Tamil
ബജറ്റിന്റെ ആറിരട്ടി കളക്ഷന്‍ നേടിയ വിജയ് ചിത്രം 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേയ്ക്ക്; ആഘോഷമാക്കി ആരാധകര്‍
ബജറ്റിന്റെ ആറിരട്ടി കളക്ഷന്‍ നേടിയ വിജയ് ചിത്രം 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേയ്ക്ക്; ആഘോഷമാക്കി ആരാധകര്‍
ഇന്ന് റീ റിലീസുകള്‍ ഒരു പുതിയ കാര്യമല്ല. ജനപ്രീതി നേടിയ പഴയ സിനിമകള്‍ പുതിയ ദൃശ്യ, ശബ്ദ വിന്യാസത്തില്‍ കാണാനുള്ള സിനിമാപ്രേമികളുടെ ആഗ്രഹമാണ് റീ റിലീസുകള്‍ക്ക് പിന്നിലുള്ള ബിസിനസ് താല്‍പര്യം. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിച്ചിട്ടുള്ളത് തമിഴ് സിനിമയിലാണ്. അവയില്‍ പലതും തിയറ്ററുകളില്‍ ആളെ കൂട്ടിയിട്ടുമുണ്ട്.
ഇപ്പോഴിതാ ആ നിരയിലേയ്ക്ക് മറ്റൊരു ചിത്രം കൂടി എത്താനൊരുങ്ങുകയാണ്. വിജയ് എന്ന നടനില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള യാത്രയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച ‘ഗില്ലി’യാണ് തിയേറ്ററുകളില്‍ വീണ്ടും എത്താന്‍ പോകുന്നത്. ധരണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്ത്രതില്‍ പ്രകാശ് രാജ്, തൃഷ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ റീറിലീസ് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് വിജയ് ആരാധകര്‍. ചിത്രത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇപ്പോള്‍ റീ റീലീസ് നടത്തുന്നത്. 4k ക്വാളിറ്റിയില്‍ റീമാസ്‌റ്റേഡ് വേര്‍ഷന്‍ ആണ് തിയേറ്ററുകളില്‍ എത്തുക. റീ റിലീസ് പ്രമാണിച്ച് ചിത്രത്തിന്റെ പ്രത്യേക ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തമിഴില്‍ വരും മാസങ്ങളില്‍ വലിയ റിലീസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 20 നാണ് തിരഞ്ഞെടുത്ത സെന്ററുകളില്‍ ചിത്രമെത്തുന്നത്. 200 ദിവസത്തിലധികം ഓടുകയും വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം വിജയ്‌യുടെ താരമൂല്യത്തെയും പ്രതിഫലത്തെയും ഒരുപോലെ ഉയര്‍ത്തി. 8 കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‌യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമാണ്.
അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവ ഗണേഷ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ദളപതി 68 നുണ്ട്.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വല്‍ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വര്‍ക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദര്‍ശിച്ചതും വാര്‍ത്തകളിലിടം നേടിയിരുന്നു.
