Connect with us

മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളുടെ സംവിധായകന്‍; ഒരിടവേളക്ക് ശേഷം കോളാമ്പിയുമായി എത്തുന്നു !

Malayalam

മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളുടെ സംവിധായകന്‍; ഒരിടവേളക്ക് ശേഷം കോളാമ്പിയുമായി എത്തുന്നു !

മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളുടെ സംവിധായകന്‍; ഒരിടവേളക്ക് ശേഷം കോളാമ്പിയുമായി എത്തുന്നു !

മലയാളത്തിന് മറക്കാനാവാത്ത നല്ല സിനിമകൾ മാത്രം സമ്മാനിച്ച മലയാളത്തിന്റെ സംവിധായകൻ ടി കെ രാജീവ് കുമാർ വീണ്ടും മലയാള സിനിമ ലോകത്തേക്ക് . മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളുടെ സംവിധായകന്‍, ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ്. ടി.കെ രാജീവ് കുമാര്‍. ചാണക്യന്‍, പവിത്രം, കണ്ണെഴുതിപൊട്ടും തൊട്ട്, ശേഷം, ജലമര്‍മ്മരം തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച രാജീവ് കുമാര്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ് ‘കോളാമ്പി’യിലൂടെ. മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ അതിജീവിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുന്ന രാജീവ് കുമാറിന് പറയാനുള്ളത് സിനിമയാണ് തന്നെ അതിന് സഹായിച്ചതെന്നാണ്, സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ് തന്നെ തിരിച്ചുപിടിച്ചതെന്നാണ് രാജീവ് പറയുന്നത് .

കോളേജില്‍ പഠിക്കുന്ന സമയത്ത് ‘ബ്ലൂ ബേര്‍ഡ്‌സ് ഓര്‍ക്കസ്ട്ര’ എന്ന പേരില്‍ ഗാനമേള ട്രൂപ്പ് ഉണ്ടായിരുന്നു. പിന്നെ ‘സൂപ്പര്‍ മിമിക്‌സ്’ എന്ന മിമിക്രി ട്രൂപ്പും ഉണ്ടായിരുന്നു. ഞങ്ങള്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ വിജയികളുമായിരുന്നു.. ഞങ്ങളുടെ ഈ കലാപരമായ കരിയറൊക്കെ തുടങ്ങുന്ന സമയത്ത് ഈ കോളാമ്പി സ്പീക്കർ ആയിരുന്നു കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഞങ്ങള്‍ പരിപാടികള്‍ തുടങ്ങിയത് ഈ കോളാമ്പി പോലുള്ള സൗണ്ട് സിസ്റ്റത്തില്‍ ആയിരുന്നു. ഈ കോളാമ്പിയിലാണ് വലിയ വലിയ പ്രസംഗങ്ങള്‍ ഒക്കെ കേട്ടിരുന്നത്. നേതാക്കന്മാര്‍ വരുന്നിടത്തും ആള് കൂടുന്നിടത്തുമെല്ലാം ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു കോളാമ്പി രാജീവിന്റെ വാക്കുകൾ ഇങ്ങനെ
.

ഞാന്‍ ഈ രണ്ട് ട്രൂപ്പിലും ജോലി ചെയ്തിരുന്ന സമയത്ത് ഞങ്ങള്‍ക്ക് സ്ഥിരമായി സൗണ്ട് സപ്ലൈ ചെയ്തിരുന്നത് തിരുവനന്തപുരത്തുള്ള അജന്ത സൗണ്ട്സ് എന്ന സ്ഥാപനമാണ്. അതിന്റെ ഉടമസ്ഥന്‍ ഞങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങളുടെ പരിപാടിക്ക് ഡിസ്‌ക്കൗണ്ടൊക്കെ തന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ആളാണ് അദ്ദേഹം. ഈ ഒരു എക്‌സ്പീരിയന്‍സാണ് കോളാമ്പി എന്ന കഥ ഉണ്ടാകാന്‍ കാരണം.

ശബ്ദമലിനീകരണ ആക്ട് പ്രകാരം ബാന്‍ ചെയ്ത ഒന്നാണ് കോളാമ്പി. സൗണ്ട് സപ്ലൈ വളരെ പാഷനേറ്റ് ആയി നടത്തി കൊണ്ടിരുന്ന, ആള്‍ക്ക് 2005-ല്‍ നിലവില്‍ വന്ന ഈ ബാനിനെ തുടര്‍ന്ന് അയാളുടെയും ഭാര്യയുടെയും ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിരക്കുന്നു. രഞ്ജി പണിക്കരും രോഹിണിയുമാണ് ദമ്പതികളായി വേഷമിടുന്നത്. ഇവരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

സൗണ്ട് സിസ്റ്റം ഒരു ബിസിനസ് എന്നുള്ളതിനപ്പുറം നോക്കിക്കാണുന്ന ആളാണ് ഇതിലെ കഥാപാത്രം. ദാസേട്ടനെ പോലുള്ള വലിയ ഗായകര്‍ക്കും മറ്റും സൗണ്ട് സിസ്റ്റം നല്‍കിയിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് സൗണ്ട് സിസ്റ്റം വച്ച ആളാണ്. കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികളുടെയും പ്രതിനിധികളാണ് ഈ ദമ്പതികള്‍. ഉച്ചഭാഷിണിക്ക് ഏര്‍പ്പെടുത്തിയ നിരോധനം അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നു, സാമ്പത്തിക പ്രതിസന്ധി വരുന്നു, കമ്പനി പൂട്ടേണ്ടിവന്നു. അവരുടെ വീട്ടിലേക്ക് ഈ കോളാമ്പികള്‍ മാറ്റേണ്ടി വന്നു.

എന്നിട്ടും അവരെ അടുത്തറിയാവുന്നവര്‍ പിന്നീടും ആ വീട്ടിലേക്ക് അവരെ തേടി വന്നു. അവരുടെ കയ്യിലെ എല്‍.പി റെക്കോര്‍ഡ്സ് കേള്‍ക്കാന്‍ വരുന്നവരാണത്.. അങ്ങനെയാണ് ആ ദമ്പതികള്‍ ഒരു ‘പാട്ട് കാപ്പിക്കട’ എന്ന കണ്‍സപ്റ്റിലേക്ക് വരുന്നത്. അവിടെ വന്ന് പാട്ട് കേള്‍ക്കുന്നവര്‍ക്ക് ഇവര്‍ കാപ്പി കൊടുക്കും. അതിന് ഇഷ്ടമുള്ള പൈസ നല്‍കിയാല്‍ മതി.

അവിടേക്ക് വരുന്ന ഒരു കഥാപാത്രമാണ് നിത്യ മേനോന്റേത്. അരുന്ധതി എന്നാണ് പേര്. കൊച്ചി ബിനാലെയില്‍ പങ്കെടുക്കാന്‍ വരുന്ന ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ടിസ്റ്റാണ് അരുന്ധതി. അവര്‍ ഈ പാട്ടുകാപ്പിക്കടയെക്കുറിച്ച് മാഗസിനില്‍ ഒരു ലേഖനം കാണുകയും അത് അന്വേഷിച്ച് ഇവരെ തേടിയെത്തുകയും ചെയ്യുന്നു. അരുന്ധതി വരുന്നതോടെ ഈ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കോളാമ്പി പറയുന്നത്.

ആനുകാലികമായ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ആളാണ് ഞാന്‍. സിനിമ വാക്കുകളിലൂടെയല്ലാതെ ദൃശ്യങ്ങളിലൂടെ പറയണം എന്നാഗ്രഹിക്കുന്ന ആളാണ്. അപ്പോള്‍ അത്തരം പ്ലോട്ടുകള്‍ വരുമ്പോള്‍ അതിലേക്ക് ചാടിവീഴാറുമുണ്ട്. അന്ന് തത്സമയം പെണ്‍കുട്ടി ആലോചിച്ച സമയത്ത് അങ്ങനെ ഒരു പശ്ചാത്തലത്തിൽ പടം ചെയ്യുമ്പോൾ ഒരു സംവിധായകൻ നേരിടേണ്ടിവരുന്ന വെല്ലുവിളി, അല്ലെങ്കില്‍ ആ എക്‌സൈറ്റ്‌മെന്റ് ഉണ്ടല്ലോ അതാണ് ആ വിഷയത്തിലേയ്ക്ക് ആകര്‍ഷിച്ചത്.

‘കോളാമ്പി’യിലും അങ്ങനെ ഒന്നുണ്ട്.. ഹ്യൂമണ്‍ അല്ല എന്നാല്‍ ലൈഫുള്ള ഒന്നാണ് ഈ കോളാമ്പി എന്ന് പറയുന്നത് . മനുഷ്യനുമായി വളരെ അടുത്ത ബന്ധമുള്ള ഒന്നാണത്. ഞാന്‍ അതിനെ കണ്‍സീവ് ചെയ്തിരിക്കുന്നതും അങ്ങനെയാണ്. ഒരു ഹ്യൂമണ്‍ എലമെന്റ് പോലെ തന്നെ ഇതില്‍ പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കോളാമ്പിയും. ചിത്രത്തിലെ എല്ലാ ഷോട്ടുകളിലും ഈ കോളാമ്പികളുടെ ഒരു സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ ഈ ചിത്രം സാധാരണ ഫോര്‍മാറ്റില്‍ അല്ല ഞാന്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. സാധാരണ സിനിമാ സ്‌കോപ്പ് പോലെ അല്ല അത്. ഇങ്ങനെ ഡയറക്ടോറിയല്‍ ചലഞ്ച് ഉള്ളത് തന്നെയാണ് ഇത്തരത്തിലുള്ള സിനിമകളിലേക്ക് നമ്മളെ ആകർഷിക്കുന്നതും.

രണ്ടു കാരണങ്ങളാണ് രതിനിര്‍വേദം റീമേക്ക് ചെയ്തതിന് പിന്നിൽ. ഒന്ന് ഞാനും പപ്പേട്ടനും തമ്മിലുള്ള ഒരു കടമാണ്. ഒരു പ്രത്യേക തരം അവസ്ഥ ഞങ്ങളുടെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. എന്റെ രണ്ടാമത്തെ സിനിമയായി ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത് ഗാന്ധര്‍വ്വം എന്ന ടൈറ്റിലില്‍ ഐതിഹ്യമാലയുമായി ബന്ധപ്പെട്ട് യക്ഷികളെ അടിസ്ഥാനമാക്കിയുള്ള ഒരു ഫാന്റസി ഫിലിം ആയിരുന്നു. ഗ്രാഫിക്സ് അധിഷ്ഠിതമായിട്ടുള്ള സിനിമയായിരുന്നു. അതിന്റെ തിരക്കഥയെല്ലാം എഴുതിക്കഴിഞ്ഞതാണ്. സാങ്കേതികപ്രവര്‍ത്തകരെ എല്ലാം തീരുമാനിച്ചതുമാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ വേണുവായിരുന്നു. ശരത് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത് ഈ സിനിമയ്ക്ക് വേണ്ടി ആയിരുന്നു. നവോദയായ ആയിരുന്നു നിര്‍മാണം. പി ബാലചന്ദ്രന്‍ ആയിരുന്നു തിരക്കഥ. കൈതപ്രം ആയിരുന്നു പാട്ടുകള്‍ എഴുതിയിരുന്നത്.

അതിന്റെ റെക്കോര്‍ഡിങ്ങിന് പോകാന്‍ നില്‍ക്കുമ്പോഴാണ്, ക്യാമറാമാന്‍ വേണു വന്ന് പറയുന്നത് പറയുന്നത്- ‘രാജീവ് ഒരു പ്രശ്‌നമുണ്ട്, ഒരു ഭയങ്കര കോ ഇന്‍സിഡന്‍സ്..ഇന്നലേ പത്മരാജന്‍ സര്‍ എന്നെ വിളിച്ചിട്ട് ഒരു കഥ പറഞ്ഞു, അതിന് രാജീവിന്റെ സിനിമയുമായി വളരെ അടുത്ത സാമ്യമുണ്ട്. ഒരു വ്യത്യാസമേയുള്ളൂ സാറിന്റെ സിനിമയില്‍ ഗന്ധര്‍വ്വന്‍ ആണ്, രാജീവിന്റേത് യക്ഷിയാണ്. പക്ഷേ രണ്ടിന്റെയും തീം ഒന്നാണ്. അതുകൊണ്ട് ഞാന്‍ ആ സിനിമയും ചെയ്യുന്നില്ല ഈ സിനിമയും ചെയ്യുന്നില്ല’എന്ന്.

അങ്ങനെ റെക്കോര്‍ഡിങ്ങിന് പോകാനിരുന്ന ഞങ്ങള്‍ അതിന് പോയില്ല. പിന്നീട് പപ്പേട്ടനെ ഞാന്‍ പോയി കണ്ടു. പക്ഷെ പപ്പേട്ടന്റെ ചിത്രത്തിന്റെ പ്രോഗ്രസ്സ് വളരെ മുന്നോട്ട് പോയിരുന്നു. താരനിർണ്ണയം കഴിഞ്ഞിരുന്നു. നമ്മളെ സംബന്ധിച്ച് എന്റെ സിനിമ കുറെ ഗ്രാഫിക്‌സ് ഒക്കെ ഉള്ളതുകൊണ്ട് തുടങ്ങാന്‍ ഏതാണ്ട് ഒരു ആറ് മാസം ഒക്കെ എടുക്കുമായിരുന്നു. പപ്പേട്ടന്റെ സിനിമയ്ക്കാണെങ്കില്‍ പിന്നത്തെ ആഴ്ച്ച വാര്‍ത്താസമ്മേളനം പോലും നിശ്ചയിച്ചു കഴിഞ്ഞിരുന്നു.

അന്ന് കണ്ടപ്പോള്‍ പപ്പേട്ടന്‍ എന്നോട് പറഞ്ഞു- ‘നീ ചെറുപ്പമാണ്, ഇത് തുടങ്ങിയതല്ലേ ഉള്ളൂ. ഇതെന്റെ ഒരു ഡ്രീം പ്രോജക്ട് ആണ്. ഞാന്‍ ഇതുമായി ഏറെ മുന്നോട്ട് പോയി. ഇത് ഞാന്‍ ചെയ്‌തോട്ടെ’, എന്ന് ചോദിച്ചു. എനിക്കേറെ സങ്കടമുണ്ടായിരുന്നു. പപ്പേട്ടന്‍ എന്നെ സാന്ത്വനിപ്പിക്കുകയൊക്കെ ചെയ്തു. ശരി എന്നാല്‍ പപ്പേട്ടന്റെ പടം നടക്കട്ടെ എന്നും പറഞ്ഞു ലിഫ്റ്റിനടുത്തേക്ക് നടക്കാന്‍ തുടങ്ങിയ എന്റെയൊപ്പം പപ്പേട്ടന്‍ വന്നു എന്നിട്ട് പറഞ്ഞു, ‘ഒരു കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് നിന്റെ പ്രയാസം മനസിലാക്കാന്‍ പറ്റും അതുകൊണ്ട് ഞാന്‍ നിനക്ക് ഇപ്പോള്‍ വാക്ക് തരുന്നു. ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന സിനിമ ചെയ്തിട്ട് അടുത്ത പടം ചെയ്യുന്നതിന് മുന്‍പ് നിനക്കൊരു തിരക്കഥ ഞാന്‍ എഴുതി തരും. നിനക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും പൂര്‍ണമായ ഒരു തിരക്കഥ ഞാന്‍ നിനക്ക് നല്‍കും. എന്നിട്ടേ ഞാന്‍ എന്റെ അടുത്ത സിനിമ ചെയ്യുള്ളു’. എന്ന്.. അങ്ങനെയാണ് അന്ന് ഞങ്ങള്‍ പിരിയുന്നത്..പിന്നീട് പപ്പേട്ടന്‍ ഞാന്‍ ഗന്ധര്‍വ്വന്‍ റിലീസ് ചെയ്തു. അതിന് പിറകെ പപ്പേട്ടന്റെ ആകസ്മിക മരണവും സംഭവിച്ചു

tk rajeeves talk about new movie kolambi

More in Malayalam

Trending

Recent

To Top