തളർന്നു കിടന്ന ഒരു അമ്മച്ചി ബിഗ് ബോസ് കണ്ടു കണ്ട് എഴുന്നേറ്റ് ഇരുന്നു ; ഒരുപാട് ആളുകളെ സന്തോഷിപ്പിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ് ; അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ടൈറ്റിൽ വിജയിയാണ് ഇപ്പോൾ അഖിൽ മാരാർ. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി സിനിമയിലെത്തിയ അഖിലിന് വൻ ജനപ്രീതിയാണ് ഷോയിലൂടെ ലഭിച്ചത്. സംവിധായകനായ അഖിൽ മാരാർ സോഷ്യൽ മീഡിയയിലെ വിവാദ പ്രസ്താവനകളിലൂടെയും മറ്റും നിരവധി ഹേറ്റേഴ്സിനെ സ്വന്തമാക്കിക്കൊണ്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്. എന്നാൽ അവരെ പോലും ആരാധകരാക്കി മാറ്റി വിജയകിരീടവുമായി പുറത്തെത്തുകയായിരുന്നു.
പുറത്തെത്തിയ ശേഷവും ഗംഭീര സ്വീകരണമാണ് അഖിൽ മാരാർക്ക് ലഭിച്ചത്. പൊതുവേദികളിലും ഉദ്‌ഘാടന ചടങ്ങുകളിലുമെല്ലാം അഖിലിനെ കാണാൻ നിരവധി പേർ തടിച്ചു കൂടുന്ന സാഹചര്യമുണ്ടായി. സോഷ്യൽ മീഡിയയിൽ അഖിലിന്റേതായി വരുന്ന വീഡിയോകളൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദുബായിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന അഖിലിന്റെ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഉദ്‌ഘാടനങ്ങൾക്കും മറ്റുമായി അഖിൽ ദുബായിയിൽ എത്തിയത്. തന്റെ പിറന്നാൾ അടക്കം താരം അവിടെ ആഘോഷമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ആരാധകരുമായുള്ള ഒരു സംവാദ പരിപാടിയിലും അഖിൽ പങ്കെടുത്തത്. മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ എൺപതുവയസ്സുള്ള അമ്മമാർ വരെ തന്റെ ആരാധകരായിട്ടുണ്ടെന്ന് അഖിൽ മാരാർ വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.
പരിപാടിക്കിടെ ഒരു ആരാധിക തനിക്കുള്ള ആരാധനയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അഖിൽ ഇക്കാര്യം പറഞ്ഞത്. ദുബായിൽ മാത്രമല്ല, സൗദിയിലും മറ്റു ജിസിസി രാജ്യങ്ങൾ എല്ലാം തന്നെ ബിഗ് ബോസ് സമയത്ത് അഖിലിനെ പിന്തുണയ്ക്കുന്ന ആരാധകർ ഉണ്ടായിരുന്നു എന്നാണ് ആരാധിക പറഞ്ഞത്. അതിനു പിന്നാലെ തളർന്നു കിടന്നിരുന്ന ഒരു അമ്മ ബിഗ് ബോസ് കണ്ട് എണീറ്റ കഥയും അഖിൽ ഷോയിൽ പങ്കുവച്ചു.
‘ഞാൻ കരുതിയത് എന്റെ ആരാധകർ 40-50 വയസിന് ഇടയിലുള്ളവർ ആകുമെന്നാണ്. എന്നാൽ കുഞ്ഞു കുട്ടികൾ മുതൽ ആരാധകരായുണ്ട്. അടുത്തിടെ എന്റെ സുഹൃത്ത് ഹരി എന്നെ വിളിച്ചു. എന്നോട് ചന്ദ്രലേഖ സിനിമയിലെ പാട്ടൊന്ന് പഠിച്ചുവച്ചോളാൻ പറഞ്ഞു. ഞാൻ എന്താ കാര്യമെന്ന് ചോദിച്ചു. പെരുമ്പാവൂരിൽ തളർന്നു കിടന്ന ഒരു അമ്മച്ചി ബിഗ് ബോസ് കണ്ടു കണ്ട് എഴുന്നേറ്റ് ഇരുന്നെന്ന്. അവരെ ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞത്രെ അഖിലിനെ കണ്ടാൽ അമ്മച്ചി ചിലപ്പോൾ എഴുന്നേറ്റ് നടന്നേക്കുമെന്ന്. അതുകൊണ്ടാണെന്ന്’, അഖിൽ പറഞ്ഞു.ക്യാൻസർ ആയ ഒരുപാട് ആളുകൾ എന്നെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. ഒരുപാട് ആളുകളെ സന്തോഷിപ്പിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം ആണല്ലോയെന്നും അഖിൽ പറയുന്നു.
അതേസമയം അടുത്തിടെ തന്റെ തന്‍റെ ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അഖില്‍ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഒരു സെന്‍റ് ഭൂമി എനിക്കില്ല. ഒരു വീട് വച്ചിട്ടില്ല. കൂട്ടുക്കാരനുമായുള്ള കടം വീട്ടാന്‍ രണ്ടര ലക്ഷം രൂപ കാനറ ബാങ്കില്‍ നിന്ന് വായ്പ എടുത്തു. അതില്‍ ഒരു രൂപ പോലും തിരിച്ച് അടച്ചിട്ടില്ല. കാര്‍ഷിക വായ്പ ആയതുകൊണ്ട് നാല് ശതമാനം പലിശ വച്ച് വര്‍ഷം 10,000 രൂപ അടച്ചാല്‍ മതി. അന്നെനിക്ക് 10,000 രൂപ വലുതായിരുന്നു’,
‘ഞാന്‍ ഒരിക്കലും രക്ഷപെടില്ലെന്നായിരുന്നു അന്നത്തെ ചിന്ത. നശിച്ച് 2020 ഒക്കെ ആവുമ്പോഴേക്കും ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ട ഞാന്‍ എന്തിന് 10,000 രൂപ വായ്പ തിരിച്ചടയ്ക്കണമെന്നാണ് ചിന്തിച്ചത്. അതുകൊണ്ട് മനപ്പൂര്‍വ്വം അടച്ചില്ല. അത് ഒരു ജപ്തിയുടെ വക്കിലാണ്’, എന്നാണ് അഖില്‍ പറഞ്ഞത്.