ വലിയ ലുക്ക് ഒന്നുമില്ലെങ്കിലും ഫോട്ടോഷൂട്ട് നടക്കുന്നുണ്ടായിരുന്നു. എന്താണ് ഏതാണ് എന്നൊന്നും അന്വേഷിക്കാതെ ഒരുപാട് ഫോട്ടോഷൂട്ടിന്റെ ഭാഗമാവുമായിരുന്നു. ആ സമയത്ത് കയ്യിലൊരു സ്വര്‍ണമോതിരമുണ്ടായിരുന്നു, ഒരിക്കലത് പണയം വെക്കാന്‍ പോയിടത്താണ് ഞാന്‍ മുന്‍പ് ചെയ്ത ഫോട്ടോഷൂട്ടിലെ ഒരു ചിത്രം കാണുന്നത്.
കൗണ്ടറിന്റെ പിറകില്‍ ഒരുപിടി സമ്മാനങ്ങള്‍ നേടാം എന്ന തരത്തിലായിരുന്നു എന്റെ ഫോട്ടോ വെച്ചിരുന്നത്. മോതിരം വാങ്ങിയ ശേഷം കൗണ്ടറിലുള്ള ചേച്ചി ഐഡി കാര്‍ഡുണ്ടോ എന്ന ചോദിച്ചപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നോക്കി അനക്കമില്ലാതെയിരിക്കുകയാണ്. കൂടെവന്ന ആളാണ് അപ്പോള്‍ പറഞ്ഞത്, ഐഡി പ്രൂഫ് എന്തിനാ പുറകിലുള്ള പരസ്യം നോക്കിയാല്‍ പോരേ എന്ന്. അതായിരുന്നു സ്വര്‍ണവുമായി ബന്ധപ്പെട്ട എന്റെ ആദ്യ അനുഭവം’ എന്നും ആസിഫ് അലി പറഞ്ഞു.
കാസര്‍ഗോള്‍ഡിന്റെ സംവിധായകന്‍ മൃദുല്‍ നായരും അഭിമുഖത്തില്‍ കൂടെയുണ്ടായിരുന്നു. യൂഡ്‌ലി ഫിലിംസ് മുഖരി എന്റര്‍ടൈന്‍മെന്റുമായി ചേര്‍ന്ന് സരിഗമയുടെ ബാനറിലാണ് ‘കാസര്‍ഗോള്‍ഡ്’ പുറത്തിറങ്ങുന്നത്. വിനായകനും, സണ്ണി വെയ്‌നും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ സിദ്ദിഖ്, സമ്പത്ത് റാം, ദീപക്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
